പ്രവാസി യുവാവിനെ തട്ടിക്കൊണ്ട് പോയത് സൗദി കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്ത് സംഘമെന്ന് സൂചന

കോഴിക്കോട് - പ്രവാസി യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നില്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെന്ന് സൂചന. മലയാളികളുടെ നേതൃത്വത്തില്‍ സൗദി അറേബ്യ കേന്ദ്രീകരിച്ച് നടത്തിയ വന്‍ സ്വര്‍ണ്ണക്കടത്തില്‍ പങ്കാളികളായവരാണ് ഇതിന് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കാറിലെത്തിയ നാലംഗ സംഘം ദുബായില്‍ ബിസിനസ് നടത്തിയിരുന്ന താമരശ്ശേരിക്കടുത്ത പരപ്പന്‍പൊയില്‍ സ്വദേശി കുറുന്തോട്ടിക്കണ്ടിയില്‍ ഷാഫിയെ തട്ടിക്കൊണ്ടു പോയത്. ഷാഫിയുടെ ഭാര്യ സനിയ്യയെയും തട്ടിക്കൊണ്ടു പോകാനായി സംഘം കാറില്‍ കയറ്റിയെങ്കിലും ഡോര്‍ പൂര്‍ണ്ണമായും അടക്കാന്‍ കഴിയാത്തത് കാരണം റോഡില്‍ ഇറക്കി വിടുകയായിരുന്നു. സൗദി അറേബ്യ കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ ഭാഗമായിരുന്നു ഷാഫിയെന്നാണ് കസ്റ്റഡിയിലുള്ളവര്‍ പോലീസിന് നല്‍കിയ മൊഴി. സംഘം വില്‍ക്കാന്‍ ഏല്‍പ്പിച്ച സ്വര്‍ണ്ണത്തിന്റെ പണം നല്‍കുന്നത് സംബന്ധിച്ച തര്‍ക്കമാണ് ഷാഫിയുടെ തട്ടിക്കൊണ്ടു പോകലില്‍ കലാശിച്ചതെന്നാണ് സൂചന ലഭിച്ചത്. ഈ സംഘത്തിലുള്ളവരെക്കുറിച്ചുള്ള അന്വേഷണമാണ് പോലീസ് ഇപ്പോള്‍ നടത്തുന്നത്. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും ഷാഫിയെ ഇതുവരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

 

 

Latest News