Sorry, you need to enable JavaScript to visit this website.

അനിൽ ആന്റണിയുടെ കാവിപ്രേമം

അനിൽ ആന്റണി കോൺഗ്രസ് പാർട്ടിയിൽ അത്ര വലിയ സ്ഥാനത്തൊന്നും അല്ലെങ്കിലും അനിൽ പാർട്ടിയിലെത്തിയപ്പോൾ  മുതിർന്ന നേതാക്കൾ പാർട്ടിയിലേക്ക് വരുന്നതിനേക്കാൾ ആഹ്ലാദമാണ് ബി.ജെ.പി കേന്ദ്ര - സംസ്ഥാന നേതൃത്വങ്ങൾക്കുള്ളത്. കോൺഗ്രസിൽ അഴിമതിയുടെ കറപുരളാതെ ഉന്നത നേതൃത്വത്തിലിരുന്ന് സംശുദ്ധ ജീവിതം നയിച്ച ക്രിസ്ത്യാനിയായ ആന്റണിയുടെ മകനെ പാർട്ടിയിലെത്തിക്കാൻ കഴിഞ്ഞത് രാഷ്ട്രീയമായി വലിയ വിജയം തന്നെയാണെന്നാണ് ബി.ജെ.പി നേതൃത്വം കണക്കുകൂട്ടുന്നത്. ചുരുങ്ങിയത് കേരളത്തിലെങ്കിലും അതിന്റെ ഗുണം ലഭിക്കുമെന്ന പ്രതീക്ഷ ബി.ജെ.പി ദേശീയ നേതൃത്വം വെച്ചു പുലർത്തുന്നുണ്ട്.

 

കേരളത്തിൽ നിന്ന് എൻജീനീയറിംഗ് ബിരുദമെടുത്ത് അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവകലാശാലയിൽ ബിരുദാനന്തര ബിരുദമെടുത്ത തികച്ചും പ്രൊഫഷണലായ അനിൽ ആന്റണിയെന്ന ചെറുപ്പക്കാരനെ  ബി.ജെ.പിക്ക് അത്ര വലിയ ആവശ്യമൊന്നുമില്ല. കാരണം, അതിനേക്കാൾ വലിയ യോഗ്യതയുള്ള പ്രൊഫഷണലുകൾ ബി.ജെ.പിയിലുണ്ട്. എന്നാൽ അറക്കപ്പറമ്പിൽ കുര്യൻ ആന്റണിയെന്ന കോൺഗ്രസിന്റെ തലമുതിർന്ന അനിഷേധ്യനായ നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ കെ.ആന്റണിയെ നരേന്ദ്ര മോഡിക്കും അമിത് ഷായ്ക്കുമെല്ലാം ഒരുപാട് ആവശ്യമുണ്ട്. അതുകൊണ്ട് തന്നെയാണ് കോൺഗ്രസ് തറവാട്ടിന്റെ കഴുക്കോൽ ഒരെണ്ണം ബി.ജെ.പി ദേശീയ നേതൃത്വം ഇളക്കിക്കൊണ്ടു പോയത്. 
അനിൽ ആന്റണി കോൺഗ്രസ് പാർട്ടിയിൽ അത്ര വലിയ സ്ഥാനത്തൊന്നും അല്ലെങ്കിലും അനിൽ പാർട്ടിയിലെത്തിയപ്പോൾ  മുതിർന്ന നേതാക്കൾ പാർട്ടിയിലേക്ക് വരുന്നതിനേക്കാൾ ആഹ്ലാദമാണ് ബി.ജെ.പി കേന്ദ്ര - സംസ്ഥാന നേതൃത്വങ്ങൾക്കുള്ളത്. കോൺഗ്രസിൽ അഴിമതിയുടെ കറപുരളാതെ ഉന്നത നേതൃത്വത്തിലിരുന്ന് സംശുദ്ധ ജീവിതം നയിച്ച ക്രിസ്ത്യാനിയായ ആന്റണിയുടെ മകനെ പാർട്ടിയിലെത്തിക്കാൻ കഴിഞ്ഞത് രാഷ്ട്രീയമായി വലിയ വിജയം തന്നെയാണെന്നാണ് ബി.ജെ.പി നേതൃത്വം കണക്കുകൂട്ടുന്നത്. ചുരുങ്ങിയത് കേരളത്തിലെങ്കിലും അതിന്റെ ഗുണം ലഭിക്കുമെന്ന പ്രതീക്ഷ ബി.ജെ.പി ദേശീയ നേതൃത്വം വെച്ചു പുലർത്തുന്നുണ്ട്. ക്രിസ്ത്യൻ സമുദായത്തിൽ നിന്നും പാർട്ടിയിലെത്തിയ അൽഫോൺസ് കണ്ണന്താനത്തിനും ടോം വടക്കനും കഴിയാത്തത് അനിൽ ആന്റണിക്ക് കഴിയുമെന്ന് ബി.ജെ.പി നേതൃത്വം പ്രതീക്ഷിക്കുന്നു. അവരുടെ പ്രതീക്ഷക്കൊത്തുയരാൻ അനിൽ ആന്റണിക്ക് കഴിയുമോയെന്നാണ് ഇനി അറിയാനുള്ളത്.
ക്രിസ്ത്യൻ സമുദായത്തെ പാർട്ടിയിലേക്ക് അടുപ്പിക്കാൻ, പ്രത്യേകിച്ച് കേരളത്തിൽ കഴിഞ്ഞ കുറച്ചുകാലമായി തീവ്രശ്രമങ്ങളാണ് ബി.ജെ.പി നേതൃത്വം നടത്തിക്കൊണ്ടിരിക്കുന്നത്. അതിന് വേണ്ടി പല ആയുധങ്ങളും ഇതിനകം പരീക്ഷിച്ചിട്ടുണ്ട്. രാഷ്ട്രീയമായി അല്ലറ ചില്ലറ നേട്ടങ്ങളൊക്കെ ഈ പരീക്ഷണങ്ങളിലൂടെ പാർട്ടിക്ക് ലഭിച്ചിട്ടുമുണ്ട്. മുസ്‌ലിം- ക്രിസ്ത്യൻ സംഘർഷം വളർത്തിയെടുത്ത് അതിൽ നിന്ന് മുതലെടുക്കുകയെന്ന തന്ത്രമാണ് ബി.ജെ.പിയും ആർ.എസ്.എസും അവരുടെ മറ്റ് പരിവാർ സംഘടനകളുമെല്ലാം പയറ്റിക്കൊണ്ടിരിക്കുന്നത്. സാമുദായികമായി ഒരു ചെറിയ വിഭാഗം ആളുകളിലെങ്കിലും ഒരു പരിധിവരെ വിദ്വേഷത്തിന്റേതായ അകൽച്ച വളർത്തിയെടുക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. ആ അകൽച്ചയുടെയും വിദ്വേഷത്തിന്റെയും ആഴം ചില ക്രിസ്ത്യൻ പുരോഹിതരുടെ വാക്കുകളിലൂടെ ഒളിഞ്ഞും തെളിഞ്ഞും പുറത്ത് വരുന്നുമുണ്ട്. ഈ അകൽച്ചയെ വോട്ടാക്കി മാറ്റുന്നതിന് വേണ്ടിയാണ് അനിൽ ആന്റണിയെപ്പോലെയുള്ള ആയുധങ്ങളെ ബി.ജെ.പിയും മറ്റ് പരിവാർ സംഘടനകളുമെല്ലാം ഉപയോഗപ്പെടുത്തുന്നത്. ഒപ്പം എ.കെ. ആന്റണിയുടെ കോൺഗ്രസ് പാരമ്പര്യത്തെയും സൽപേരിനെയും അപകീർത്തിപ്പെടുത്താനും അവർക്ക് കഴിയുന്നു.
വലിയ രാഷ്ട്രീയ പ്രവർത്തന പരിചയമൊന്നും അവകാശപ്പെടാനില്ലാത്ത ആളാണ് അനിൽ ആന്റണി. പിതാവിന്റെ നിഴലിൽ നിന്നുകൊണ്ടാണ് യൂത്ത് കോൺഗ്രസിന്റെയും പാർട്ടിയുടെ ഡിജിറ്റൽ മീഡിയ പ്രചാരണത്തിന്റെയും ചുമതലയിലേക്ക് അനിൽ എത്തിച്ചേർന്നത്. അതുകൊണ്ട് തന്നെ അനിൽ ആന്റണി ബി.ജെ.പിയിലേക്ക് പോയതുകൊണ്ട് കോൺഗ്രസ് പാർട്ടിക്ക് ഒന്നും സംഭവിക്കില്ല. എന്നാൽ എ.കെ. ആന്റണിയുടെ മകനെന്ന ലേബലിൽ അനിൽ ബി.ജെ.പിയുടെ ഉമ്മറപ്പടിയിലേക്ക് എത്തുമ്പോൾ കോൺഗ്രസിന് പൊള്ളുമെന്ന കാര്യം ഉറപ്പാണ്. കാരണം പാർട്ടി തറവാട്ടിലെ കഴുക്കോലുകളിൽ ഒന്നിനെയാണ് ബി.ജെ.പി ഊരിക്കൊണ്ടുപോയത്. അതുകൊണ്ട് തന്നെയാണ് സ്വന്തം മകൻ എതിർ പാളയത്തിലേക്ക് പോയപ്പോൾ എ.കെ. ആന്റണി വികാരാധീനനായിപ്പോയതും മറ്റ് കോൺഗ്രസ് നേതാക്കൾ അനിലിനെതിരെ രോഷം കൊണ്ടതും. എ.കെ. ആന്റണിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ നേട്ടങ്ങൾക്കൊപ്പം ഒരുപാട് തിരിച്ചടികളും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ പെസഹ വ്യാഴാഴ്ച ദിനത്തിൽ സ്വന്തം അപ്പനെ ഒറ്റുകൊടുത്തുകൊണ്ട് അനിൽ യൂദാസിന്റെ റോൾ എടുത്തപ്പോൾ രാഷ്ട്രീയത്തിൽ ഒരുപാട് കൂടുമാറ്റങ്ങൾ കണ്ട ആന്റണിക്ക് അത് താങ്ങാൻ കഴിയുന്നതിലപ്പുറമായിപ്പോയി. അതിന്റെ  വികാര പ്രകടനങ്ങളാണ് അദ്ദേഹത്തിൽ കഴിഞ്ഞ ദിവസം കണ്ടത്. 
അനിൽ ആന്റണി പാർട്ടി വിട്ടിട്ട് 24 മണിക്കൂർ തികയുന്നതിന് മുമ്പാണ് ആന്ധ്രാ പ്രദേശ് മുൻ മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി ബി.ജെ.പിയിലേക്ക് പോയത്. അടുത്ത വർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് ഒരുങ്ങേണ്ട സമയത്താണ് ഓരോരുത്തരായി ഗുഡ്‌ബൈ പറഞ്ഞ് എതിർ പാളയത്തിലേക്ക് പോകുന്നത്. ഇളം തലമുറക്കാരനായ അനിൽ ആന്റണി മാത്രമല്ല, കേരളത്തിലടക്കം കോൺഗ്രസിൽ നിന്ന് മുതിർന്ന നേതാക്കൾ തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയിലെത്തുമെന്ന് ബി.ജെ.പി നേതൃത്വം പറയുന്നുമുണ്ട്. കണ്ണ് നട്ട് കാത്തിരുന്നിട്ടും കോൺഗ്രസുകാരെ ബി.ജെ.പി കട്ടെടുത്തുകൊണ്ടേയിരിക്കുന്നു.
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ എം.പിമാരും എം.എൽ.എമാരുമൊക്കെയായി 180 ഓളം കോൺഗ്രസ് നേതാക്കളാണ് ബി.ജെ.പിയിലേക്ക് പോയത്. അത് തുടർന്നുകൊണ്ടേയിരിക്കുമ്പോഴും അടുത്ത തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യത്തിന്റെ ആവശ്യകതയെക്കുറിച്ച് മൈതാന പ്രസംഗം നടത്തുകയാണ് രാഹുൽ ഗാന്ധിയും കൂട്ടരും ചെയ്യുന്നത്. സ്വന്തം പാർട്ടിയിൽ ഐക്യമുണ്ടാക്കി ചോർച്ച തടയാൻ പറ്റാത്തവർ എങ്ങനെയാണ് പ്രതിപക്ഷത്ത് ഐക്യം ഉണ്ടാക്കുകയെന്നത് കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥയിൽ ഏറ്റവും പ്രസക്തമായ ചോദ്യമാണ്. കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് രാഹുൽ ഗാന്ധിയെ തിടുക്കത്തിൽ എം.പി സ്ഥാനത്ത് നിന്ന് പുറത്താക്കിയതടക്കം അടുത്തിടെ അനുകൂല രാഷ്ട്രീയ സാഹചര്യങ്ങൾ ഒരുപാട് ഉണ്ടായിട്ടും മറുവശത്ത് പാർട്ടിയിലെ ചോർച്ച തുടർന്നുകൊണ്ടിരിക്കുകയാണ്. ഇത് തടയാൻ ഫലപ്രദമായ മാർങ്ങളൊന്നുമില്ലാതെ ഉഴലുമ്പോൾ എന്ത് ഉറപ്പിലാണ് മറ്റു പ്രതിപക്ഷ പാർട്ടികൾ കോൺഗ്രസിൽ വിശ്വാസമർപ്പിക്കുക? ആ ചോദ്യത്തിന് മറുപടി പറയേണ്ട ബാധ്യത കോൺഗ്രസ് ദേശീയ നേതൃത്വത്തിനുണ്ട്. 
രാജ്യത്ത് മതേതരത്വം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ആരും തന്നെ കോൺഗ്രസിന്റെ ഈ രീതിയിലുള്ള തകർച്ചയിൽ ആഹ്ലാദം കാണിക്കില്ല. മതേതരത്വത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനുമെല്ലാം എതിരെ ദിവസേനയെന്നോണം നരേന്ദ്ര മോഡി സർക്കാർ പുതിയ കുഴികൾ വെട്ടിക്കൊണ്ടിരിക്കുമ്പോൾ അതിനെ ചെറുക്കുന്നതിന് പകരം താൽക്കാലിക നേട്ടത്തിനായി ബി.ജെ.പി പാളയത്തിലേക്ക് എടുത്തു ചാടുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. എന്തുകൊണ്ടാണ് ബഹുഭൂരിഭാഗം കാലുമാറ്റക്കാരും കോൺഗ്രസ് പാളയത്തിൽ നിന്ന് തന്നെയാകുന്നുവെന്നത് രാഷ്ട്രീയ പഠന വിഷയമാണ്. സമാന്തരമായി പോകുന്ന ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും നയങ്ങൾ എവിടെ വെച്ചാണ് കാലുമാറ്റക്കാർ കൂട്ടിമുട്ടിക്കുന്നതെന്ന കാര്യം കണ്ടുപിടിക്കേണ്ടത് കോൺഗ്രസ് നേതൃത്വം തന്നെയാണ്. അതല്ലെങ്കിൽ അടുത്ത വർഷത്തെ പൊതു തെരഞ്ഞെടുപ്പിന് മുമ്പു തന്നെ കാവിക്കുപ്പായത്തിലേക്ക് പോകാൻ അനിൽ ആന്റണിമാരും കിരൺ കുമാർ റെഡ്ഡിമാരും ഇനിയും ഒരുപാടുണ്ടാകും.
 

Latest News