Sorry, you need to enable JavaScript to visit this website.

തനിക്ക് പിന്നില്‍ ആരുമില്ലെന്ന മൊഴി ഷാറൂഖ് സെയ്ഫി ആവര്‍ത്തിക്കുന്നു, ഉത്തരം കിട്ടാതെ അന്വേഷണ സംഘം

കോഴിക്കോട് - താന്‍ ഒറ്റയ്ക്കാണ് ട്രെയിനില്‍ തീവെച്ചതെന്ന മൊഴി കേസിലെ പ്രതി ഷാറൂഖ് സെയ്ഫി ആവര്‍ത്തിക്കുന്നത് അന്വേഷണ സംഘത്തെ കുഴക്കുന്നു. 'എനിക്ക് അങ്ങനെ ചെയ്യാന്‍ തോന്നി ഞാന്‍ ചെയ്തു '  എലത്തൂരില്‍ ട്രെയിനില്‍ തീയിട്ട സംഭവത്തെക്കുറിച്ച് ഇത് മാത്രമാണ് അന്വേഷണ സംഘത്തിന് മുന്നില്‍ പ്രതി തുടര്‍ച്ചയായി പറയുന്നത്. എന്നാല്‍ ഈ മൊഴി വിശ്വസിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. അതേസമയം കേസുമായി മറ്റാരെയങ്കിലും ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടുമില്ല.
ഷാറൂഖ് സെയ്ഫിയ്ക്ക് ആരെല്ലാമായി ബന്ധമുണ്ടെന്നതിനെക്കുറിച്ച് ദല്‍ഹി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. അവിടെ നിന്ന് കിട്ടുന്ന വിവരങ്ങളെ ആസ്പദമാക്കിയാണ് കോഴിക്കോട് മാലൂര്‍കുന്ന് എ.ആര്‍.ക്യാമ്പില്‍ വെച്ച് ഷാറൂഖ് സെയ്ഫിയെ ചോദ്യം ചെയ്യുന്നത്. എന്നാല്‍ ദല്‍ഹിയില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള ദുരൂഹമായ കാര്യങ്ങളൊന്നും തന്നെ ഇയാളെക്കുറിച്ച് ഇതുവരെ ലഭിച്ചിട്ടില്ല.
മറ്റാരുടെയോ നിര്‍ദ്ദേശ പ്രകാരമാണ് ഷാറൂഖ് സെയ്ഫി ട്രെയിനില്‍ തീയിട്ടതെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പോലീസ്. ദല്‍ഹി മുതല്‍ സംഭവം നടക്കുന്ന എലത്തൂര്‍ വരെ ഷാറൂഖ് സെയ്ഫിയെ മറ്റാരോ പിന്തുടര്‍ന്നിരുന്നുവെന്നും ഇയാളുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് ഷാറൂഖ് സെയ്ഫി പ്രവര്‍ത്തിച്ചതെന്നുമാണ് പോലീസ് കരുതുന്നത്. കേരളത്തില്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത പ്രതിയെ രക്ഷപ്പെടുത്തി  മുംബൈയിലേക്ക്  കൊണ്ടു പോകാന്‍ ശ്രമിച്ചതും ഈ അജ്ഞാതന്‍ തന്നെയാണെന്നും പോലീസ് കണക്കു കൂട്ടുന്നുണ്ട്. എന്നാല്‍ അതിലേക്കുള്ള അന്വേഷണം പുരോഗതിയിലേക്ക് നീങ്ങുന്നില്ല. ചോദ്യം ചെയ്യലിനിടെ എത്ര ശ്രമിച്ചിട്ടും ഷാറൂഖ് സെയ്ഫി സംഭവത്തിന് പിന്നില്‍ താന്‍ മാത്രമാണെന്ന മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണ്. തീവെപ്പിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടാകാനുള്ള സാധ്യത നേരത്തെ ഉറപ്പിച്ചിരുന്ന അന്വേഷണ സംഘം ഇപ്പോള്‍ പറയുന്നത് അതുമായി ബന്ധപ്പെട്ട തെളിവുകള്‍ ഇത് വരെ ലഭിച്ചിട്ടില്ലെന്നാണ്.
ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി 11 ദിവസത്തേക്കാണ് ഷാറൂഖ് സെയ്ഫിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. കസ്റ്റഡി കാലാവധി കഴിയുന്നതിന് മുന്‍പ് തന്നെ സംഭവത്തിന് പിന്നിലെ മുഴുവന്‍ ദുരൂഹതകളുടെയും ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ദേശീയ അന്വേഷണ ഏജന്‍സിയും തീവ്രവാദ വിരുദ്ധ സ്‌ക്വാഡുമെല്ലാം ഷാറുഖ് സെയ്ഫിയെ ചോദ്യം ചെയ്യുന്നുണ്ട്.

 

Latest News