ബംഗളുരു- കോൺഗ്രസിന്റെ പ്രചാരണത്തിനായി കർണാടകയിലെ കോലാർ ജില്ലയിലേക്കുള്ള രാഹുൽ ഗാന്ധിയുടെ സന്ദർശനം രണ്ടാം തവണയും മാറ്റിവച്ചു. സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന തിരക്കിലായതിനാലാണ് പ്രചാരണം മാറ്റിവെച്ചതെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇവിടെ ഏപ്രിൽ അഞ്ചിന് രാഹുൽ എത്തുമെന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ഇവിടെ ഈ മാസം 16ന് രാഹുൽ പങ്കെടുക്കും. രാഹുൽ ഗാന്ധിക്ക് ഗുജറാത്ത് കോടതി അയോഗ്യത ഏർപ്പെടുത്തിയ പ്രസംഗം നടന്ന സ്ഥലമാണ് കോലാർ. കർണാടക നിയമസഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പേര് കോൺഗ്രസ് പ്രഖ്യാപിച്ചു. സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ ബി.ജെ.പി ഇന്ന് ദൽഹിയിൽ യോഗം ചേരുന്നുണ്ട്. കർണാടകയിലെ ഓരോ മണ്ഡലത്തിൽ നിന്നും മൂന്ന് പേരുകൾ ബി.ജെ.പി ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് വാർത്താ ഏജൻസി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. കർണാടകയിൽ 224 നിയമസഭാ സീറ്റുകളാണുള്ളത്. വോട്ടെടുപ്പ് മെയ് 10ന്; മെയ് 13 ന് വോട്ടെണ്ണൽ.






