പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ മുതുമലയില്‍

ഗൂഡല്ലൂര്‍-പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ നീലഗിരിയിലെ മുതുമല കടുവാസങ്കേതം സന്ദര്‍ശിക്കും. രാവിലെ 9.30നാണ് അദ്ദേഹം സങ്കേതത്തിലെ തെപ്പക്കാട് ആനപ്പന്തിയില്‍ എത്തുന്നത്. ഓസ്‌കര്‍ പുരസ്‌കാരം നേടിയ ദി എലിഫന്റ് വിസ്പറേഴ്‌സ് എന്ന ഹ്രസ്വ ചിത്രത്തിലൂടെ പ്രസിദ്ധി നേടിയ തെപ്പക്കാട് പന്തിയിലെ കുട്ടിയാന  രഘു, അതിനെ പരിചരിക്കുന്ന ബൊമ്മന്‍-ബെള്ളി ദമ്പതികള്‍ എന്നിവരെ കാണാനാണ് പ്രധാനമന്ത്രിയെത്തുന്നത്.
മോഡിയുടെ  സന്ദര്‍ശനം പ്രമാണിച്ച് തെപ്പക്കാടിലും സമീപങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നീലഗിരിയില്‍ 1,700 പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. പോലീസ് കാവലിലാണ് ആനപ്പന്തി.  പ്രധാനമന്തി വന്നുപോകുന്നതുവരെ പന്തിക്കു പുറത്തിറങ്ങാന്‍ ബൊമ്മനും ബെള്ളിക്കും പോലും അനുവാദമില്ല. ഇന്നു രാവിലെ 10.30 വരെ ഗൂഡല്ലൂര്‍-മൈസൂരു റൂട്ടില്‍ ഗതാഗതം നിരോധിച്ചിരിക്കയാണ്. വാഹനങ്ങള്‍  ഇന്നലെ വൈകുന്നേരം മുതല്‍ ഗൂഡല്ലൂര്‍-ദേവര്‍ഷോല-പാട്ടവയല്‍ വഴി തിരിച്ചുവിട്ടിരിക്കയാണ്.
മൈസൂരുവില്‍നിന്നു വ്യോമസേനയുടെ എം.ഐ 17 ഹെലികോപ്ടറില്‍ കര്‍ണാടകയിലെ ബന്ദിപ്പുരയ്ക്കു സമീപം കമ്മനഹള്ളിയില്‍ എത്തുന്ന പ്രധാനമന്ത്രി ബന്ദിപ്പുര കടുവാസങ്കേതം ആസ്ഥാനത്ത്  സേവ് ടൈഗര്‍ പ്രൊജക്ട് സുവര്‍ണ ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് അദ്ദേഹം ഹെലികോപ്ടറില്‍ മസിനഗുഡി മായാര്‍ റോഡിലെ ഹെലിപാഡില്‍ ഇറങ്ങും. ഇവിടെനിന്നു കാര്‍ മാര്‍ഗമാണ് തെപ്പക്കാടില്‍ എത്തുക. സ്വകാര്യ സ്ഥലത്താണ് ഹെലിപാഡ്  നിര്‍മിച്ചിരിക്കുന്നത്. ഹെലികോപ്ടര്‍ കഴിഞ്ഞ ദിവസം ട്രയല്‍ ഓട്ടം നടത്തി. പ്രധാനമന്ത്രി 20 മിനിറ്റ് തെപ്പക്കാടില്‍ ചെലവഴിക്കുമെന്നാണ് വിവരം.

 

 

Latest News