Sorry, you need to enable JavaScript to visit this website.

സൗദിയിൽ താമസസ്ഥലങ്ങൾ വാടകക്ക് നൽകുന്ന  ഇമാമുമാരെ പിരിച്ചുവിടും - മന്ത്രി

മക്ക - മസ്ജിദുകളോട് ചേർന്ന് തങ്ങൾക്ക് അനുവദിക്കുന്ന താമസസ്ഥലങ്ങൾ മറ്റുള്ളവർക്ക് വാടകക്ക് നൽകി പണമുണ്ടാക്കുന്ന ഇമാമുമാർക്കും മുഅദ്ദിനുകൾക്കുമെതിരെ മുഖംനോക്കാതെ നടപടികളെടുക്കുമെന്നും ഇത്തരക്കാരെ പിരിച്ചുവിടുമെന്നും ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു. മക്ക തൻഈമിൽ ആയിശ മസ്ജിദിൽ സന്ദർശനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. താമസസ്ഥലങ്ങൾ വാടകക്ക് നൽകി പണമുണ്ടാക്കാൻ ഇമാമുമാർക്കും മുഅദ്ദിനുകൾക്കും അവകാശമില്ല. 
താമസസ്ഥലം ആവശ്യമുള്ള ഇമാമുമാരും മുഅദ്ദിനുകളും മാത്രമേ മസ്ജിദുകളോട് ചേർന്ന താമസസ്ഥലങ്ങൾ പ്രയോജനപ്പെടുത്താൻ പാടുള്ളൂ. സൗദിയിൽ 90,000 ഓളം ജുമാമസ്ജിദുകളുണ്ട്. ഇവയോട് ചേർന്ന താമസസ്ഥലങ്ങൾ വാടകക്ക് നൽകൽ, വൈദ്യുതി, ജല മോഷണത്തിന് കൂട്ടുനിൽക്കൽ അടക്കമുള്ള നിയമ ലംഘനങ്ങൾ നടത്തുന്ന ചില ഇമാമുമാരുടെയും മുഅദ്ദിനുകളുടെയും ചെയ്തികൾ തടയാൻ ഇസ്‌ലാമികകാര്യ മന്ത്രാലയം ബഹുമുഖ നടപടികൾ സ്വീകരിക്കുന്നു. ചില ഇമാമുമാർ താമസസ്ഥലങ്ങൾ മറ്റുള്ളവർക്ക് വാടകക്ക് നൽകുകയാണ്. ഇത്തരക്കാരെ പിരിച്ചുവിടാൻ നിർബന്ധിതമാകും. 
സമീപ കാലത്ത് ഇസ്‌ലാമികകാര്യ മന്ത്രാലയം 6,000 ഇമാമുമാരെയും പ്രബോധകരെയും നിയമിച്ചിട്ടുണ്ട്. ഐച്ഛിക കർമങ്ങൾ നിർവഹിക്കുന്നതിലും പ്രധാനം നിർബന്ധ കടമകൾ നിർവഹിക്കലാണെന്ന്, റമദാനിലെ അവസാന പത്തിൽ ചില ഇമാമുമാർ തങ്ങളുടെ കർത്തവ്യങ്ങൾ ഒഴിവാക്കി വിശുദ്ധ ഹറമിൽ ഇഅ്തികാഫ് ഇരിക്കുന്നതിനെ കുറിച്ച ചോദ്യത്തിന് മറുപടിയായി ഇസ്‌ലാമികകാര്യ മന്ത്രി പറഞ്ഞു. 
തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ സാമ്പത്തിക സഹായത്തോടെ ഇസ്‌ലാമികകാര്യ മന്ത്രാലയം ലോക രാജ്യങ്ങളിൽ നടപ്പാക്കുന്ന സമൂഹ ഇഫ്താറുകളുടെ പ്രയോജനം ഈ വർഷത്തെ റമദാനിൽ ദശലക്ഷക്കണക്കിനാളുകൾക്ക് ലഭിച്ചിട്ടുണ്ട്. ഇഫ്താർ വിതരണം, മുസ്ഹഫ് വിതരണം, ഈത്തപ്പഴ വിതരണം അടക്കമുള്ള പദ്ധതികളിലൂടെ ലോകത്തെങ്ങുമുള്ള മുസ്‌ലിംകൾക്ക് സൗദി അറേബ്യയുടെ സഹായങ്ങൾ ലഭിക്കുന്നതായും ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു.
 

Latest News