ലോക കേരള സഭയുടെ തുടക്കം ആവേശത്തോടെയായിരുന്നു. 2018 ജനുവരി 12 , 13 തീയതികളിൽ നടന്ന ആദ്യ സഭ ഒരുപാട് പുതുമകളുള്ള സംരംഭമായി. നിയമസഭ ഹാളിൽ സമ്മേളനം എന്നത് തന്നെ വലിയ പ്രത്യേകതയായിരുന്നു.
തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാർക്കും എം.പിമാർക്കും പുറമെ പ്രവാസികളിൽ നിന്ന് സർക്കാർ തെരഞ്ഞെടുത്ത പ്രതിനിനിധികളും ഒത്തുചേർന്ന സഭ കേരളത്തിന്റെ ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കുമെന്നല്ലാതെ മറ്റൊന്നും അന്നാരും പറഞ്ഞില്ല. തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാർക്കും എം.പിമാർക്കും ഒപ്പം വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ പ്രവാസി പ്രതിനിധികളും അന്ന് ഒന്നിച്ചിരുന്നു. 351 പേരായിരുന്നു അന്ന് പുറേെമനിന്നെത്തിയത്. ഇന്ത്യയിൽ ആദ്യമായിരുന്നു ഇങ്ങനെയൊരു സഭ. തിരുമൂലം പ്രജാസഭയിൽ ആരംഭിച്ച നിയമസഭകളുടെ ചരിത്രത്തിന്റെ തുടർച്ച പോലെ എഴുതിച്ചേർക്കപ്പെട്ട മറ്റൊരു ചരിത്ര മുഹൂർത്തം. 1904 ലായിരുന്നു ശ്രീമൂലം പ്രജാസഭ ചേർന്നത്. അന്നത്തെ യോഗ വേദിയായത് തിരുവനന്തപുരം പാളയത്തെ വി.ജെ.ടി ഹാൾ എന്ന വിക്ടോറിയ ജൂബിലി ടൗൺ ഹാൾ. ഇന്നത് അയ്യങ്കാളി ഹാളാണ്. കേരള നിയമസഭയുടെ ആദിരൂപമായ ശ്രീമൂലം പ്രജാ സഭക്ക് ശേഷം തിരുവിതാംകൂർ നിയമ നിർമാണ സഭ, കൊച്ചി നിയമസഭ, മലബാറിലെ മലയാളികൾ അംഗമായ മദ്രാസ് നിയമസഭ എന്നിവയായിരുന്നു സഭകളുടെ ചരിത്ര വഴികളിലെ നാഴികക്കല്ലുകൾ. 130 വയസ്സായ കേരള നിയമസഭയുടെ ചരിത്രത്തിലേക്കായിരുന്നു അഞ്ച് കൊല്ലം മുമ്പ് ലോക കേരള സഭ ചേർന്ന് നിന്നത്. അധികാരാവകാശങ്ങളൊന്നുമില്ലാത്തൊരു സഭ. ഭാവിയുടെ വലിയ സാധ്യതയായി ഇത് വളർന്നു കൂടായ്കയില്ലെന്ന് അന്ന് തന്നെ മാധ്യമങ്ങൾ എഴുതിയിരുന്നു. സഭകളുടെ പരിവർത്തന ചരിത്രം ഉദ്ധരിച്ചുകൊണ്ടായിരുന്നു ഇങ്ങനെയൊരു സാധ്യതയെപ്പറ്റി അന്ന് മാധ്യമങ്ങൾ എഴുതിയത്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കൊപ്പമിരിക്കാൻ അവസരം ലഭിക്കുന്ന പ്രതിനിധികൾ വലിയ അംഗീകാരമാണ് നേടാൻ പോകുന്നതെന്ന പ്രചാരണം പ്രവാസ ലോകത്ത് ആവേശമായത് സ്വാഭാവികം. കേരള നിയമസഭ ഹാളിൽ എം.എൽ.എമാർക്കൊപ്പം ഇരിക്കാൻ സാധിക്കുന്ന പ്രതിനിധികൾക്ക് കൈവരുന്ന അംഗീകാരം പ്രവാസ ലോകത്ത് അവർക്ക് പുതിയ അംഗീകാരം നേടിക്കൊടുക്കുമെന്ന പ്രതീക്ഷക്ക് അന്ന് വലിയ തോതിൽ ചിറകു മുളച്ചു. ഇന്ത്യക്കകത്തും പുറത്തുമുള്ള മലയാളികളുടെ പ്രതിനിധികൾ, പ്രവാസം കഴിഞ്ഞ് തിരിച്ചെത്തിയവരുടെ പ്രതിനിധികൾ എന്നിവർക്ക് പുറമെ സർക്കാർ നിർദേശിച്ച അംഗങ്ങളുമായിരുന്നു എം.എൽ.എമാർക്കും എം.പിമാർക്കുമൊപ്പം അന്ന് സഭയിൽ ചേർന്നിരുന്നത്. നിയമസഭ ഹാളിൽ തന്നെയായിരുന്നു സഭയെന്നത് അംഗങ്ങൾക്ക് കൂടുതൽ ആവേശം പകർന്നു. അന്ന് സഭക്കെത്തിയ പ്രതിനിധികളിലെല്ലാം ഈ പറഞ്ഞ ആവേശം പ്രകടമായിരുന്നു.
ലോക കേരള സഭക്ക് നിയമ പരിരക്ഷ നൽകുന്നതിനുള്ള നിയമം സർക്കാരിന്റെ പരിഗണനയിലാണ് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇതിനായുള്ള നീക്കം സർക്കാർ ആരംഭിച്ചു കഴിഞ്ഞു. ബില്ലിന്റെ കരട് രൂപം അന്തിമ ഘട്ടത്തിലാണ്. സംവാദ വേദി എന്ന നിലക്ക് മാത്രം പ്രവർത്തിച്ചു വരുന്ന ലോക കേരള സഭ സ്റ്റാറ്റിയൂട്ടറി (നിയമാനുസൃത) സംവിധാനമാക്കി മാറ്റുകയാണ് സർക്കാരിന്റെ അടുത്ത ലക്ഷ്യം. നിയമസഭ സമിതികൾ, മനുഷ്യാവകാശ കമ്മീഷൻ എന്നിവക്ക് സമാനം ഉപദേശിക്കാനും ശുപാർശ ചെയ്യാനും അധികാരമുള്ള സംവിധാനമാക്കി ലോക കേരള സഭയും ഉടൻ മാറും.
ഭരിക്കുന്ന സർക്കാരിന് താൽപര്യമുള്ളവരെ ഉൾപ്പെടുത്തി രൂപീകരിക്കപ്പെടുന്ന സഭയുടെ ചെലവ് സർക്കാരിന്റെ ബാധ്യതയായിത്തീരും.
സ്റ്റാറ്റിയൂട്ടറി സംവിധാനമാകുന്നതോടെ അംഗങ്ങളെ നിശ്ചയിക്കുന്ന രീതി, കാലാവധി എന്നിയൊക്കെ എങ്ങനെയായിരിക്കും എന്ന് തീരമാനിക്കപ്പെട്ടിട്ടില്ല. ബില്ലിന്റെ കരടിൽ അത്തരം വ്യവസ്ഥകളുണ്ടാകുമെന്നാണ് കരുതുന്നത്.
'ലോക കേരള സഭക്ക് ഇന്ന് നിയമപരമായ അധികാരമില്ല. ഭാവിയിൽ അധികാരം ലഭിക്കുന്ന അവസ്ഥ വരില്ലെന്നാരു കണ്ടു.... '' എന്നായിരുന്നു അഞ്ച് കൊല്ലം മുമ്പ് ലോക കേരള സഭയെക്കുറിച്ച് ഈ കോളത്തിലെഴുതിയ വരികൾ. ഇപ്പോഴിതാ നിയമ പരമായ അംഗീകാരത്തിനായി ഉടൻ ബില്ലു വരുന്നുവെന്ന വാർത്തയെത്തിയിരിക്കുന്നു.
പ്രവാസികളെ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിൽ പ്രധാന പങ്കാളികളാക്കുകയാണ് ലോക കേരള സഭയുടെ ലക്ഷ്യമെന്നാണ് സഭയുടെ കരട് രേഖയിൽ പറഞ്ഞിരുന്നത്.
കേരളത്തിൽ ജനിച്ചു വളർന്നവർക്ക് ഇവിടെ തൊഴിൽ ചെയ്ത് വളരുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനാണ് സർക്കാർ ഇടപെടുന്നത് എന്നും അതിന് വിവിധ മേഖലകളിൽ കൂടുതൽ തൊഴിലവസരം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും കരട് രേഖ അന്ന് വ്യക്തമാക്കി. 2018 ലെ പ്രഥമ സഭയിലെ ചർച്ചക്ക് മുന്നോടിയായി വന്ന രേഖ ഓരോ രംഗത്തും പ്രവാസ വൈദഗ്ധ്യം വിനിയോഗിക്കേണ്ട വഴികൾ വിശദമായി പ്രതിപാദിച്ചിരുന്നു.
പ്രവാസത്തിന് മുമ്പും പ്രവാസ കാലത്തും പ്രവാസത്തിന് ശേഷവുമുള്ള പ്രശ്‌നങ്ങളെ ഒന്നൊന്നായി വേർതിരിച്ച് അവക്ക് ആവശ്യമായ ഇടപെടലുകൾ നടത്തുക എന്നതും ലോക കേരള സഭയുടെ മുഖ്യ അജണ്ടകളിൽ പെടുന്നു എന്നായിരുന്നു പ്രഥമ കരട് രേഖ പ്രഖ്യാപനം. കുറ്റമറ്റ റിക്രൂട്ട്‌മെന്റ്, ഇൻഷുറൻസ്, തൊഴിൽ സേവന വേതന വ്യവസ്ഥകൾ, പ്രവാസ കാലത്തെ മനുഷ്യാവകാശ പ്രശ്‌നങ്ങൾ പ്രവാസ ശേഷമുള്ള പുനരധിവാസവും ക്ഷേമവും എന്നിവയിലൊക്കെ വിവിധ സർക്കാരുകളും അനുബന്ധ ഏജൻസികളുമായി സഹകരിച്ച് ഇടപെടുന്നതിനും നടപടികൾ രൂപപ്പെടുത്തുന്നതിനും സഭ മുൻഗണന നൽകും എന്ന അടിസ്ഥാന രേഖ മാറ്റമില്ലാതെ നിലനിൽക്കുന്നുണ്ട്.
കേരള സംസ്‌കാരത്തിന്റെ ഭാഗമായ ഭക്ഷണം, വസ്ത്രം, ആഭരണങ്ങൾ, വീടുകൾ, വീട്ടുപകരണങ്ങൾ, കുടുംബ ബന്ധങ്ങൾ, ആയുർവേദ, നാട്ടുചികിത്സകൾ, കല,സാഹിത്യം, സിനിമ, നാട്ടറിവുകൾ എന്നിവക്കൊക്കെ പുതിയ ചക്രവാളങ്ങൾ തേടാനുള്ള ആലോചന ഇടമായി സഭ മാറും എന്ന വലിയ പ്രതീക്ഷയോടെയായിരുന്നു പ്രഥമ സമ്മേളനത്തിന്റെ തുടക്കം. പ്രവാസികളെ കേരളത്തിന്റെ പ്രധാന ചാലക ശക്തികളാക്കി മാറ്റുക എന്നതും കേരളത്തെ പ്രവാസികളുടെ ആന്തരിക ഊർജത്തിന്റെ പ്രചോദനമാക്കി നിലനിർത്തുക എന്നതും സഭയുടെ പ്രധാന കാഴ്ചപ്പാടുകളിൽ ഒന്നായിത്തീരുമ്പോൾ തെരഞ്ഞെടുക്കപ്പെട്ട സാമാജികരുടെയും അല്ലാതെയെത്തുന്ന പ്രതിനിധികളുടെയും സംയുക്ത സഭ പുതിയ കേരളത്തിന്റെ സൃഷ്ടിക്കായിരിക്കും തുടക്കമിടുക എന്ന് ലോക കേരള സഭ പ്രതീക്ഷ പുലർത്തുന്നു.
കേരളത്തിന്റെ നവോത്ഥാന നായക സ്ഥാനം ഗൾഫിൽ നിന്നെത്തിയ സമ്പത്തിനാണെന്ന് പറഞ്ഞയാളാണ് ലോക കേരള സഭയുടെ പ്രധാന സംഘാടകരിലൊരാളും മുൻ എം.എൽ.എയുമായ പി.ടി.കുഞ്ഞിമുഹമ്മദ്- കേരളത്തിന്റെ എല്ലാപരിഷ്‌കാരവും പ്രവാസത്തോട് ബന്ധപ്പെട്ടു കിടക്കുന്നതായി വിലയിരുത്തിയയാൾ. നോർക്ക റൂട്‌സിന്റെ നിലവിലുള്ള സാരഥി മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും ജനിച്ചു വളർന്ന പരിസരത്തിന്റെ സ്വാധീനത്താലും അല്ലാതെയും സമാന കാഴ്ചപ്പാടുള്ള വ്യക്തി. ഇവരെല്ലാം ചേർന്നെടുക്കുന്ന തീരമാനങ്ങളിൽ രൂപപ്പെടുന്ന ഔദ്യോഗിക ലോക കേരള സഭയെ പ്രവാസ ലോകം പുതിയ പ്രതീക്ഷകളോടെയാണ് കാണുന്നത്.
ഈ പറഞ്ഞ പ്രതീക്ഷകൾക്കൊത്ത് വളരാൻ ലോക കേരള സഭക്ക് കഴിയുമെന്ന് കരുതാം. അമിതമായ പാർട്ടി പക്ഷപാതിത്വം ആരോപിച്ച് പ്രതിപക്ഷ കക്ഷികൾ ലോകകേരള സഭയിൽ നിന്ന് മാറിനിൽക്കുന്ന കാലമാണിത്. ആരംഭ സഭയിൽ എല്ലാവരുമുണ്ടായിരുന്നു. ഭംഗിവാക്കു കൊണ്ട് ഇനി പ്രതിപക്ഷത്തെ സഹകരിപ്പിക്കാനാകുമെന്ന് തോന്നുന്നില്ല. ഗൾഫ് പ്രവാസ ലോകത്ത് വലിയ സ്വാധീനമുള്ള സംഘടനകളെ ഇരുട്ടിൽ നിർത്തിയുള്ള മുന്നോട്ടുപോക്ക് ലോക കേരള സഭയുടെ ലക്ഷ്യ പൂർത്തീ കരണത്തിന് ഗുണകരമാകില്ല. ലോക കേരള സഭക്ക് നിയമ പരിരക്ഷ നൽകുന്ന ഘട്ടത്തിലെങ്കിലും ഇതിനൊക്കെ മാറ്റം വരുമെന്ന് പ്രതീക്ഷിക്കാം.






