ബീച്ച് വസ്ത്രത്തില്‍ സോണിയ അല്ല;  സംഘ്പരിവാര്‍ പേജുകളില്‍ വ്യാജ ചിത്രം

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി ബീച്ച് വസ്ത്രത്തിലെന്നു പറഞ്ഞ് പോസ്റ്റ് ചെയ്ത ഫോട്ടോ സംഘ്പരിവാര്‍ അനുകൂല ഫെയ്‌സ് ബുക്ക് പേജില്‍നിന്ന് 24 മണിക്കൂറിനിടെ ഷെയര്‍ ചെയ്യപ്പെട്ടത് പതിനായിരത്തിലേറെ തവണ. ഫിര്‍ ഏക് ബാര്‍ മോഡി സര്‍ക്കാര്‍ എന്ന പേജിലാണ് വ്യാജ ഫോട്ടോ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് അത് വീ സപ്പോര്‍ട്ട് മോഡി, വോട്ട് ഫോര്‍ ബി.ജെ.പി, വീ സപ്പോര്‍ട്ട് യോഗി ആദിത്യനാഥ് തുടങ്ങിയ സംഘ് പരിവാര്‍ അനുകൂല പേജുകളും വ്യക്തികളുമാണ് വ്യാപകമായി ഷെയര്‍ ചെയ്തത്. 
ഫേസ്ബുക്കിനു പുറമെ, വാട്‌സാപ്പിലും മറ്റു സമൂഹ മാധ്യമങ്ങളിലും വ്യാജ ചിത്രം പ്രചരിപ്പിച്ചു. 
സോണിയാ ഗാന്ധിയായി അവതരിപ്പിച്ച ചിത്രം യഥാര്‍ഥത്തില്‍ സ്വിസ് നടി ഉര്‍സുല ആന്‍ഡ്രസ്സിന്റേതാണെന്ന് ആള്‍ട് ന്യൂസ് വെളിപ്പെടുത്തി. ഗൂഗിളില്‍ ചിത്രം വെച്ച് സെര്‍ച്ച് ചെയ്താണ് ഇത് കണ്ടെത്തിയത്. ആദ്യ ജെയിംസ് ബോണ്ട് ചിത്രമായ ഡോ. നമ്പര്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍നിന്നുള്ളതാണ് ഫോട്ടോ. നടിയോടൊപ്പമുള്ളത് ബ്രട്ടീഷ് ചാരനായ ജെയിംസ് ബോണ്ടായി ആദ്യം വേഷമിട്ട സ്‌കോട്ടിഷ് നടന്‍ സീന്‍ കോണറിയും. 
വ്യാജ ചിത്രമാണെന്ന് ചൂണ്ടിക്കാട്ടി സംഘ് പരിവാര്‍ പേജുകളില്‍ കമന്റ് ചെയ്ത ധാരാളം പേര്‍ യഥാര്‍ഥ ചിത്രവും ചേര്‍ത്തിട്ടുണ്ട്. 
ആദ്യമായല്ല, സോണിയാ ഗന്ധിയെ അപകീര്‍ത്തിപ്പെടുത്താന്‍ മോര്‍ഫ് ചെയ്തതും അല്ലാത്തതുമായ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. അശ്ലീല അടിക്കുറിപ്പുകളോടെയാണ് ഇത്തരം ചിത്രങ്ങള്‍ രാഷ്ട്രീയ എതിരാളികള്‍ പ്രചരിപ്പിക്കാറുള്ളത്. 
സോണിയാ ഗാന്ധി മുന്‍ മാലിദ്വീപ് പ്രസിഡന്റ് മൗമൂന്‍ അബ്ദുല്‍ ഖയ്യൂമിന്റെ മടിയിലിരിക്കുന്നുവെന്ന തരത്തില്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് തയാറാക്കിയ ചിത്രം 36,000 ലേറ തവണയാണ് ഷെയര്‍ ചെയ്യപ്പെട്ടിരുന്നത്. 
 

Latest News