കുഞ്ഞ് ഉറങ്ങാന്‍ വൈകിയതിന് വിരല്‍ കടിച്ചെടുത്ത വേലക്കാരിക്ക് 6 മാസം തടവ് 

സിംഗപ്പൂര്‍- ഉറങ്ങാത്തതിന്റെ പേരില്‍ പിഞ്ച് കുഞ്ഞിനെ കടിച്ച് മുറിവേല്‍പ്പിച്ച വീട്ടുജോലിക്കാരിക്ക് ആറ് മാസം തടവ് ശിക്ഷ വിധിച്ച് കോടതി. ഇന്‍ഡോനേഷ്യന്‍ സ്വദേശിയായ മസിത ഖൊരിദാതുറോച്ച്മ (33) യാണ് ശിക്ഷിക്കപ്പെട്ടത്. 2021ലാണ് മസിത ഇരട്ടകുഞ്ഞുങ്ങളെ നോക്കുന്ന ജോലിക്കെത്തിയത്. പെണ്‍കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിന് പുറമേ വീട്ടുജോലികളും ഇവര്‍ ചെയ്തിരുന്നു. 2022 മേയ് 26നാണ് ഇവര്‍ കുഞ്ഞിനെ ഉപദ്രവിച്ചത്. 14 മാസം പ്രായമുള്ള കുഞ്ഞുങ്ങളെ മസിതയെ ഏല്‍പ്പിച്ച ശേഷം മാതാവ് മൂത്ത മകളെ സ്‌കൂളില്‍ നിന്ന് വിളിച്ചുകൊണ്ട് വരാന്‍ പോയ സമയത്താണ് സംഭവമുണ്ടായത്. അത്താഴം പാകം ചെയ്യേണ്ടതിനാല്‍ ഇവര്‍ കുഞ്ഞുങ്ങളെ ഉറക്കാന്‍ ശ്രമിച്ചു. അര മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു കുട്ടി ഉറങ്ങാതിരുന്നതോടെ ദേഷ്യം തോന്നിയ ഇവര്‍ കുഞ്ഞിന്റെ ഇടതുകൈത്തണ്ടയില്‍ കടിച്ചു.രാത്രി കുഞ്ഞിനെ ഉറക്കാന്‍ നോക്കുന്നതിനിടെയാണ് കൈയില്‍ കടിച്ചതിന്റെ പാട് മാതാവ് കണ്ടത്. മസിതയോട് ഇക്കാര്യം ചോദിച്ചെങ്കിലും ആദ്യം ഇവര്‍ നിഷേധിച്ചു. പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. മസിത ക്ഷമാപണം നടത്തിയെങ്കിലും കുഞ്ഞിന്റെ മാതാവ് പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് വിചാരണയ്ക്ക് ശേഷം ഇവര്‍ക്ക് ആറ് മാസം തടവ് ശിക്ഷ വിധിക്കുകയായിരുന്നു.


 

Latest News