- മുഖ്യമന്ത്രിമാർക്ക് സന്ദർശനാനുമതി നിഷേധിച്ചു
- ഫെഡറൽ സംവിധാനത്തെ തകർക്കുന്നുവെന്ന് പിണറായി
- ഇന്ന് രാഷ്ട്രപതിയെ കണ്ടേക്കും
ന്യൂദൽഹി- ദൽഹിയിൽ ഗവർണറുടെ വസതിയിൽ ആറു ദിവസമായി സമരം നടത്തിവരുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും സഹമന്ത്രിമാരെയും കാണാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം നാലു മുഖ്യമന്ത്രിമാർക്ക് സന്ദർശനാനുമതി നിഷേധിച്ചു. ഇന്നലെ രാത്രിയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവർ അരവിന്ദ് കെജ്‌രിവാളിനെ സന്ദർശിക്കാനെത്തിയത്. എന്നാൽ ഗവർണർ സ്ഥലത്തില്ലെന്ന് പറഞ്ഞ് സന്ദർശനാനുമതി നിഷേധിക്കുകയായിരുന്നു.
ദൽഹി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിന്റെ വസതിയിലെ സ്വീകരണ മുറിയിലാണ് കെജ്‌രിവാളിനൊപ്പം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിൻ, വികസനകാര്യ മന്ത്രി ഗോപാൽ റായി എന്നിവർ കുത്തിയിരിപ്പു സമരം നടത്തുന്നത്.
സർക്കാരിന്റെ പ്രവർത്തനങ്ങൾ അപ്രഖ്യാപിത സമരത്തിലൂടെ ഉദ്യോഗസ്ഥർ തടയുകയാണെന്നാരോപിച്ചാണ് സമരം. ചരിത്രത്തിലാദ്യമായാണ് ലെഫ്റ്റനന്റ് ഗവർണർക്കെതിരെ ഇത്തരമൊരു സമരം നടക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കിനിൽക്കേ പ്രതിപക്ഷ ഐക്യം ശക്തമാകുന്ന സാഹചര്യത്തിലുള്ള ഈ രാഷ്ട്രീയ നീക്കത്തിന് ഏറെ പ്രാധാന്യമുണ്ട്. കെജ്‌രിവാളിന്റെ നേതൃത്വത്തിൽ നടത്തുന്ന സമരത്തിൽ ഇടപെടുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നെങ്കിലും ഇന്നലെയും നടപടിയൊന്നുമുണ്ടായില്ല. ഈ സാഹചര്യത്തിൽ കെജ്‌രിവാളിന് പിന്തുണ പ്രഖ്യാപിച്ച് അദ്ദേഹത്തെ സന്ദർശിക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ശ്രമിച്ചെങ്കിലും ലെഫ്റ്റനന്റ് ഗവർണറുടെ ഓഫീസിൽ പ്രവേശിക്കാൻ അനുമതി ലഭിച്ചില്ല. മുഖ്യമന്ത്രിമാരുടെ സംഘം ഇന്ന് രാഷ്ട്രപതിയെ കണ്ടേക്കും.
കേന്ദ്ര സർക്കാരിന്റെ സമീപനം രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തകർക്കുന്നതാണെന്നും രാജ്യത്തെ ജനാധിപത്യ വിശ്വാസികളെല്ലാം ദൽഹി മുഖ്യമന്ത്രിയുടെ സമരത്തെ പിന്തുണക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.
അതിനിടെ, ദൽഹിക്കു പൂർണ സംസ്ഥാന പദവി വേണമെന്ന വിഷയത്തിൽ സംസ്ഥാനത്തെ ഓരോ വീടുകൾ തോറും കയറിയിറങ്ങി പ്രചാരണം നടത്തുമെന്ന് കെജ്‌രിവാൾ പ്രഖ്യാപിച്ചു. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സമരത്തിലൂടെ തത്വത്തിൽ ദൽഹിയിൽ രാഷ്ട്രപതി ഭരണമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സമരത്തിനെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടാണ് ലെഫ്റ്റനന്റ് ഗവർണറുടെ വസതിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സമരം നടത്തുന്നത്. ഇന്നു ചേരുന്ന നീതി ആയോഗ് യോഗത്തിൽ പങ്കെടുക്കുന്നതിനായി ഐ.എ.എസ് ഓഫീസർമാരുടെ സമരം അവസാനിപ്പിക്കുന്നതിന് നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് കെജ്‌രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു കത്തെഴുതിയിരുന്നു. ദൽഹിയിലെ അന്തരീക്ഷ മലിനീകരണത്തെക്കുറിച്ചു ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത യോഗത്തിൽ നിന്നും ഐ.എ.എസ് ഉദ്യോഗസ്ഥർ വിട്ടു നിന്നുവെന്നും കെജ്‌രിവാൾ ആരോപിച്ചു. സമരത്തിലല്ലെന്ന ഉദ്യോഗസ്ഥരുടെ വാദം തെറ്റാണെന്നും യോഗങ്ങളിൽ നിന്നു വിട്ടു നിൽക്കുന്നതുകൊണ്ടു തന്നെ ഇവർ സമരത്തിലാണെന്നു വ്യക്തമാണെന്നും കെജ്‌രിവാൾ പറഞ്ഞു.
ഉദ്യോഗസ്ഥർ ഓഫീസുകളിൽനിന്നു വിട്ടുനിന്നാൽ ഒരു ദിവസം പോലും പ്രധാനമന്ത്രിക്ക് ജോലി ചെയ്യാനാകുമോ എന്നും കെജ്‌രിവാൾ വെല്ലുവിളിച്ചു. തങ്ങളെ വിമർശിക്കുന്നവർ ഉദ്യോഗസ്ഥർ ഇല്ലാതെ മന്ത്രിമാർ എങ്ങനെ കാര്യങ്ങൾ മുന്നോട്ടു നീക്കും എന്നു വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ, ബലം പ്രയോഗിച്ചു തങ്ങളെ ഗവർണറുടെ വസതിയിൽനിന്ന് ഇറക്കി വിട്ടാൽ വെള്ളം കുടിക്കുന്നത് പോലും അവസാനിപ്പിച്ച് കടുത്ത സമര മുറകളിലേക്കു കടക്കുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മുന്നറിയിപ്പും നൽകി. സമരം തുടങ്ങി ഇത്രയും ദിവസമായിട്ടും ഗവർണർ ഒരു നടപടിയും എടുക്കാത്തത് അത്ഭുതപ്പെടുത്തുന്നു എന്നായിരുന്നു കെജ്‌രിവാളിന്റെ പ്രതികരണം. ദൽഹിയിലെ ഐ.എ.എസ് ഓഫീസർമാരുടെ സമരം അവസാനിപ്പിച്ചു ജോലിയിൽ പ്രവേശിക്കാൻ നിർദേശം നൽകണം എന്നാവശ്യപ്പെട്ടുള്ള ഹരജിയിൽ ദൽഹി ഹൈക്കോടതി നാളെ വാദം കേൾക്കുന്നുണ്ട്. അതോടൊപ്പം തന്നെ കെജ്‌രിവാളിന്റെയും മന്ത്രിമാരുടെയും സമരം ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടുന്ന ഹരജിയും കോടതി നാളെ പരിഗണിക്കും.