Sorry, you need to enable JavaScript to visit this website.

അനാഥക്കുട്ടികള്‍ക്ക് മുന്നില്‍ വാതിലടച്ചു; സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു 

ബഗ്ദാദ്- ഇറാഖ് തലസ്ഥാനത്ത് യുദ്ധത്തില്‍ അനാഥരായ കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ച ഷോപ്പിംഗ് കേന്ദ്രം വിവാദത്തിലായി. ഇറാഖ് യുദ്ധത്തില്‍ അനാഥരായ 25 കുട്ടികള്‍ക്ക് ഇവിടെ ഈദ് പാര്‍ട്ടി ഒരുക്കിയ റുഹ്്മാ ബിനാം എന്ന സന്നദ്ധ സംഘടന ഇക്കാര്യം പരസ്യമാക്കിയതോടെ സമൂഹ മാധ്യമങ്ങളില്‍ മന്‍സൂര്‍ മാളിനെതിരെ പ്രതിഷേധ പെരുമഴയായിരുന്നു. ഫേസ്ബുക്കില്‍ മാളിന്റെ റേറ്റിംഗ് അഞ്ചില്‍നിന്ന് ഒന്നായി. മന്‍സൂര്‍ മാള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഹാഷ് ടാഗ് മിനിറ്റുകള്‍ക്കകം 15,000 തവണയാണ് ഷെയര്‍ ചെയ്യപ്പെട്ടത്. 
റെസ്‌റ്റോറന്റും കളിസ്ഥലവുമുള്ളതിനാലാണ് ഏഴ് വയസ്സിനും 15 വയസ്സിനും ഇടയിലുള്ള അനാഥക്കുട്ടികള്‍ക്ക് പാര്‍ട്ടി നടത്താന്‍ ഈ മാള്‍ സന്നദ്ധ സംഘടന തെരഞ്ഞെടുത്തത്. മുന്‍കൂര്‍ പണം നല്‍കി റസ്റ്റോറന്റില്‍ ബുക്ക് ചെയ്തിരുന്നുവെങ്കിലും പ്രവേശനം നല്‍കിയല്ലെന്ന് റുഹ്്മാ വക്താവ് ഇബ്രാഹിം താഹ പറഞ്ഞു. കുട്ടികള്‍ കളിസ്ഥലവും റസ്റ്റോറന്റും ചീത്തയാക്കുമെന്ന് പറഞ്ഞാണ് മാനേജര്‍ പ്രവേശനം വിലക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
35 ദശലക്ഷം ഡോളര്‍ ചെലവില്‍ 2013 ല്‍ പണിതതാണ് ബഗ്ദാദിലെ ഏറ്റവും വലിയ വ്യാപാര കേന്ദ്രമായ മന്‍സൂര്‍ മാള്‍. 
കുട്ടികള്‍ മാളിന്റെ പ്രവേശന കവാടത്തില്‍ കാത്തുനില്‍ക്കുന്ന ദൃശ്യം പകര്‍ത്തി റുഹ്്മാ വളണ്ടിയര്‍മാര്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് പ്രതിഷേധം കത്തിപ്പടര്‍ന്നത്. 
വീഡിയോ സമൂഹ മാധ്യമങ്ങളില്‍ 5000 പേര്‍ ഷെയര്‍ ചെയ്തതോടെ നിഷേധ പ്രസ്താവനയുമായി മാള്‍ മാനേജ്‌മെന്റ് രംഗത്തു വന്നു. സ്ഥലം ഒഴിവാകുന്നതുവരെ പുറത്തു കാത്തു നില്‍ക്കാന്‍ മാത്രമാണ് സെക്യൂരിറ്റിക്കാര്‍ ആവശ്യപ്പെട്ടതെന്ന് മാനേജ്‌മെന്റ് പ്രസ്താവനയില്‍ പറഞ്ഞു. ഇതു സാധാരണ ചെയ്യാറുള്ളതാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണ് വീഡിയോ എന്നും അവര്‍ പറഞ്ഞു. 
എന്നാല്‍ പുറത്ത് 40 ഡിഗ്രി സെല്‍ഷ്യസായിരുന്നു ചൂടെന്ന് ട്വിറ്ററിലും ഫേയ്‌സ്ബുക്കിലും പ്രതിഷേധിച്ചവര്‍ ചൂണ്ടാക്കാട്ടി. 
ലോകത്ത് എല്ലാ രാജ്യത്തും രക്തസാക്ഷികളും അവരുടെ കുടുംബങ്ങളും ആദരിക്കപ്പെടുന്നുണ്ട്. ഈ മാള്‍ ബഹിഷ്‌കരണമല്ലാതെ മറ്റൊന്നും അര്‍ഹിക്കുന്നില്ല -ഇസ്മായില്‍ അല്‍ ഖസാലി ഓര്‍ഫന്‍ അസോസിയേഷന്‍ പേജില്‍ എഴുതി. അനാഥകളെ അവഹേളിച്ച മാള്‍ മാനേജ്‌മെന്റെ പരസ്യമായി ക്ഷമ ചോദിക്കുന്നതുവരെ ഈ മാളില്‍ കയറുന്നത് ലജ്ജാവഹമാണെന്നാണ് മറ്റൊരു ഉപയോക്താവായ ഹാക്കിബ് അല്‍ ശിബ്്‌ലിയുടെ കുറിപ്പ്. 

Latest News