Sorry, you need to enable JavaScript to visit this website.

താമരശ്ശേരി ബിഷപ് മാര്‍ ഇഞ്ചനാനിയിലിനെ കെ. സുരേന്ദ്രന്‍ സന്ദര്‍ശിച്ചു

കോഴിക്കോട് - കര്‍ഷക താല്പര്യം ബലികഴിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെങ്കില്‍ കര്‍ഷകരോട് അനുഭാവം കാണിക്കുന്ന സര്‍ക്കാരാണ്  കേന്ദ്രത്തിലുള്ളത്. ഈ വ്യത്യാസം കര്‍ഷകര്‍ക്കറിയാം. ക്രിസ്ത്യന്‍ സഭകള്‍ക്കും നല്ലതുപോലെ അറിയാമെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു.
ബി.ജെ.പിയുടെ ഈസ്റ്റര്‍ ജനസമ്പര്‍ക്കത്തിന്റെ ഭാഗമായി  ആശംസകള്‍ നേരാനായി താമരശ്ശേരി ബിഷപ് മാര്‍ റമീജിയോസ് ഇഞ്ചനാനിയിലിനെ കണ്ട ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 വിശ്വസിക്കാവുന്ന ഭരണ നേതൃത്വമാണ് കേന്ദ്രത്തിലുള്ളത്.  സംസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സര്‍ക്കാരിനനുകൂലമായ ജനവികാരം ശക്തമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.  ബി.ജെ പി കൊമ്പന്മാരെ പ്രതീക്ഷിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന പാര്‍ട്ടിയല്ല.    നിലപാടുകളാണ് പ്രശ്‌നം. ശക്തമായ നിലപാടുള്ളവര്‍ക്ക് ബി.ജെ.പിയിലേക്ക് വരാം. കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടമായിരിക്കുകയാണ്. എ.കെ.ആന്റണിയുടെ പുത്രന് പോലും കോണ്‍ഗ്രസ് എന്നു പറയുന്ന പ്രസ്ഥാനത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതിന് കെ.സുധാകരന്‍ ഞങ്ങളോട് കയര്‍ത്തിട്ടെന്താണ് കാര്യം. കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും കൈക്കൊള്ളുന്ന നിഷേധാത്മക നിലപാടിനുള്ള തിരിച്ചടിയാണ് ഇപ്പോള്‍ കാണുന്നത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ  സമ്പൂര്‍ണ തകര്‍ച്ച അനിവാര്യമായി. കേരളത്തിലും കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമാവും. അത് മറ്റാരെക്കാളും സുധാകരനറിയാം.
എലത്തൂര്‍  ട്രെയിന്‍ തീവയ്പ് കേസില്‍ എന്‍.ഐ.എ വെറുതെ ഇരിക്കുമെന്ന് തോന്നുന്നില്ല. ഒരു പ്രതി മാത്രം ഉള്‍പ്പെട്ട കുറ്റമല്ലിത്. ഇതിന്റെ പിന്നില്‍ വലിയ ശക്തികളുണ്ട്. ഈ കേസില്‍ കേരള പോലീസിന് മൃദു സമീപനമുണ്ടെങ്കില്‍  ആ വെള്ളം അങ്ങ് വാങ്ങി വച്ചാല്‍ മതി. ദേശസുരക്ഷയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിട്ടുവീഴ്ച  ചെയ്താലും കേന്ദ്ര സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവന്‍, മേഖല സെക്രട്ടറി എം.സി. ശശീന്ദ്രന്‍,ജില്ലാ സെക്രട്ടറിമാരായ പ്രശോഭ് കോട്ടൂളി, ടി.രനീഷ്, സംസ്ഥാന കമ്മറ്റി അംഗം ഗിരീഷ് തേവള്ളി,മണ്ഡലം പ്രസിഡന്റ് ഷാന്‍ കരിഞ്ചോല,മണ്ഡലം ജനറല്‍സെക്രട്ടറി വത്സന്‍ മേടോത്ത്,ഏരിയാ പ്രസിഡണ്ട് ബബീഷ് എ.കെ എന്നിവരും സുരേന്ദ്രനോടൊപ്പമുണ്ടായിരുന്നു.
ബിഷപ്പിനോടൊപ്പം രൂപതാ ചാന്‍സല!ര്‍ ഫാ.ബെന്നി മുണ്ടനാട്ടും കെ.സുരേന്ദ്രനെ സ്വീകരിക്കുവാനുണ്ടായിരുന്നു.

 

Latest News