കൊച്ചി- ബി.ജെ.പിയുടെ മറ്റേ മോഹം ഇവിടെ നടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബി.ജെ.പിയുടെ തനി നിറം മനസ്സിലാക്കാൻ മതനിരപേക്ഷ സമൂഹത്തിന് കഴിയും. വർഗീയതക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുന്നത് കൊണ്ടാണ് കേരളത്തിൽ ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണം നടക്കാത്തതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. അങ്കമാലിയിൽ എം.സി ജോസഫൈൻ അനുസ്മരണയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മോഡിയുടെ ക്രിസ്ത്യൻ പള്ളി സന്ദർശനം മുൻപ് ചെയ്ത കാര്യങ്ങളുടെ പ്രായശ്ചിത്തമാണെങ്കിൽ നല്ലതെന്നും മുഖ്യമന്ത്രി പരിഹസിച്ചു. കേരളത്തിൽ ക്രൈസ്തവ വേട്ട നടക്കാതെ പോയത് സർക്കാരിന്റെ ശക്തമായ നിലപാട് മൂലമാണ്. എന്നാൽ വർഗീയതയുമായി ബന്ധപ്പെട്ട പ്രശ്‌നം വരുമ്പോൾ കൃത്യമായ നിലപാട് സ്വീകരിക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. അനുഭവങ്ങളിലൂടെയാണ് ആളുകൾ കാര്യങ്ങൾ മനസ്സിലാക്കുന്നത്. ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി ക്രൈസ്തവ ദേവാലയവും കേരളത്തിലെ ബി.ജെ.പി നേതാക്കൾ അരമനകളും സന്ദർശിക്കുന്നു. നേതാക്കളുടെ സന്ദർശനം ദോഷമുള്ള കാര്യമല്ല, എന്നാൽ തനി നിറം മനസ്സിലാക്കാൻ മതനിരപേക്ഷ സമൂഹത്തിന് കഴിയും. ആർ.എസ്.എസ് ഒരിക്കലും മതനിരപേക്ഷത അംഗീകരിക്കുന്നില്ല. മത രാഷ്ട്രമാണ് അവരുടെ ലക്ഷ്യം. മതന്യൂനപക്ഷങ്ങളെ തുടരാൻ അനുവദിക്കരുതെന്നാണ് ആർ.എസ്.എസ് നയം. ഹിറ്റ്‌ലർ നടപ്പാക്കിയ നയമാണിത്. ജർമ്മനിയിൽ ന്യൂനപക്ഷ വിഭാഗമായ യഹൂദന്മാരെ വേട്ടയാടിയ ഹിറ്റ്‌ലറിന്റെ നയത്തെ ലോകത്ത് അംഗീകരിച്ചത് ആർഎസ്എസ് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്ത സംഭവങ്ങളിൽ പ്രതിക്കൂട്ടിലായത് ആർഎസ്എസുകാരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വർഗീയതയുമായി ബന്ധപ്പെട്ട പ്രശ്‌നം വരുമ്പോൾ കൃത്യമായ നിലപാട് സ്വീകരിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. ഛത്തീസ്ഗഢിൽ ക്രൈസ്തവർക്ക് കൂട്ടത്തോടെ ഓടി പോകേണ്ടി വന്നു. ഇത് കണ്ടിട്ടും കോൺഗ്രസ് സർക്കാർ അനങ്ങാ പാറ നയം സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. രാജ്യത്ത് കോൺഗ്രസിനും ബിജെപിക്കും ഒരേ നയമാണ് പിന്തുടരുന്നത്. മുൻ യുപിഎ സർക്കാരിന്റെ നയങ്ങളാണ് അന്ന് ബിജെപിയെ അധികാരത്തിലെത്തിച്ചത്. ബിജെപിയുടെ നയങ്ങൾക്ക് വ്യത്യസ്തമായി കോൺഗ്രസ് ചിന്തിക്കുന്നില്ല. കേന്ദ്രം പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുകയാണ്. ഇതിന് തുടക്കം കുറിച്ചത് കോൺഗ്രസാണെന്നും നയത്തിൽ മാറ്റം വരുത്താൻ കോൺഗ്രസ് തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.






