മാനന്തവാടി- പോലീസിലെ യുവാക്കൾക്ക് മാതൃകയാകാൻ അമ്പത്തിയാറാം വയസ്സിൽ സൈക്കിൾ പര്യടനവുമായി തമിഴ്‌നാട് എ.ഡി.ജിപി. ചെന്നൈ റെയിൽവേ പോലീസ് എ.ഡി.ജി.പി ശൈലേന്ദ്ര ബാബുവാണ് സൈക്കിൾ യാത്ര നടത്തുന്നത്. കണ്ണൂരിൽ ഇന്നലെ രാവിലെ 10നു ആരംഭിച്ച യാത്ര ബോയ്‌സ് ടൗൺ, തലപ്പുഴ, കുഴിനിലം, മാനന്തവാടി, പനമരം വഴി വൈകുന്നേരം ബത്തേരിയിൽ എത്തി. ഇന്നു രാവിലെ ഊട്ടിക്കു പുറപ്പെടും. അവിടെയാണ് യാത്ര സമാപനം. ശൈലേന്ദ്ര ബാബുവിനൊപ്പം കംപ്യൂട്ടർ എൻജിനീയർ വിനോദ്, ബംഗളൂരുവിൽ വിദ്യാർഥികളായ വീരജ്, കാർത്തിക്ക് എന്നിവരുമുണ്ട്. ശൈലേന്ദ്ര ബാബു 2017ൽ പ്രധാനമന്ത്രിയുടെ സ്വച്ഛ്ഭാരത് പദ്ധതിയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് കന്യാകുമാരിയിൽനിന്നു കശ്മീർ വരെ 4500 കിലോമീറ്റർ സൈക്കിൾ യാത്ര നടത്തിയിരുന്നു.
കനത്ത സുരക്ഷയാണ് എ.ഡി.ജി.പിയുടെ സൈക്കിൾ യാത്രയ്ക്ക് കേരള പോലീസ് ഒരുക്കിയത്. കണ്ണൂരിൽനിന്നു എ.ആർ ക്യാമ്പ് എസ്.ഐ ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് യാത്രയിൽ എ.ഡി.ജി.പിയെ അനുഗമിച്ചത്. ഗൺമാനും ഒപ്പമുണ്ട്. നേരത്തേ മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ച തലപ്പുഴ സ്റ്റേഷൻ പരിധിയിൽ സൈക്കിൾ യാത്ര എത്തിയപ്പോൾ എസ്.ഐ വി.കെ. പ്രകാശന്റെ നേതൃത്വത്തിൽ ആന്റി നക്‌സൽ സ്‌ക്വാഡ് അംഗങ്ങളും സുരക്ഷാ സംഘത്തിന്റെ ഭാഗമായി. ബത്തേരി വരെ ഈ സുരക്ഷ തുടർന്നു.
31 വർഷമായി സർവീസിലുള്ള ശൈലേന്ദ്ര ബാബു കാഞ്ചിപുരം, ചെങ്കൽപേട്ട് എന്നിവിടങ്ങളിൽ എസ്.പി യായും കോയമ്പത്തൂർ കമ്മീഷണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പുതുതലമുറ ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും സൈക്കിൾ യാത്ര, നീന്തൽ, ദീർഘദൂര ഓട്ടം എന്നിവയിലൊന്ന് ജീവിതത്തിന്റെ ഭാഗമാക്കണമെന്നും എ.ഡി.ജി.പി പറഞ്ഞു.