കൽപറ്റയിൽ രാഹുൽ ഗാന്ധിയുടെ റോഡ് ഷോ 11ന്; പതിനായിരങ്ങൾ പങ്കെടുക്കുമെന്ന് ജില്ലാ നേതൃത്വം

കൽപറ്റ- എം.പി സ്ഥാനം നഷ്ടമായതിനുശേഷം ആദ്യമായി വയനാട് പാർലമെന്റ് മണ്ഡലത്തിലെത്തുന്ന രാഹുൽ ഗാന്ധി 11ന് കൽപറ്റയിൽ നയിക്കുന്ന റോഡ് ഷോ കെങ്കേമമാക്കാൻ തിരക്കിട്ട ഒരുക്കത്തിൽ യു.ഡി.എഫ് വയനാട് ജില്ലാ ഘടകം. നേതാക്കളും പ്രവർത്തകരും അടക്കം പതിനായിരങ്ങളെ പങ്കെടുപ്പിച്ച് റോഡ് ഷോ ജില്ലയിൽ ഇതിനകം നടന്ന രാഷ്ട്രീയ പരിപാടികളിൽ ഏറ്റവും വലതും വർണാഭവുമാക്കാനാണ് യു.ഡി.എഫ് നേതൃത്വത്തിന്റെ തീരുമാനം. എസ്.കെ.എം.ജെ സ്‌കൂൾ മൈതാനിയിൽനിന്നു കൈനാട്ടിയിൽ രാഹുൽഗാന്ധിയുടെ ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിനു മുന്നിലുള്ള ഗ്രൗണ്ടിലേക്കാണ് റോഡ് ഷോ. ഉച്ചകഴിഞ്ഞ് മൂന്നിന് രാഹുൽഗാന്ധി എസ്.കെ.എം.ജെ ഹൈസ്‌കൂൾ മൈതാനിയിൽ എത്തുന്നതിനു പിന്നാലെ റോഡ് ഷോ ആരംഭിക്കും. 4.30ന് കൈനാട്ടിയിലെ ഗ്രൗണ്ടിൽ രാഹുൽഗാന്ധി പ്രസംഗിക്കും. 
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു നാമനിർദേശ പത്രിക സമർപ്പിക്കാൻ കൽപറ്റയിലെത്തിയ രാഹുൽഗാന്ധിച്ച് അത്യുജ്വല സ്വീകരണമാണ് ലഭിച്ചത്. അതിലും വലിയ സ്വീകരണം 11ന് നൽകാനാണ് യു.ഡി.എഫ് പദ്ധതി. 
എസ്.കെ.എം.ജെ ഗ്രൗണ്ടിൽ നൽകുന്ന സ്വീകരണത്തിലും റോഡ് ഷോയിലും വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽനിന്നുള്ള യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്നുള്ള പ്രതിനിധികളും പങ്കെടുക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദീഖ് എം.എൽ.എ, ജനറൽ സെക്രട്ടറി കെ.കെ. അബ്രഹാം, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.കെ. അഹമ്മദ് ഹാജി, കൺവീനർ കെ.കെ. വിശ്വനാഥൻ, നേതാക്കളായ റസാഖ് കൽപറ്റ, പി.പി. ആലി, എം.എ. ജോസഫ്, ടി.ജെ. ഐസക്, ആർ. രാജൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 
രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനം റദ്ദാക്കിയതിനെ വൈകാരികമായാണ് വയനാട് പാർലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് കുടുംബങ്ങൾ കാണുന്നത്. രാഹുൽ ഗാന്ധിയുടെ കത്ത് വീടുകളിൽ എത്തിച്ച നേതാക്കൾക്കും പ്രവർത്തകർക്കും ഇക്കാര്യം ബോധ്യപ്പെട്ടതാണെന്നും യു.ഡി.എഫ് ഭാരവാഹികൾ പറഞ്ഞു. 


രാഹുൽ ഗാന്ധിയുടെ കത്ത്: ബത്തേരി മണ്ഡലംതല വിതരണം തുടങ്ങി

സുൽത്താൻ ബത്തേരി- രാഹുൽ ഗാന്ധി പാർലമെന്റ് മണ്ഡലത്തിലെ ജനങ്ങൾക്കെഴുതിയ കത്തിന്റെ നിയോജകമണ്ഡലംതല വിതരണം മുത്തങ്ങ പൊൻകുഴി കാട്ടുനായ്ക്ക കോളനിയിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നേതാക്കളായ ടി. മുഹമ്മദ്, എൻ.എം. വിജയൻ, ഡി.പി. രാജശേഖരൻ, എം.എ. അസൈനാർ, നിസി അഹമ്മദ്, ഉമ്മർ കുണ്ടാട്ടിൽ, ടി. അവറാൻ, മണി സി. ചോയിമൂല തുടങ്ങിയവർ പങ്കെടുത്തു.

 

Latest News