ന്യൂദല്‍ഹി-കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പല സംസ്ഥാനങ്ങളും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. ഏതാനും ആഴ്ചകളായി ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്തുടനീളം വര്‍ദ്ധിച്ചുവരുന്ന കോവിഡ് കേസുകള്‍ക്കിടയില്‍, കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി യോഗം ചേര്‍ന്നിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം സംസ്ഥാനങ്ങള്‍ ആശുപത്രികളുടെ ക്രമീകരണങ്ങള്‍ പരിശോധിച്ച് ഉറപ്പ് വരുത്തി. കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പല സംസ്ഥാനങ്ങളും മാസ്‌ക് ധരിക്കുന്നത് വീണ്ടും നിര്‍ബന്ധമാക്കിയിരിക്കുകയാണ്.
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ ഹരിയാന പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. കോവിഡ് വ്യാപനത്തിനെതിരായ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയതെന്ന് ഹരിയാന ആരോഗ്യവകുപ്പ് വ്യക്തമാക്കി.
പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയതായി പുതുച്ചേരി സര്‍ക്കാര്‍ ഉത്തരവിറക്കി. പുതുച്ചേരിയില്‍ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ വെള്ളിയാഴ്ച നടത്തിയ കോവിഡ് അവലോകന യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവേ പുതുച്ചേരി മുഖ്യമന്ത്രി നടേശന്‍ കൃഷ്ണസാമി രംഗസാമി പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിദേശത്ത് നിന്ന് എത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കി. വൈറസ് ബാധ സ്ഥിരീകരിച്ച സാമ്പിളുകളില്‍ ജീനോം സീക്വന്‍സിങ് നടത്താനും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എച്ച് 3 എന്‍ 2 ഇന്‍ഫ്‌ലുവന്‍സ കേസുകള്‍ ഉയരുന്നതിനിടയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുതിയ കോവിഡ് കേസുകളിലും ദല്‍ഹിയില്‍ വര്‍ധനവുണ്ടായി. ഡല്‍ഹിയിലെ ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഡിസ്‌പെന്‍സറികള്‍ എന്നിവിടങ്ങളില്‍ കോവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.