റിയാദ്-നാലുവർഷമായി നാട്ടിൽ പോകാനാവാതെ കഴിയവേ റിയാദിൽ ജീവനൊടുക്കിയ മലയാളിയുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോയി. ബത്ഹയിലെ റസ്‌റ്റോറൻറിൽ ജീവനക്കാരനായ കോഴിക്കോട് മായനാട് സ്വദേശി കുനിയിൽ സുനിലി(54)ന്റെ മൃതദേഹമാണ് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. നാട്ടിൽ സംസ്‌കാരം നടന്നു. മാർച്ച് 23നാണ് ഇയാളെ ബത്ഹയിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. രണ്ട് വർഷമായി ഇഖാമ കാലാവധി കഴിഞ്ഞിട്ട്. ഫൈനൽ എക്‌സിറ്റിൽ നാട്ടിൽ പോകാനുള്ള കാത്തിരിപ്പിലായിരുന്നു. ഭാര്യ: ഷാജ സുനിൽ. രണ്ട് മക്കളുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫയർ വിങ് കൺവീനർ മെഹബൂബ് ചെറിയവളപ്പ്, ചെയർമാൻ സിദ്ദീഖ് തുവ്വൂർ തുടങ്ങിയവരാണ് രംഗത്തുണ്ടായിരുന്നത്.






