Sorry, you need to enable JavaScript to visit this website.

അനിലിന് പകരം അജിത് വരുമോ... അനുജനെ ഉയര്‍ത്തി പകരം ചോദിക്കാന്‍ നീക്കം

തിരുവനന്തപുരം- ജ്യേഷ്ഠന് പകരം അനുജന്‍ എത്തുമോ... കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബി.ജെ.പിയില്‍ ചേര്‍ന്നതിന്റെ ക്ഷീണം തീര്‍ക്കാന്‍ അനുജന്‍ അജിത് ആന്റണിയെ സംസ്ഥാന കോണ്‍ഗ്രസില്‍ സജീവമാക്കാന്‍ കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ ആലോചന തുടങ്ങി. അനിലിന് ബി.ജെ.പിയില്‍ വലിയ ഭാവിയില്ലെന്നും അജിതിനെ രാഷ്ട്രീയത്തില്‍ സജീവമാക്കുന്നതിലൂടെ അനിലിനേയും തിരിച്ചുപിടിക്കാമെന്നുമാണ് കരുതുന്നത്.
അനിലിന്റെ മറുകണ്ടം ചാടല്‍ എ.കെ. ആന്റണിക്കും കുടുംബത്തിനും വലിയ ആഘാതമാണ് ഉണ്ടാക്കിയത്. അനിലിനെ പുറത്തുപോകാന്‍ പ്രേരണ നല്‍കിയത് കോണ്‍ഗ്രസുകാരുടെ തന്നെ സൈബര്‍ ആക്രമണം ആണെന്നാണ് അജിതും പറയുന്നത്. ഇതേ കേന്ദ്രങ്ങള്‍ ഇപ്പോള്‍ സൈബറിടത്തില്‍ ആന്റണിക്കെതിരായും ആക്രമണം അഴിച്ചുവിടുന്നുണ്ട്.
രാഷ്ട്രീയത്തില്‍ വലിയ താല്‍പര്യമില്ലാതിരുന്ന അനിലിനെ ശശി തരൂരും മുല്ലപ്പള്ളിയും ചേര്‍ന്നാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് ആനയിച്ചത്. വിദേശ വിദ്യാഭ്യാസം നേടിയ അനില്‍ പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാകുമെന്ന് കരുതിയ തരൂര്‍ പ്രൊഫഷണല്‍ കോണ്‍ഗ്രസിലൂടെയാണ് അനിലിന്റെ രംഗപ്രവേശം സാധ്യമാക്കിയത്. മുല്ലപ്പള്ളിയാകട്ടെ, ഒരു പടി കടന്ന് ഐ.ടി ചുമതല നല്‍കാന്‍ സഹായിച്ചു. കെ.പി.സി.സി ഭാരവാഹിയാക്കാനും മുല്ലപ്പള്ളി ശ്രമിച്ചെങ്കിലും സംസ്ഥാനത്തുണ്ടായേക്കാവുന്ന എതിര്‍പ്പ് മനസ്സിലാക്കി ആന്റണി തന്നെയാണത്രെ ഇതിന് തടയിട്ടത്.
എന്നാല്‍ അനിലിന്റെ അപ്രതീക്ഷിത കൂറുമാറ്റം ആന്റണി കുടുംബത്തെ തളര്‍ത്തിയിട്ടുണ്ട്. ഇതിന് പരിഹാരമായി അജിതിനെ സജീവമാക്കാനാണ് കോണ്‍ഗ്രസിലെ ആലോചന. എന്നാല്‍ ആന്റണി ഇതിന് സമ്മതം മൂളുമോ എന്ന് വ്യക്തമല്ല.

 

Latest News