കാബൂള്‍- അഫ്ഗാന്‍ സുരക്ഷാ സേനയുമായി പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ നീട്ടില്ലെന്നും പോരാട്ടം തുടരുമെന്നും താലിബാന്‍. ഇതോടെ സമാധാനം തുടരുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. അതിനിടെ, അഫ്ഗാനിസ്ഥാനില്‍ തുടര്‍ച്ചയായി രണ്ടാം ദിവസം നടന്ന ചാവേര്‍ ആക്രമണത്തില്‍ 18 മരണം റിപ്പോര്‍ട്ട് ചെയ്തു. പെരുന്നാള്‍ ആഘോഷിക്കാന്‍ ഒത്തുചേര്‍ന്ന ജനങ്ങള്‍ക്കിടയിലാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. ശനിയാഴ്ച ചാവേര്‍ സ്‌ഫോടനം നടന്ന നംഗര്‍ഹാര്‍ പ്രവിശ്യയില്‍ തന്നെയാണ് ഞയാറാഴ്ചയും ആക്രമണം നടന്നത്. ജലാലാബാദ് പട്ടണത്തില്‍ നംഗര്‍ഹാര്‍ പ്രവിശ്യാ ഗവര്‍ണറുടെ വസതിക്കു പുറത്തു നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം രാത്രി വൈകുംവരെ ആരും ഏറ്റെടുത്തിട്ടില്ല.
അഫ്ഗാനും സര്‍ക്കാരും പ്രഖ്യാപിച്ച വെടിനിര്‍ത്തലില്‍ പങ്കാളികളാകാത്ത ഐ.എസ്, ശനിയാഴ്ച നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
വെടിനിര്‍ത്തല്‍ നീട്ടുമെന്നും താലിബാനും ഇത് സമ്മതിക്കണമെന്നും അഫ്ഗാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനി ശനിയാഴ്ച പ്രസ്താവിച്ചിരുന്നു. ഇതിനു മറുപടിയായാണ് പോരാട്ടം തുടരുമെന്ന താലിബാന്‍ വക്താവ് സബിയുല്ലാഹ് മുജാഹിദിന്റെ പ്രസ്താവന.
വെടിനിര്‍ത്തല്‍ രാത്രിയോടെ അവസാനിക്കുകയാണ്. ഞങ്ങളുടെ നടപടികള്‍ തുടരും. വെടിനിര്‍ത്തല്‍ നീട്ടാന്‍ ഉദ്ദേശിക്കുന്നില്ല -മുജാഹിദ് എ.എഫ്.പി വാര്‍ത്താ ഏജന്‍സിക്കയച്ച വാട്‌സാപ്പ് സന്ദേശത്തില്‍ പറഞ്ഞു. അഫ്ഗാന്‍ പ്രസിഡന്റ് ഗനിയുടെ അഭ്യര്‍ഥന പരാമര്‍ശിക്കാതെയാണ് താലിബാന്‍ വക്താവിന്റെ പ്രസ്താവന.
2001 ല്‍ അമേരിക്ക നടത്തിയ അധിനിവേശത്തിനുശേഷം അഫ്ഗാനില്‍ വ്യാപകമായി ആദ്യമായി നിലവില്‍വന്ന വെടിനിര്‍ത്തല്‍ ദേശവ്യാപകമായി അത്യാഹ്ലാദത്തോടെ സ്വാഗതം ചെയ്യപ്പെട്ടിരുന്നു. ഈ ആഹ്ലാദത്തോടെയാണ് താലിബാനും സുരക്ഷാ സൈനികരും സിവിലിയന്മാരുമൊക്കെ പെരുന്നാളാഘോഷിച്ചത്. ആദ്യ രണ്ടു ദിവസം താലിബാന്‍ പോരാളികളും സൈനികരും പരസ്പരം ആശ്ലേഷിച്ചും സെല്‍ഫിയെടുത്തും ആഹ്ലാദം പങ്കിട്ടു. ഭീകരര്‍ക്ക് ആശംസ നേരാന്‍ സിവിലിയന്മാര്‍ തേടിയെത്തിയതും അഫ്ഗാനിലും സമാധാനം സാധ്യമാണെന്ന പ്രതീക്ഷയാണ് ഉയര്‍ത്തിയത്. അഫ്ഗാനില്‍ പ്രകടമായ അസാധാരണ ആഹ്ലാദത്തിനിടെ കിഴക്കന്‍ പ്രവിശ്യയായ നംഗര്‍ഹറില്‍ ശനിയാഴ്ച ഐ.എസ് ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണമായിരുന്നു അപവാദം. ഈ സ്‌ഫോടനത്തില്‍ 36 പേര്‍ കൊല്ലപ്പെടുകയും 65 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സര്‍ക്കാര്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തലില്‍ ഐ.എസിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഗുരുതരമായി പരിക്കേറ്റ ഏതാനും പേര്‍ രാത്രി മരിച്ചതോടെയാണ് മരണസംഖ്യ 36 ആയതെന്ന് നംഗര്‍ഹാര്‍ ആരോഗ്യ വകുപ്പ് ഡയരക്ടര്‍ നജീബുല്ലാഹ കമാവാല്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. അഫ്ഗാന്‍ പ്രസിഡന്റ് ഗനി പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ചൊവ്വാഴ്ചയാണ് അവസാനിക്കേണ്ടത്. ഗനിയുടെ പ്രസ്താവന ഉടന്‍ തന്നെ അന്താരാഷ്ട്ര തലത്തില്‍ വന്‍ പിന്തുണ നേടുകയും അംഗീകരിക്കാന്‍ താലിബാന്‍ നിര്‍ബന്ധിക്കപ്പെടുകയുമായിരുന്നു. പെരുന്നാളിന്റെ മൂന്ന് ദിവസം മാത്രമെന്ന് പറഞ്ഞു കൊണ്ടാണ് താലിബാന്‍ വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിച്ചത്. വെള്ളിയാഴ്ച മുതല്‍ അഫ്ഗാന്‍ സൈനികരെയോ പോലീസിനെയോ ആക്രമിക്കില്ലെന്നായിരുന്നു അവരുടെ വഗ്ദാനം. അതേസമയം, അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സൈനികരെ ആക്രമിക്കുമെന്ന് പറയുകയും ചെയ്തു. ഞായറാഴ്ച രാത്രിയോടെ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കുമെന്ന് താലിബാന്‍ വ്യക്തമാക്കിയതോടെ തിങ്കളാഴ്ച മുതല്‍ അഫ്ഗാന്‍ കൂടുതല്‍ അശാന്തമാകാനാണ് സാധ്യത.
താലിബാന്‍ വെടിനിര്‍ത്തല്‍ ആരംഭിക്കുന്നതിനു മുമ്പ് തന്നെ അത് യാഥാര്‍ഥ്യമാകുമോയെന്ന് ആശങ്ക പ്രകടിപ്പിച്ച നിരീക്ഷകര്‍ സംഭവിക്കുകയാണെങ്കില്‍ സര്‍ക്കാരിനും താലിബാനുമിടയില്‍ വിശ്വാസം വര്‍ധിക്കുമെന്നും ഭാവി ചര്‍ച്ചകള്‍ക്ക് അടിത്തറയാകുമെന്നും അഭിപ്രായപ്പെട്ടിരുന്നു. സമാധാന പ്രക്രിയക്ക് തുടക്കം കുറിക്കാനാകുമെന്നായിരുന്നു അവരുടെ പ്രതീക്ഷ.
ശനിയാഴ്ച നടന്ന ചാവേര്‍ ആക്രമണത്തിനു ശേഷം ജാഗ്രത പാലിക്കാന്‍ താലിബാന്‍ അതിന്റെ പോരാളികള്‍ക്ക് നിര്‍ദേശം നല്‍കി. വെടിനിര്‍ത്തല്‍ അവസരം ശത്രു മുതലെടുത്തുവെന്നും ഇനിയും ഇത്തരം ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്നുമാണ് താലിബാന്‍ വക്താവ് മുന്നറിയിപ്പ് നല്‍കിയത്. സുരക്ഷാ സൈനികരുമായും സിവിലിയന്മാരുമായുള്ള സംഗമങ്ങള്‍ ഒഴിവാക്കാനായിരുന്നു നിര്‍ദേശം. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ പോയി സൈനികരോടൊപ്പം ഈദ് ആഘോഷിക്കരുതെന്ന് തങ്ങളുടെ പോരാളികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്ന് ഏതാനും താലിബന്‍ കമാന്‍ഡര്‍മാര്‍ എ.എഫ്.പിയോട് പറഞ്ഞു.
പോരാട്ടം തുടരുമെന്ന താലിബന്‍ പ്രഖ്യാപനം അത്ഭുതപ്പെടുത്തിയില്ലെന്നാണ് കാബൂളിലുള്ള പാശ്ചാത്യ നയതന്ത്ര ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടത്. വെടിനിര്‍ത്തല്‍ നീട്ടിയാല്‍ അവരുടെമേല്‍ ചര്‍ച്ചക്ക് സമ്മര്‍ദമുണ്ടാകും. താലിബാന് ചര്‍ച്ചയില്‍ താല്‍പര്യമില്ലെന്നാണ് മനസ്സിലാകുന്നത്. അവര്‍ സമ്പൂര്‍ണ വിജയമാണ് ആഗ്രഹിക്കുന്നത്-ഒരു പാശ്ചാത്യ നയതന്ത്ര ഉദ്യോഗസ്ഥന്‍ പറഞ്ഞു.






