Sorry, you need to enable JavaScript to visit this website.

മാധ്യമങ്ങളെ, ഒന്നു നിവർന്നുനിൽക്കൂ...

മാധ്യമ സ്വാതന്ത്ര്യം സംബന്ധിച്ച് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധിന്യായം ഇന്ത്യൻ ജനാധിപത്യത്തിലെ സുവർണരേഖയാണ്. മാധ്യമ പ്രവർത്തനത്തിനുള്ള മാർഗദർശനമായി ഇനി ഏറെക്കാലത്തേക്ക് നിലനിൽക്കാൻ പോന്ന കരുത്തും ശക്തിയുമുള്ള വിധിന്യായമാണത്. ഭരണകൂടം സ്വേഛാധിപത്യത്തിലേക്ക് നീങ്ങുകയും ദേശദ്രോഹമെന്ന ഡമോക്ലിസിന്റെ വാൾ ഓരോ മാധ്യമ പ്രവർത്തകന്റെ തലക്ക് മുകളിലും തൂങ്ങിനിൽക്കുകയും ചെയ്യുമ്പോൾ, സുപ്രീം കോടതി പ്രസരിപ്പിക്കുന്ന ഈ വെളിച്ചം തിരിച്ചറിയേണ്ടത് മാധ്യമങ്ങൾ തന്നെയാണ്. വളഞ്ഞ നട്ടെല്ലുകൾ അവർ നിവർത്തണം.


മുൻ എൻ.ഡി.ടി.വി ജേണലിസ്റ്റ് രവീഷ് കുമാർ ഇന്ത്യൻ മാധ്യമലോകത്തിന് പരിചയപ്പെടുത്തിയതും പിന്നീട് പ്രചുരപ്രചാരം സിദ്ധിച്ചതുമായ പദമാണ് ഗോഡി മീഡിയ. മടിയിലിരിക്കുന്ന മാധ്യമം എന്നർഥം. ഇംഗ്ലിഷിൽ ലാപ്‌ഡോഗ് മീഡിയ എന്ന് പറയാം. വളച്ചൊടിച്ചതും സെൻസേഷനലുമായ റിപ്പോർട്ടിംഗ്  പരമ്പരകളുടെ ഭാരം കൊണ്ടു സ്വന്തം നട്ടെല്ല് വളഞ്ഞുപോയ മോഡികാലത്തെ മാധ്യമങ്ങളെ വിശേഷിപ്പിക്കാൻ ഇതിലും നല്ലൊരു വാക്കില്ല. ഭരണകൂടത്തിന്റെ നാവായി മാത്രം പ്രവർത്തിക്കാൻ കഴിയുന്ന, അതിനായി നിയോഗിക്കപ്പെട്ട മാധ്യമങ്ങൾ തങ്ങൾക്ക് സ്വാതന്ത്ര്യം ആവശ്യമില്ല എന്ന് പ്രഖ്യാപിച്ച കാലമാണ് ഗോഡി മീഡിയയുടേത്.

ടൈം മാഗസിനിൽ ദേബാശിഷ് റോയ് ചൗധരി എഴുതിയ റിപ്പോർട്ടിൽ 2014 ൽ മോഡിയുടെ ദേശീയ അധികാരത്തിലേക്കുള്ള ആരോഹണത്തിന് ശേഷം ഇന്ത്യയിലെ മാധ്യമങ്ങളെ എങ്ങനെയാണ് മെരുക്കിയതെന്ന് വിശദീകരിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ചില വാർത്താ സ്ഥാപനങ്ങളുടെ, പ്രത്യേകിച്ച് ദേശീയ ടെലിവിഷൻ ശൃംഖലകളുടെ എഡിറ്റോറിയൽ അതോറിറ്റിയുടെ പുനഃസംഘടനയോടൊപ്പമായിരുന്നു അദ്ദേഹത്തിന്റെ ഉയർച്ച. ബി.ജെ.പിയുടെ ഹിന്ദു ദേശീയ പ്രത്യയശാസ്ത്രത്തേക്കാൾ ഇന്ത്യയുടെ ലിബറൽ വീക്ഷണത്തോട് കൂടുതൽ അർപ്പണബോധമുള്ളവരായി കരുതപ്പെട്ട  മുതിർന്ന എഡിറ്റർമാരെ പുറത്താക്കി. ബി.ജെ.പിയോടും മോഡിയോടും ഭക്തിയുള്ള പുതിയ ചാനലുകളും വാർത്താതാരങ്ങളും വികസിച്ചു. അവരുടെ വലിയ പാർട്ടി പരസ്യ ബജറ്റുകൾ കാരണം, ഇന്ത്യയിലെ ബി.ജെ.പി നിയന്ത്രിത സംസ്ഥാന-കേന്ദ്ര ഗവൺമെന്റുകൾക്ക് മീഡിയ കമ്പനികളുടെ മേൽ ഗണ്യമായ നിയന്ത്രണം ഉണ്ട്. 2019-20 സാമ്പത്തിക വർഷത്തിൽ, കേന്ദ്ര സർക്കാർ മാത്രം പ്രതിദിനം ഏകദേശം 1.95 കോടി രൂപ പരസ്യങ്ങൾക്കായി ചെലവഴിച്ചു. അധികാരത്തിലേക്കുള്ള പ്രവേശനവും ബിസിനസ് ആനുകൂല്യങ്ങളും ബി.ജെ.പി അനുകൂല സന്ദേശങ്ങൾ തുടരാൻ മാധ്യമങ്ങൾക്ക് അധിക പ്രോത്സാഹനമായി. മോശം വാർത്തകൾ ഒരിക്കലും സർക്കാരിനെ ബാധിക്കില്ലെന്നും പൊതുമധ്യത്തിലേക്ക് പോകില്ലെന്നും ഇത് ഉറപ്പാക്കുന്നു. ചില അപവാദങ്ങളൊഴികെ, റിപ്പോർട്ടിംഗിന് മാധ്യമസ്ഥാപനങ്ങൾ സർക്കാർ അനുമതി തേടുമെന്ന് ഉറപ്പാക്കിയിട്ടുമുണ്ട്. 

ഇന്ത്യൻ മാധ്യമരംഗം ഇങ്ങനെ വളഞ്ഞ നട്ടെല്ലുമായി നിൽക്കുമ്പോഴാണ് പരമോന്നത കോടതിയിലെ വെള്ളിവെളിച്ചമായി പ്രശോഭിക്കുന്ന ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചരിത്രവിധിയുമായി രംഗത്തുവന്നിരിക്കുന്നത്. ഹിമ കോഹ്‌ലിയോടൊപ്പം ഇന്ത്യൻ മാധ്യമമേഖലക്ക് വേണ്ടി അദ്ദേഹമെഴുതിയ വിധി മീഡിയ വൺ എന്ന ചാനലിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരുന്ന നിയമവിരുദ്ധമായ വിലക്ക് നീക്കാൻ വേണ്ടി മാത്രമായിരുന്നില്ല. മുട്ടിലിഴയാൻ തയാറായി നിൽക്കുന്ന ഇന്ത്യൻ മാധ്യമങ്ങൾക്ക് നിവർന്നു നിൽക്കാനുള്ള പ്രേരണ കൊടുക്കാൻ കൂടിയായിരുന്നു. ജനാധിപത്യത്തിന്റെ ഏറ്റവും ശക്തമായ മൂന്നു തൂണുകളേയും ഉറപ്പോടെയും കരുത്തോടെയും നിലനിർത്താൻ വേണ്ടി അനവരതം യത്‌നിക്കേണ്ട നാലാം തൂണ് ജീർണരാഷ്ട്രീയത്തിന്റെ പടുകുഴിയിൽപെട്ടിട്ട് നാളേറെയായി. അവിടെനിന്ന് കരകയറാൻ, ആത്മാഭിമാനത്തോടെ സ്വന്തം ദൗത്യം നിർഭയം നിർവഹിക്കാൻ മാധ്യമങ്ങളേയും മാധ്യമ പ്രവർത്തകരേയും ഈ വിധി പ്രചോദിപ്പിക്കുന്നില്ലെങ്കിൽ ചന്ദ്രചൂഡിന്റെ അധ്വാനം വെറുതെയാകും.

മാധ്യമ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ ജീവവായുവാണ്. അത് നിലനിർത്താനുള്ള ബാധ്യത ഓരോ പൗരനുമുണ്ട്. മാധ്യമങ്ങൾ തിരുത്തൽ ശക്തിയാണ്. മാധ്യമങ്ങൾക്ക് തെറ്റുകൾ പറ്റുന്നുണ്ടാകാം, പിശകുകൾ സംഭവിക്കുന്നുണ്ടാകാം. നിക്ഷിപ്ത താൽപര്യത്തോടെ വാർത്തകളും വിവരങ്ങളും പങ്കുവെക്കുന്നവരുമുണ്ടാകാം. എന്നാൽ അതൊന്നും സ്വതന്ത്രമായ മാധ്യമ പ്രവർത്തനത്തെ തടസ്സപ്പെടുത്താനുള്ള കാരണങ്ങളല്ല. സർക്കാരിനെ വിമർശിക്കുന്നതും ഭരണകൂടത്തിന്റെ തെറ്റുകൾ എണ്ണിയെണ്ണിപ്പറയുന്നതും മാധ്യമങ്ങളെ ദേശവിരുദ്ധരായി പ്രഖ്യാപിക്കാനുള്ള കാരണമല്ലെന്ന് സുപ്രീം കോടതി അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. മാധ്യമങ്ങൾക്കെതിരായ പരാതികൾ മുദ്രവെച്ച കവറിനുള്ളിൽ ജഡ്ജിക്ക് മാത്രമായി വായിക്കാൻ കൊടുക്കേണ്ട രഹസ്യരേഖയല്ലെന്നും കോടതി വ്യക്തമാക്കുന്നു. ബ്രിട്ടീഷുകാർ ഉണ്ടാക്കിയ രാജ്യദ്രോഹ നിയമത്തെ, സ്വന്തം താൽപര്യങ്ങൾക്കായി വിവിധ സർക്കാരുകൾ ദുരുപയോഗിക്കുന്ന നിരവധി സംഭവങ്ങൾ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലുണ്ട്. ഇത് സഹിക്കാനാവാതെയാണ് രാജ്യദ്രോഹ നിയമം തന്നെ മുമ്പൊരിക്കൽ സുപ്രീം കോടതി ചവറ്റുകൊട്ടയിലെറിഞ്ഞത്.

മാധ്യമങ്ങൾ തെറ്റായ റിപ്പോർട്ട് പ്രസിദ്ധീകരിച്ചാൽ പോലും അവർക്കെതിരെ നടപടിയെടുക്കാൻ പാടില്ലെന്ന് 1964 ലെ വിഖ്യാതമായ ഒരു വിധിയിൽ യു.എസ് സുപ്രീം കോടതി പ്രഖ്യാപിക്കുകയുണ്ടായി. ന്യൂയോർക്ക് ടൈംസിനെതിരെ എൽ.ബി സുള്ളിവൻ എന്ന പോലീസ് ഓഫീസർ നൽകിയ കേസിലായിരുന്നു ആ വിധി. തെറ്റായ വാർത്ത പ്രസിദ്ധീകരിക്കപ്പെട്ടാൽ അതിന് പിന്നിൽ ഒരു ദുഷ്ടലാക്കുണ്ടെന്ന് വ്യക്തമായാൽ മാത്രമേ നടപടി പാടുള്ളുവെന്നായിരുന്നു കോടതി വിധി. മാധ്യമസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട മിക്ക കേസുകളിലും കോടതികൾക്ക് ഒരു സുവർണരേഖയാണ് ഈ വിധി. സമാനമായ ഒരു മാധ്യമ സ്വാതന്ത്ര്യ നയപ്രഖ്യാപനമായി ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിധിയേയും വായിക്കാം.

ഇന്ത്യയുടെ മാധ്യമ ചരിത്രത്തിലേയും പൗരവകാശ പോരാട്ട ചരിത്രത്തിലെയും സുപ്രധാനമായ ഒരു അധ്യായമാണ് ഈ വിധിയിലൂടെ പുറത്തുവരുന്നത്. ഭരണകൂട മുഷ്‌കുകൾക്കെതിരെ വാക്കുകൾകൊണ്ട് തീജ്വാല തീർക്കാൻ മാധ്യമങ്ങൾക്കിത് ധൈര്യം പകരണം. ഇന്ത്യയിൽ മുഖ്യധാര ദേശീയ പത്രങ്ങളും ചാനലുകളും ഇന്ന് ഭരണകൂട ജിഹ്വകൾ പോലെയാണ് പ്രവർത്തിക്കുന്നത്. ബദൽ മാധ്യമ സംസ്‌കാരം ഉയർത്തിപ്പിടിച്ച് ജനാധിപത്യത്തിനായി ശബ്ദിക്കുന്നത് ചെറുകിട മാധ്യമങ്ങളാണ്. ഇംഗ്ലീഷിൽ പ്രവർത്തിക്കുന്ന നിരവധി ഓൺലൈൻ വാർത്താ പോർട്ടലുകൾ ഇന്ന് പ്രതിസന്ധി നേരിടുകയാണ്. അതിന് പ്രധാന കാരണം അവർ സർക്കാർ വിമർശകരാണ് എന്നതാണ്. പല എഡിറ്റർമാരേയും കേസുകളിൽ കുടുക്കുന്നു. മാധ്യമ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തുന്നു. ലോകപ്രശസ്തമായ ബി.ബി.സിക്ക് പോലും ഇന്ത്യയിൽ ദുരനുഭവം നേരിടേണ്ടിവന്നു. അപ്പോൾപിന്നെ, ചില പത്രാധിപൻമാരുടെ സാമൂഹിക പ്രതിബദ്ധത മാത്രം മൂലധനമാക്കി പ്രവർത്തിക്കുന്ന ബദൽ മാധ്യമങ്ങളുടെ കഥ പറയാനുണ്ടോ. 

ഭരണകൂടങ്ങൾക്ക് ജനാധിപത്യ മൂല്യങ്ങളിൽ വിശ്വാസം നഷ്ടപ്പെടുമ്പോൾ, രാജ്യം അപകടത്തിലേക്കാണ് കൂപ്പുകുത്തുക. ദേശവിരുദ്ധത, ദേശദ്രോഹം തുടങ്ങിയ ഉമ്മാക്കികളാണ് ഭരണകൂടത്തിന്റെ പ്രധാന ആയുധങ്ങൾ. ജനങ്ങൾപോലും അറിയേണ്ടവയല്ല എന്ന നാട്യത്തിലാണ് ഇത്തരം കാര്യങ്ങൾ രഹസ്യമായി കോടതികൾക്ക് മുന്നിൽ സർക്കാർ സമർപ്പിക്കുന്നത്. ഭയന്നുപോകുന്ന ജഡ്ജിമാർ പിന്നീട് സർക്കാരിനെ എതിർക്കാറില്ല. മാധ്യമങ്ങളെ മാത്രമല്ല, പൗരന്മാരെ കൽത്തുറുങ്കിലടക്കാനും ദേശദ്രോഹനിയമം സർക്കാർ ആയുധമാക്കുന്നു. ഇതിനെയൊക്കെയാണ് സുപ്രീം കോടതി ചോദ്യം ചെയ്യുന്നത്. ദേശസുരക്ഷയുടെ മറവിൽ സ്വതന്ത്രമാധ്യമപ്രവർത്തനത്തിന് വിലക്ക് വീഴാൻ പാടില്ലെന്ന് കോടതി നിഷ്‌കർഷിക്കുന്നു. ഓപൺ കോർട്ടുകളിലെ വാദവിസ്താരങ്ങളിലാണ് ജുഡീഷ്യറി നീതിന്യായത്തിന്റെ ഇഴകീറി പരിശോധിക്കുന്നത്. എന്നാൽ അടഞ്ഞ മുറികളിൽ മാത്രം വാദപ്രതിവാദം മതിയെന്ന് തീരുമാനിക്കുന്നത് നിയമത്തോട് കാട്ടുന്ന അവഹേളനം കൂടിയാണ്. ഈ സമ്പ്രദായത്തിനാണ് സുപ്രീം കോടതി അവസാനം കുറിക്കുന്നത്.

ഈ വിധി കണ്ണുതുറപ്പിക്കേണ്ടത് മാധ്യമങ്ങളേയും രാഷ്ട്രീയപ്രവർത്തകരേയുമാണ്. മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി ഇന്ന് നിലയുറപ്പിക്കുന്ന രാഷ്ട്രീയക്കാർ, നാളെ അധികാരത്തിൽ കയറിയാൽ പിന്നെ അസഹിഷ്ണുക്കളാവുന്നു. വിമർശനങ്ങളോ എതിരഭിപ്രായങ്ങളോ അവർ പൊറുപ്പിക്കുന്നില്ല. നീതിയും സഹിഷ്ണുതയുമാണ് ജനാധിപത്യത്തിന്റെ അടിത്തറ. അഭിപ്രായ സ്വാതന്ത്ര്യമാണ് അതിന്റെ കാതൽ. അതിനാൽതന്നെ എപ്പോഴും അധികാരരാഷ്ട്രീയത്തിന്റെ എതിർവശത്തേ മാധ്യമങ്ങൾക്ക് നിൽക്കാനാവൂ. അവരാണ് ഭരണകൂടത്തെ നേരായ വഴിയിൽ ചലിപ്പിക്കുന്നത്. ഈ തിരിച്ചറിവ് മാധ്യമങ്ങൾക്കും രാഷ്ട്രീയക്കാർക്കും അനിവാര്യമാണ്. രാഷ്ട്രീയ വേട്ട പോലെ മാധ്യമ വേട്ടയും തെറ്റാണ്. രണ്ടുകൂട്ടരുടേയും താൽപര്യം പുഷ്‌കലമായ ജനാധിപത്യവും വിവേചനരഹിതമായ നീതിയുമാവണം. അത് തിരിച്ചറിയുമ്പോൾ മാത്രമാണ് സുപ്രീം കോടതിയിൽനിന്ന് പ്രസരിക്കുന്ന ഈ വെളിച്ചം, പൗരജീവിതങ്ങളിലെ ഇരുട്ട് അകറ്റുകയുള്ളു.


 
 

Latest News