Sorry, you need to enable JavaScript to visit this website.

കട്ടിപ്പാറ ദുരന്തം: നഷ്ടപരിഹാര പാക്കേജ് മന്ത്രിസഭ തീരുമാനിക്കും

ഉരുൾ പൊട്ടലുണ്ടായ കട്ടിപ്പാറ കരിൻചോല മല മന്ത്രി ഇ. ചന്ദ്രശേഖരൻ സന്ദർശിക്കുന്നു.
വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന സന്നദ്ധ പ്രവർത്തകരോടൊപ്പം 
ഉരുൾ പൊട്ടലുണ്ടായ കട്ടിപ്പാറയിൽ സേവനം ചെയ്യുന്ന ആരോഗ്യ വകുപ്പിലെ ഡോക്ടർ മാരുടെയും നഴ്‌സുമാരുടെയും സംഘം

കോഴിക്കോട്- കട്ടിപ്പാറ ദുരന്തത്തിൽ പെട്ടവർക്കുള്ള നഷ്ടപരിഹാര പാക്കേജ്  സംബന്ധിച്ച് കാബിനറ്റ് ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. 
കട്ടിപ്പാറയിൽ ദുരന്ത പ്രദേശമായ കരിഞ്ചോലമല സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ദുരന്തത്തെ കുറിച്ചുള്ള പൂർണമായ കണക്കുകൾ ലഭിച്ച ശേഷം നഷ്ടപരിഹാരം തീരുമാനിക്കും. പരിസ്ഥിതി ലോല മേഖലയിലെ അനധികൃത നിർമാണം ശ്രദ്ധയിൽ പെട്ടാൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അതിനിടെ, വയനാട് ചുരം റോഡിൽ ചിപ്പിലി തോടിന് സമീപം മണ്ണിടിഞ്ഞ് അപകടാവസ്ഥയിൽ ആയതിനാൽ ഇതു വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി കോഴിക്കോട് ജില്ലാ കലക്ടർ യു.വി ജോസ് പറഞ്ഞു. കെ.എസ്.ആർ ടി സി കോഴിക്കോട്ട്‌നിന്നു അടിവാരം വരെയും വയനാട്ടിൽനിന്നു ചിപ്പിലിത്തോട് വരെയും സർവീസ് നടത്തും.  ഇതു വഴി ലൈറ്റ് വെയ്റ്റ് വാഹനങ്ങളുടെ ഗതാഗതവും നിരോധിച്ചതായി കലക്ടർ അറിയിച്ചു.

വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന സന്നദ്ധ പ്രവർത്തകരോടൊപ്പം


പ്രകൃതി ക്ഷോഭം മൂലമുള്ള ദുരന്തങ്ങൾ തടയാനുള്ള മുൻകരുതലുകൾക്ക് സർക്കാരുകൾ പ്രാമുഖ്യം നൽകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. ഉരുൾപൊട്ടലും പ്രകൃതി ക്ഷോഭവും മൂലം ദുരന്തമുണ്ടായ കട്ടിപ്പാറ കരിഞ്ചോലമല പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. 
ദുരന്ത നിവാണത്തിനായുള്ള സർക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. പക്ഷേ ഉരുൾപൊട്ടൽ പോലെയുള്ള ദുരന്തങ്ങൾ തടയാനുള്ള മുൻകരുതലുകളൊന്നും സർക്കാർ സമീപനങ്ങളിലില്ല. പശ്ചിമഘട്ട സംരക്ഷണത്തെ അട്ടിമറിച്ചതിന്റെ അനന്തര ഫലമാണ് ഇത്തരം ദുരന്തങ്ങൾ. നടപ്പു നിയമസഭയിൽ നെൽവയൽ നീർത്തട സംരക്ഷണ നിയമം ഭേദഗതിക്കൊരുങ്ങുന്നതും ഇത്തരം ദുരന്തങ്ങളെ വിളിച്ച വരുത്തലാണ്. 
ഉരുൾപൊട്ടലിലും ദുരന്ത ബാധിതർക്ക് ഭൂമിയുടെ കാര്യത്തിൽ സർക്കാർ യാതൊരുറപ്പും നൽകിയിട്ടില്ല. നിയമ പ്രശ്‌നങ്ങളാണ് തടസ്സമെങ്കിൽ അടിയന്തരമായി ഓർഡിനൻസിറക്കി ആ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും ഭൂമിയും വീടും നഷ്ടപ്പെട്ടവർക്ക് ഭൂമിയും വീടും സർക്കാർ തന്നെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

 

Latest News