ലണ്ടന്‍- സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയെല്ലാം സര്‍ക്കാര്‍ മാധ്യമങ്ങളാണെന്നും അതിനാല്‍ ബി. ബി. സിയും എന്‍. പി. ആറും സര്‍ക്കാര്‍ മാധ്യമങ്ങളാണെന്നും ട്വിറ്റര്‍. ടെസ്ലയ്ക്കും സ്‌പേസ് എക്‌സിനും സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നില്ലേ, അതും സര്‍ക്കാറിന്റേതാണോയെന്ന് വിമര്‍ശകര്‍. ഉത്തരംമുട്ടിയെങ്കിലും കൊഞ്ഞനം കുത്താതെ ട്വിറ്റര്‍.
ബി. ബി. സിയും എന്‍. പി. ആറും മാത്രമല്ല പി. ബി. എസ്, വോയ്‌സ് ഓഫ് അമേരിക്ക എന്നിവയെല്ലാം സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കുന്നുണ്ടെന്നും അതുകൊണ്ട് അവയെല്ലാം സര്‍ക്കാര്‍ മാധ്യമങ്ങളാണെന്നുമാണ് ട്വിറ്ററിന്റെ പക്ഷം. എന്നാല്‍ കാനഡയുടെ സി. ബി. സിക്കും ഖത്തറിന്റെ അല്‍ ജസീറയ്ക്കും സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നുണ്ടെങ്കിലും ഇവ രണ്ടും നിലവില്‍ ട്വിറ്ററിന്റെ കണ്ണില്‍ സര്‍ക്കാര്‍ മാധ്യമമായിട്ടില്ല.
തങ്ങള്‍ക്ക് സര്‍ക്കാര്‍ മാധ്യമമെന്ന ലേബല്‍ നല്‍കിയതില്‍ ബി. ബി. സി ട്വിറ്ററിനെതിരെ രംഗത്തു വന്നിട്ടുണ്ട്. ലോകമെമ്പാടുമായി ഏകദേശം 25 ലക്ഷം ഫോളോവേഴ്‌സുള്ള തങ്ങള്‍ എക്കാലവും സ്വതന്ത്ര മാധ്യമമാണെന്നും അങ്ങനെതന്നെ ആയിരിക്കുമെന്നും ബി. ബി. സി വാര്‍ത്താ കുറിപ്പില്‍ പറയുന്നു. തങ്ങള്‍ ട്വിറ്ററുമായി സംസാരിച്ച് വരികയാണെന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
അമേരിക്കയിലെ എന്‍. പി. ആറിനെ സര്‍ക്കാര്‍ മാധ്യമമായി ട്വിറ്റര്‍ ലേബല്‍ ചെയ്തതാണ് ആ്ദ്യം വലിയ വിവാദമായത്. അതിനു പിന്നാലെയാണ് ബി. ബി. സിയേയും സര്‍ക്കാര്‍ മാധ്യമമായി ലേബല്‍ ചെയ്തത്. സര്‍ക്കാര്‍ നടത്തുന്ന മാധ്യമത്തിന്റെ എഡിറ്റോറിയല്‍ നയം സര്‍ക്കാരിന് തീരുമാനിക്കാനാകും എന്നതാണ് വിവാദത്തിന്റെ കാരണം.
നയവും ഉള്ളടക്കവും സര്‍ക്കാര്‍ തീരുമാനിക്കുന്ന മാധ്യമങ്ങളേയാണ് സര്‍ക്കാര്‍ മാധ്യമങ്ങളായി കണക്കാക്കുക എന്നാണ് ട്വിറ്ററിന്റെ നിര്‍വചനം.