Sorry, you need to enable JavaScript to visit this website.

ഈദ് ഗാഹിൽ സ്‌നേഹസാന്നിധ്യമായി ശശി തരൂർ  

മുസ്‌ലിം പട്ടാളക്കാർക്ക് ആരാധന നിർവ്വഹിക്കാനായി രണ്ട് നൂറ്റാണ്ടുമുമ്പ്  പണിതതാണ് തിരുവനന്തപുരം പാളയം ജുമാമസ്ജിദ്. 1960കളിൽ അത് ഇന്നത്തെ രീതിയിൽ പുതുക്കി പണിതു. പതുക്കി പണിയുന്നതിൽ നേതൃപരമായ പങ്ക് വഹിച്ചവരിൽ കേരളത്തിന് ഒരൊറ്റ ചീഫ് എഞ്ചിനീയർ ഉണ്ടായിരുന്ന കാലത്ത് ആ പദവിയിലിരുന്ന ടി.പി കുട്ട്യാമു സാഹിബുമുണ്ടായിരുന്നു. അയ്യപ്പ സേവാ സംഘത്തിന്റെ പ്രസിഡന്റുമായിരുന്ന ഡി.ദാമോദരൻ പോറ്റി  ഇ.എം.എസ് മന്ത്രി സഭയിൽ പൊതുമരാമത്ത്-ടൂറിസം  മന്ത്രിയായിരുന്ന  കാലത്താണ് ഈ പുതുക്കി പണിയൽ നടന്നതെന്നത്  പാളയം പള്ളിയുടെ ജന്മത്തോട് തന്നെ  ചേർന്ന് നിൽക്കുന്ന മഹത്തായ സംഗതികളിൽ ഒന്നു മാത്രം.പുതുക്കി പണിയലുമായി ബന്ധപ്പെട്ട  കാര്യങ്ങളിൽ ലീഗ് നേതാവ് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളും , ദാമോദരൻ പോറ്റിയും തമ്മിൽ  നിലനിന്ന   ആത്മീയ ബന്ധം എന്തുമാത്രം പങ്ക് വഹിച്ചുവെന്ന് ആറ്  നിയമസഭാ സ്പീക്കർമാരുടെ  സെക്രട്ടറിയായിരുന്ന  കെ.ജെ ഹനീഫ സാഹിബ്  പിന്നീട് എഴുതിയതോർക്കുന്നു. ബാഫഖി തങ്ങൾ എന്ന  പ്രൗഢ ഇസ്‌ലാംമത വ്യക്തിത്വത്തോട് മഹാനായ പോറ്റിസാർ വെച്ചു പുലർത്തിയ സ്‌നേഹവും, ബഹുമാനവും , അതിലപ്പുറവും ചേർന്ന മമതാ ബന്ധം പള്ളി നവീകരണത്തിന് എന്തുമാത്രം സഹായകമായെന്നകാര്യം ടി.പി കുട്ട്യാമു സാഹിബാണ് ഹനീഫ സാഹിബിന് വിവരിച്ചു   നൽകിയത്. മത സൗഹാർദത്തിന്റെ  വന്ന വഴി ഒരിക്കലും മറക്കാത്ത ഇടമായി രണ്ടു നൂറ്റാണ്ടിനിപ്പുറവും  പാളയം പള്ളിതലയുയർത്തി  നിൽ ക്കുന്നു. മാറി മാറി വരുന്ന ഇമാമുമാരെല്ലാം ഈ തലയെടുപ്പിന് ചേർന്ന് നിൽക്കാൻ മാത്രം മനസ്സുവളർന്നവരായതും,  നാടിന്റെ സൗഭാഗ്യം.  അങ്ങിനെ മനസ്സുവളരാൻ മാത്രം മതം പഠിച്ചവരുമായിരുന്നു അവരെല്ലാം.  നിലവിലുള്ള ഇമാം വി.പി.സുഹൈബ്  മൗലവിയും അതേ പരമ്പരയിൽ തന്നെ. കേരളത്തിലെ ഉന്നത മതപഠന കേന്ദ്രങ്ങളിലും, സർവ്വകലാശാലയിലും മതപഠനത്തിലെ ആധികാരിക ബിരുദങ്ങൾ, അറബ് സർവ്വകലാശാലയിൽ ഇസ്‌ലാമിക കർമ്മ ശാസ്ത്രത്തിൽ സ്‌പെഷലൈസേഷൻ. ഇവയെല്ലാമുള്ള വ്യക്തി നയിക്കുന്ന ഈദ്ഗാഹിലേക്കാണ് കഴിഞ്ഞ പെരുന്നാൾ ദിനത്തിൽ ശശി തരൂർ എന്ന വിശ്വപൗരൻ ആദരപൂർവ്വം കടന്നുചെന്നത്.  സുഹൈബ് മൗലവിയുടെ ലക്ഷണമൊത്ത പെരുന്നാൾ ഖുതുബ തീരുന്നതുവരെ അത് കേട്ടിരിക്കുന്ന ശശിതരൂർ ഇപ്പോൾ  ലോകത്തിന്റെ സൈബർ ഇടങ്ങളിലെ സന്തോഷ കാഴ്ചയാണ്. തരൂർ ഈദ് ഗാഹിലെത്തിയ കാര്യം ഇമാം മഹനീയമായ ആരാധന കർമ്മമായ പെരുന്നാൾ ഖുതുബയിൽ എടുത്തു പറഞ്ഞതുതന്നെ തനിക്ക് ലഭിച്ച അസാധാരണമായ ആദരവാണെന്ന്   തിരിച്ചറിയുന്നയാളാണ് തരൂർ.   ലോകത്തിന്റെ അതിരുകളും കടന്നുള്ള തരൂരിന്റെ ബന്ധങ്ങൾ ഈദ് ഗാഹ് സാന്നിധ്യത്തെ ലോക വ്യാപകമാക്കിയിരിക്കയാണിപ്പോൾ.  
മഴ മാറി നിന്ന സുന്ദരമായ അന്തരീക്ഷത്തിലായിരുന്നു പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഈദ് ഗാഹ്. കേരളത്തിന്റെ ആദ്യത്തെ പോലീസ് മേധാവിയായിരുന്ന എൻ.ചന്ദ്രശേഖരൻ നായരുടെ പേരിലുള്ള ഈ ഗ്രൗണ്ട് പോലീസ്- യുവജന ക്ഷേമ വകുപ്പിന്റെതാണ്.  സിന്തറ്റിക്ക് ട്രാക്കുള്ള ഗ്രൗണ്ടിന്റേത്  ഇടപെടലിൽ വലിയ ശ്രദ്ധ ആവശ്യമുള്ള പ്രതലമാണ്.   ആളുകൾ നടന്നോ, അല്ലാതെയോ ഒരു തകരാറും വരുത്താൻ പാടില്ല. ഒരു തകരാറും വരുത്തില്ലെന്ന ഉറപ്പിലാണ് മൈതാനം പോലീസിൽ നിന്ന് ഓരോ തവണയും പാളയം ജമാഅത്ത് ഭാരവാഹികൾ എഴുതിവാങ്ങുന്നത്. ജനങ്ങളെ വിശ്വസിച്ച് ജമാഅത്ത് എഴുതി  നൽകുന്ന വാക്കുകൾ ആരാധനക്കെത്തുന്നവരും അക്ഷരം പ്രതി അനുസരിച്ചുവെന്നതിന് തെളിവായി ഈദ് ഗാഹു കഴിയുന്നതോടെ  പൂർണമായും പഴയ അവസ്ഥയിലാകുന്ന മൈതാനവും ട്രാക്കും സാക്ഷി.  ഉദ്യോഗസ്ഥതലത്തിലും , അല്ലാതെയും ഉന്നത പദവികളിലിരിക്കുന്നവരാണ് എത്രയോ കാലമായി പാളയം ജമാഅത്തിന്റെ തലപ്പത്തിരിക്കുന്നത്. ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരും, സർവ്വകലാശാല സാരഥികളും, പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തിരുന്നവരും, ബിസിനസ് പ്രമുഖരുമെല്ലാം കാലാകാലങ്ങളിൽ  പാളയം ജമാഅത്ത് നയിക്കാനെത്തും.  
പാളയം ഇമാമും എല്ലാ ഘട്ടത്തിലും  ഇവരുടെ തലയെടുപ്പിന് ചേരുന്നവരായിരിക്കും. പാളയം ഇമാം കേരളത്തിന്റെ പൊതു ഇടത്തിലെ ഇസ്‌ലാമിന്റെ മുഖമാണ്.  ആ ഔന്നത്യം അവർ എപ്പോഴും കാണിക്കേണ്ടതുണ്ട്.   2009ൽ കമലാ സുരയ്യയുടെ മയ്യത്ത്  പാളയം മസ്ജിദിലെത്തിച്ചപ്പോൾ ലോകം ആ ഔന്നത്യം കൺനിറയെ കണ്ടു.  അന്നത്തെ ഇമാമായിരുന്ന ജമാലുദ്ദീൻ മങ്കടയുടെ നേതൃത്വത്തിൽ  ആ ലോക വ്യക്തിത്വത്തിന്റെ മൃതദേഹം ഏത് വിധത്തിൽ, മഹനീയ രീതിയിൽ പള്ളിയുടെ തൊട്ടു മുന്നിലുള്ള ഖബറിടത്തിലെത്തിച്ചുവെന്ന് അന്ന് മാധ്യമങ്ങളിൽ ലോകം തത്സമയം കണ്ടു, കേട്ടു. മയ്യത്ത് നമസ്‌കാരം മുതൽ ജനാസ ഖബറിൽ വെക്കുന്നതുൾപ്പെടെയുള്ളഎല്ലാ ഇടങ്ങളിലും കമലാ സുരയ്യയുടെ പ്രിയ മക്കളെയും സ്‌നേഹ ജനങ്ങളെയും പാളയം ജമാഅത്തും അതിന്റെ നടത്തിപ്പുകാരും ആദരണീയമാം വണ്ണം കൂടെ നിർത്തി.
ശശി തരൂരിന്റെ മഹനീയമായ ഈദ്ഗാഹ് സാന്നിധ്യത്തെയും ഈ പരിസരത്തു നിന്നുവേണം കാണാൻ. ലോകത്തിന്റെ സൈബർ ഇടങ്ങളിൽ തരൂരിന്റെ ഈദ് ഗാഹ് സാന്നിധ്യം പാറി നടക്കുമ്പോൾ , അതിന് താഴെ വന്ന് കമന്റിടുന്നവരിൽ പലരും തരൂർ ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാകണം എന്ന ഉറച്ച അഭിപ്രായമുള്ളവരായിമാറുന്നു. ലോക മാനവിക വംശത്തിന്റെ ആറിലൊന്നുവരുന്ന ഒരു ജനതയെ നയിക്കാൻ , മതങ്ങളെ അറിയുന്ന, മനുഷ്യരെ അറിയുന്ന നേതാവ് വേണമെന്നാഗ്രഹിക്കുന്നവരിൽ ഇന്ത്യക്കാർ മാത്രമല്ല, ഇന്ത്യക്ക് പുറത്തുള്ളവരും അണി ചേരുന്നുണ്ട്.   ചെറുതെന്ന് തോന്നുന്ന സംഗതികളും മഹത്തായ സംഭവങ്ങളായി തീരുന്നത് ഇങ്ങിനെയാണ്. 
ഇന്ത്യൻ ബഹുസ്വരതയുടെയും, ജനാധിപത്യത്തിന്റെയും  മുഖ ഭംഗി ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിലൂടെ ലോകം കൺനിറയെ കണ്ടതാണ്. അത്തരമൊരു മുഖത്തിന്റെ സാമ്യം  പാളയം  ഈദ് ഗാഹിന്റെ മുൻനിരയിലിരിക്കുന്ന  ശശിതരൂരിലും കണ്ടവരുടെ സ്വപ്‌നങ്ങളെ നമുക്കാദരിക്കാം. ജനാധിപത്യം ചിലപ്പോൾ ശരാശരിയിലും താഴെ നിലവാരമുള്ള വ്യക്തിയെ സൃഷ്ടിക്കുന്നുവെന്ന് ഒരു ഘട്ടത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി എഴുതിയ കാര്യം രാമചന്ദ്രഗുഹ രേഖപ്പെടുത്തിയിട്ടുണ്ട്. അറിവിലും, ധാരണയിലും, കുറഞ്ഞവരെങ്കിലും, ഉച്ചത്തിൽ സംസാരിക്കാൻ കഴിയുന്നവർക്ക് അത് ശക്തി നൽകുകയും ചെയ്യുന്നു. ഇതു പോലെ ഭ്രാന്തമായ സംസാരങ്ങളുടെയും, സാന്നിധ്യങ്ങളുടെയും ഇന്ത്യൻ അവസ്ഥയിൽ ശശി തരൂർ എന്ന വിശ്വപൗരന്റെ ഈദ് പ്രത്യക്ഷം കൂടുതൽ മഹത്തരമായി മാറുന്നു.  
 

Latest News