തെരഞ്ഞത് സ്‌ഫോടകവസ്തുക്കൾ; ലഭിച്ചത് 440 കുപ്പി മദ്യം

കോഴിക്കോട്- എലത്തൂർ തീവണ്ടി തീവെപ്പുകേസിന് പിന്നാലെ തീവണ്ടികളിൽ ആർ.പി.എഫ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് 440 കുപ്പി മദ്യം. കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലാണ് വൻ മദ്യവേട്ട നടന്നത്. നേത്രാവതി എക്‌സ്പ്രസിൽനിന്നാണ് മദ്യം പിടികൂടിയത്. സ്‌ഫോടകവസ്തുക്കൾക്കായി നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. മദ്യക്കടത്തിനു പിന്നിലുള്ളവരെ പിടികൂടാൻ കഴിഞ്ഞില്ല. പിടികൂടിയ മദ്യം തുടർനടപടികൾക്കായി എക്‌സൈസിന് കൈമാറി.

നേത്രാവതിയിലെ ബർത്തിലും സീറ്റിനടിയിലും പെട്ടിയിലും ചാക്കിലുമായി സൂക്ഷിച്ച നിലയിലായിരുന്നു മദ്യം. ഗോവ നിർമിത 131 ഫുൾ ബോട്ടിലും 309 ക്വാർട്ടർ ബോട്ടിൽ മദ്യവുമാണ് പിടിച്ചെടുത്തത്. പരിശോധനാ സമയത്ത് തീവണ്ടിയിലുണ്ടായിരുന്ന ആർക്കും ഇതിനെക്കുറിച്ച് അറിയില്ലായിരുന്നെന്ന് ആർ.പി.എഫ്. എസ്.ഐ. എം.പി. ഷിനോജ്കുമാർ അറിയിച്ചു.
 

Latest News