കൊടും ചൂടിലും ഹറമുകളിലെ മാർബിളിനു തണുപ്പ് എന്തു കൊണ്ട്?, അത്ഭുത മാർബിളിന്റെ കഥ അറിയാം

മക്ക- പരിശുദ്ധ ഹറമിൽ പ്രത്യേകിച്ചും മതാഫിൽ കൊടും ചൂടിലും കാലെടുത്തു വെക്കുന്നവരുടെ പാദങ്ങളിലൂടെ കയറുന്ന കുളിർമയേകുന്ന തണുപ്പ് എവിടെ നിന്നു വരുന്നു. പലരുടേയും ധാരണ തറയുടെ അടിയിൽ പിടിപ്പിച്ചിരിക്കുന്ന എയർക്കണ്ടീഷനിംഗ് സിസ്റ്റം മുഖേനയുണ്ടാകുന്നതാണിതെന്നാണ്. എന്നാൽ വസ്തുതയതല്ല. മതാഫിലും ഹറമിലെ മറ്റു ചിലഭാഗങ്ങളിലും പതിച്ചിരിക്കുന്നത് ഗ്രീസിലെ താസൂസ് ദീപിൽ നിന്നും ഹറമുകളിലേക്കു പ്രത്യേകമായി കൊണ്ടു വന്ന അപൂർവ്വയിനം മാർബിളുകളാണ്. അഞ്ചു സെന്റീമീറ്റർ വരെ ഘനമുള്ള ഇവ രാത്രിയാകുന്നതോടെ ജലകണങ്ങൾ ആഗിരണം ചെയ്യുകയും ചൂടേൽക്കുന്നതോടെ പുറന്താള്ളാനാരംഭിക്കുകയും ചെയ്യും. ഹിജ്‌റ വർഷം 1975 ൽ ഹറം വികസന പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ അധികാരമേറ്റ ഖാലിദ് രാജാവായിരുന്നു ഈ മാർബിളുകൾ ഇറക്കുമതി ചെയ്തു പണി പൂർത്തിയാക്കാൻ ആവശ്യപ്പെട്ടത്. പിന്നീട് 1977 ൽ താസൂസ് മാർബിളുകളുപയോഗിച്ച് തന്നെ ഇന്നു കാണുന്ന രൂപത്തിൽ മതാഫ് പുതുക്കി പണിയാൻ ഖാലിദ് രാജാവ് ഉത്തരവിടുകയായിരുന്നു. ഹറമുകളെ സംബന്ധിച്ചു പ്രതിപാദിക്കുന്ന ചില വെബ്‌സൈറ്റുകളിലും ചാനലുകളിലും ഹറമിനടിയിൽ കൂളറുകളുപയോഗിച്ച് തണുപ്പിക്കുന്നതായി പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമാണ്.

 

Latest News