ലോക കേരള സഭയും ചില ദോഷൈകദൃക്കുകളും

ലോക കേരള സഭ എന്ന് കേൾക്കുമ്പോൾ തന്നെ ചിലർക്ക് കലിയിളകും. 
പ്രവാസികൾ എന്ന് കേട്ടാൽ തന്നെ ചിലർക്ക് പരമ പരിഹാസമാണ്. കേരള ചരിത്രത്തിലെ അവിസ്മരണീയമായ പ്രവാസി മുന്നേറ്റമാണ് ലോക കേരള സഭ എന്നത് മറച്ചുവെക്കാൻ അവർ ശ്രമിക്കുന്നു .
ലോകം ഒരു കുടക്കീഴിലായ കാലത്ത് ലോക മലയാളികൾ ഒരു കുടക്കീഴിലാവുന്നതിൽ അസ്വസ്ഥമാകേണ്ട കാര്യമെന്താണ്?
കഴിഞ്ഞ മൂന്ന് ലോക കേരള സഭകളിലും ഉയർന്നു വന്ന ആവശ്യമാണ് ലോകത്തിന്റെ വിവിധ മേഖലകളിൽ ലോക കേരള സഭ നടക്കണമെന്നത്. 
ഇതുകൊണ്ടൊക്കെ എന്താണ് കേരളത്തിന് നേട്ടം എന്ന നിർദോഷമെന്ന് തോന്നുന്ന ചോദ്യം ചോദിക്കുന്നവർ നമ്മുടെ ജനാധിപത്യത്തിന്റെ വികാസ ചരിത്രത്തെ കുറിച്ച് അജ്ഞരോ അജ്ഞത നടിക്കുന്നവരോ തന്നെയാണ്.
ലോകമെമ്പാടുമുള്ള മലയാളിയുടെ ഒരുമയും ആശയ വിനിമയവും സാധ്യമാക്കുന്ന സംവിധാനമാണ് ലോക കേരള സഭ.
പ്രവാസികളെ ആധുനിക കേരളത്തിന്റെ വികസനത്തിലും മുന്നേറ്റത്തിലും കണ്ണികളാക്കുക എന്ന പ്രധാനമായ ദൗത്യം സഭ നിർവഹിക്കുന്നു.
മലയാളി ലോകത്തെമ്പാടും സഞ്ചരിക്കുകയും  പുതിയ അറിവുകൾ നേടുകയും ചെയ്യുന്നു. അവരുടെ അനുഭവങ്ങളും അറിവും കേരളത്തിന് ഉപകരിക്കുകയാണ്. അതിനായി ഒരു പൊതുവേദി രൂപീകരിക്കപ്പെടുന്നത് കേരള ചരിത്രത്തിലാദ്യമാണ്. അതിനെയാണ് ദുഷ്ടലാക്കോടെ ചിലർ എതിർക്കുന്നത്. പ്രവാസികളുടെ ഇന്നേ വരെയുള്ള ചരിത്രത്തിൽ അവർ ഏറെ  പരിഗണിക്കപ്പെടുന്നത് പിണറായി സർക്കാരിന്റെ വരവോട് കൂടിയാണ്.
നോർക്കയും നോർക്ക റൂട്ട്‌സും  പ്രവാസികളുടെ  ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നതും ഇതേ കാലയളവിൽ തന്നെയാണ്. പ്രവാസി ക്ഷേമ നിധി തിരിച്ചെത്തിയ സാധാരണ പ്രവാസികളുടെ അത്താണിയായി മാറുന്നു.
കേരളത്തിന്റെ ലക്ഷക്കണക്കായ ക്ഷേമനിധി അംഗങ്ങളിൽ പ്രവാസി ക്ഷേമ നിധിയാണ് ഏറ്റവും കൂടുതൽ പെൻഷൻ നൽകുന്നത്. ലോക കേരള സഭയുടെ നേട്ടങ്ങളിൽ തന്നെയാണ് ഇതെല്ലാം ചേർത്തുവെക്കേണ്ടത്. വിദേശത്തേക്കുള്ള തൊഴിലാളി റിക്രൂട്ട്‌മെന്റുകളിൽ കൊള്ള നടത്തിക്കൊണ്ടിരുന്ന നിക്ഷിപ്ത  താൽപര്യക്കാർക്ക് നോർക്കയുടെ ഇടപെടൽ അസ്വസ്ഥത തീർത്തിരിക്കുന്നു. അവർക്ക് ഏറെ പിന്മടങ്ങേണ്ടി വന്നു.കുവൈത്ത്, യു.കെ, ജർമനി എന്നിവിടങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റ് വഴി നടന്നുകൊണ്ടിരുന്ന കൊള്ള അവസാനിപ്പിക്കാനായി.
മുഖ്യമന്ത്രിയുടെ യൂറോപ്പ് പര്യടനത്തെ തുടർന്ന് ആ മേഖലയിലെ നിരവധിയായ തൊഴിൽ ദാതാക്കൾ ജീവനക്കാരുടെ ആവശ്യത്തിന് നോർക്കയെ സമീപിച്ചുകൊണ്ടിരിക്കുന്നു.
ആരോഗ്യ മേഖലയിലേക്ക് ആയിരക്കണക്കിന് നഴ്‌സുമാരടക്കമുള്ള പാരാമെഡിക്കൽ ബിരുദധാരികൾ റിക്രൂട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. മുഖ്യമന്ത്രിയുടെ യൂറോപ്പ് പര്യടനത്തെ പരിഹസിച്ചവർ തന്നെയാണ് ലോക കേരള സഭയുടെ പുതിയ മേഖല സമ്മേളനത്തെയും വിമർശിക്കാനിറങ്ങുന്നത്.
മുഖ്യമന്ത്രി അമേരിക്ക കാണാനിറങ്ങിയതല്ല ലോക കേരള സഭയുടെ അമേരിക്കൻ മേഖല സമ്മേളനം എന്ന് സമ്മേളനം കഴിയുമ്പോൾ വിമർശകർക്ക് ബോധ്യപ്പെടുക തന്നെ ചെയ്യും.
കഴിഞ്ഞ ലോക കേരള സഭ സമ്മേളനം തിരുവനന്തപുരത്ത് നടന്നപ്പോൾ അവിടെ പങ്കെടുത്ത പ്രതിനിധികളുടെ ഒറ്റക്കെട്ടായ ആവശ്യമായിരുന്നു വിവിധ മേഖല സമ്മേളനങ്ങൾ. അതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് .
അമേരിക്കയിൽ നിന്നും പങ്കെടുത്ത പ്രതിനിധി അമേരിക്കയിൽ മേഖല സമ്മേളനം നടത്തിയാൽ കേരളത്തിന് അതുകൊണ്ടുണ്ടാവുന്ന നേട്ടങ്ങളെ എടുത്തു പറയുകയുണ്ടായി. 
കേരളത്തിൽ വിവിധ സ്ഥാപനങ്ങളിൽ നിന്നും അഭ്യസ്ത്യ വിദ്യരായ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ ഓരോ വർഷവും പുറത്തിറങ്ങുകയാണ്.
അവരുടെ തൊഴിൽ അന്വേഷണം അവരുടെ വ്യക്തിപരമായ കാര്യം മാത്രമായി കേരള സർക്കാർ കാണുന്നില്ല. പുതിയ കുടിയേറ്റ പ്രോത്സാഹനവും തൊഴിൽ അന്വേഷണവും സർക്കാർ മുഖ്യ അജണ്ടയായി തന്നെയാണ് കാണുന്നത്.
കേരളത്തിന്റെ  സമഗ്ര പുരോഗതിയാണ് മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ലക്ഷ്യം. ആ ലക്ഷ്യത്തിലേക്കെത്താൻ എത്ര ദൂരവും മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യണം, ചെയ്‌തേ മതിയാവൂ. ദോഷൈകദൃക്കുകൾ അപ്പോഴും ഒച്ചവെച്ചുകൊണ്ടിരിക്കും. പ്രബുദ്ധ കേരളം അത്തരക്കാരെ പുറംകാൽ കൊണ്ട് തൊഴിക്കുക തന്നെ ചെയ്യും. 

(മുൻ ലോക കേരള സഭാംഗമാണ് ലേഖകൻ) 

Latest News