കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയ പ്രവാസി യുവാവിനെ കണ്ടെത്താനായില്ല, അന്വേഷണം ഊര്‍ജ്ജിതം

കോഴിക്കോട് -  കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയ പ്രവാസി യുവാവിനെ സംഭവം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും കണ്ടെത്താനായില്ല. ഇന്നലെ രാത്രിയാണ് കാറിലെത്തിയ നാലംഗ സംഘം ദുബായില്‍ ബിസിനസുകാരനായിരുന്ന താമരശ്ശേരിക്കടുത്ത പരപ്പന്‍പൊയില്‍ സ്വദേശി കുറുന്തോട്ടിക്കണ്ടിയില്‍ ഷാഫിയെ തട്ടിക്കൊണ്ടു പോയത്. ഷാഫിയുടെ ഭാര്യ സനിയ്യയെയും സംഘം കാറില്‍ കയറ്റിയെങ്കിലും ഡോര്‍ പൂര്‍ണ്ണമായും അടക്കാന്‍ കഴിയാത്തത് കാരണം റോഡില്‍ ഇറക്കി വിടുകയായിരുന്നു. പണമിടപാട് സംബന്ധിച്ച തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നുമാണ് താമരശ്ശേരി പോലീസ് പറയുന്നത്. ഇന്നലെ രാത്രി പത്തു മണിയോടെ ഷാഫിയുടെ വീട്ടിലെത്തിയ മുഖം മൂടി ധരിച്ച ആയുധധാരികളായ സംഘം ഷാഫിയെ വീട്ടില്‍ നിന്ന് തോക്കു ചൂണ്ടി ബലമായി വാഹനത്തില്‍ കയറ്റി കൊണ്ടുപോകാന്‍ ശ്രമിച്ചതിനിടെ സനിയ്യ തടയുകയായിരുന്നു. ഇതോടെ ഇവരെയും  കാറിലേക്ക് വലിച്ചിടുകയായിരുന്നു. ഡോര്‍ അടയ്ക്കാന്‍ പറ്റാത്തതുകൊണ്ട് മാത്രമാണ് തന്നെ ഇറക്കി വിട്ടതെന്ന് സനിയ്യ പറയുന്നു. പരിക്കേറ്റ ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ദുബായില്‍ വെച്ചുള്ള സാമ്പത്തിക ഇടപാടിന്റെ പേരിലുള്ള തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്ന സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പാണ് ഷാഫി നാട്ടിലെത്തിയത്. കൊടുവള്ളി സ്വദേശിയായ ഒരാള്‍ പണം ആവശ്യപ്പെട്ട് ഇടയ്ക്കിടെ ഷാഫിയുടെ വീട്ടില്‍ വന്ന് ബഹളം വെക്കാറുണ്ടായിരുന്നതായി വീട്ടുകാര്‍ പോലിസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്.

 

Latest News