ഭര്‍തൃ വീട്ടില്‍ നിന്ന് യുവതിയെ ബന്ധുക്കള്‍ തട്ടിക്കൊണ്ടു പോയി, ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും മര്‍ദ്ദനം

പ്രതീകാത്മക ചിത്രം

ആലപ്പുഴ -  കര്‍ണ്ണാടകയില്‍ നിന്നെത്തിയ സംഘം ഹരിപ്പാട്ടെ ഭര്‍തൃവീട്ടില്‍ നിന്ന് യുവതിയെ  തട്ടിക്കൊണ്ടു പോയതായി പരാതി. യുവതിയുടെ ബന്ധുക്കളാണ് സംഭവത്തിന് പിന്നിലെന്ന പരാതിയെ തുടര്‍ന്ന് പോലീസ് സംഘം അന്വേഷണത്തിനായി കര്‍ണ്ണാടകയിലേക്ക് പോയി. കാര്‍ത്തികപ്പള്ളി മഹാദേവികാട് അഖില്‍ ഭവനത്തില്‍ അഖിലിന്റെ ഭാര്യയായ കര്‍ണ്ണാടക സ്വദേശിനിയെയാണ് ബന്ധുക്കള്‍ തട്ടിക്കൊണ്ടു പോയത്. അഖിലിനും മാതാപിതാക്കള്‍ക്കും മര്‍ദ്ദനമേല്‍ക്കുകയും ചെയ്തു. അഖിലുമായി പ്രണയത്തിലായ യുവതി കഴിഞ്ഞ മാസം 28 ന് കര്‍ണാടകയില്‍ നിന്ന് അഖിലിനോടൊപ്പം ഹരിപ്പാട് എത്തിയതായിരുന്നു. ഇരുവീട്ടുകാരുടെയും സമ്മതത്തോടെ ഇവര്‍ വിവാഹിതരായി. വിവാഹത്തില്‍ പങ്കെടുക്കാന്‍ യുവതിയുടെ വീട്ടുകാരും എത്തിയിരുന്നു. തിരിച്ച് കര്‍ണ്ണാടകയിലേക്ക് വരാന്‍ ബന്ധുക്കള്‍ പല തവണ നിര്‍ബന്ധിച്ചെങ്കിലും യുവതി അതിന് തയ്യാറായില്ല. തുടര്‍ന്നാണ് സംഘമായെത്തി തട്ടിക്കൊണ്ട് പോയത്. അഖിലിന്റെ  പരാതിയില്‍ തൃക്കുന്നപ്പുഴ പൊലീസാണ് കേസെടുത്തിട്ടുള്ളത്.

 

Latest News