കണ്ണൂർ-കണ്ണൂരിൽ ഒരു ആർ.എസ്. എസ് നേതാവും കുടുംബവും കൂടി സംഘപരിവാർ ബന്ധം ഉപേക്ഷിച്ച് സി.പി.എമ്മിലേക്ക്. സംഘപരിവാർ നിയന്ത്രണത്തിലുള്ള ക്രീഡാഭാരതിയുടെ കേരള ഘടകമായ കേരള കായിക വേദിയുടെ സംസ്ഥാന സമിതി അംഗം രാജഗോപാലും, മഹിളാ മോർച്ചാ ജില്ലാ കമ്മിറ്റിയംഗവും പേരാവൂർ മണ്ഡലം പ്രസിഡണ്ടുമായ ഭാര്യ സീമയും മറ്റും കുടുംബാംഗങ്ങളുമാണ് സി.പി.എമ്മിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചത്. കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇവർ ഇക്കാര്യം അറിയിച്ചത്.
വളരെ ചെറുപ്പം മുതൽ തന്നെ സംഘപരിവാർ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരാണ് തങ്ങളെന്നും, എന്നാൽ ഈ പ്രസ്ഥാനങ്ങൾ സമൂഹ നന്മക്കായി ഒന്നും ചെയ്യുന്നില്ലെന്നും, സമൂഹത്തെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്നുമുള്ള തിരിച്ചറിവിലാണ് സംഘപരിവാർ ബന്ധം ഉപേക്ഷിക്കുന്നതെന്ന് രാജഗോപാൽ പറഞ്ഞു. ജന നന്മക്കായി പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിലാണ് സി.പി.എമ്മുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ തീരുമാനിച്ചതെന്നും രാജഗോപാലും സീമയും പറഞ്ഞു. എസ്.എഫ്.ഐ നേതാവ് ഡോ.വി.ശിവദാസനും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു. പിന്നീട് ഇവർ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിലെത്തി നേതാക്കളെ കണ്ടു.






