ഹിന്‍ഡന്‍ബെര്‍ഗിനെതിരേ പവാര്‍, അദാനിക്ക് പിന്തുണ

ന്യൂദല്‍ഹി - അദാനി വിഷയത്തില്‍ രാഹുല്‍ ഗാന്ധിയെ തള്ളി ഹിന്‍ഡന്‍ബെര്‍ഗിനെതിരേ വിമര്‍ശനവുമായി എന്‍.സി.പി. നേതാവ് ശരദ് പവാര്‍. അദാനി ഗ്രൂപ്പിനെ ശക്തമായി പിന്തുണച്ചുകൊണ്ടാണ് പവാര്‍ രംഗത്തെത്തിയത്. ഹിന്‍ഡന്‍ബെര്‍ഗിന്റെ റിപ്പോര്‍ട്ട് പ്രത്യേകം ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണെന്ന് അദ്ദേഹം എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

'നേരത്തെയും ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ പല വ്യക്തികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ബഹളങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അനാവശ്യ പ്രാധാന്യമാണ് വിഷയത്തില്‍ നല്‍കുന്നത്. എന്താണ് ഇത്തരക്കാരുടെ പശ്ചാത്തലം എന്ന കാര്യം നമുക്ക് വ്യക്തമല്ല, പ്രസ്താവനയിറക്കിയവരെക്കുറിച്ച് കേട്ടിട്ടു പോലുമില്ല. അവര്‍ ഒരു പ്രശ്‌നം ഉന്നയിക്കുമ്പോള്‍ രാജ്യത്താകെ ബഹളം ഉണ്ടാകുകയാണ്. ഇത് രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ കാര്യമായി ബാധിക്കുന്നു എന്ന കാര്യം നമുക്ക് അവഗണിക്കാനാകില്ല. ഇത് പ്രത്യേക ലക്ഷ്യംവെച്ചുകൊണ്ടുള്ളതാണ്', ശരദ് പവാര്‍ പറഞ്ഞു.

അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളില്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി (ജെ.പി.സി.) അന്വേഷണം വേണമെന്ന കോണ്‍ഗ്രസ് നിലപാടിനോട് യോജിപ്പില്ലെന്നും പവാര്‍ പറഞ്ഞു.

 

Latest News