അദാനിക്ക് ചൈനീസ് ബന്ധമെന്ന് കോൺഗ്രസ്; മിണ്ടരുതെന്ന് എ.കെ.ആന്റണിയുടെ വീഡിയോ കാണിച്ച് താക്കീത്

ന്യൂദല്‍ഹി-റോഡ്, റെയില്‍വേ, തുറമുഖം, വിമാനത്താവളം തുടങ്ങിയ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ അദാനി ഗ്രൂപ്പിന് ചൈനീസ് കമ്പനിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ്. അതേസമയം തന്ത്രപ്രാധനമായ കാര്യങ്ങളില്‍ അഭിപ്രായം പറയരുതെന്ന് നിയമമന്ത്രി കിരണ്‍ റിജിജു കോണ്‍ഗ്രസിന് താക്കീത് നല്‍കി.
അരുണാചല്‍ പ്രദേശിനെക്കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് ധാര്‍മ്മിക അവകാശമില്ലെന്നും തന്ത്രപ്രധാനമായ കാര്യങ്ങളില്‍ അഭിപ്രായം പറയരുതെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ ട്വീറ്റിന് മറുപടിയായി റിജിജു പറഞ്ഞു.
വ്യവസായ പ്രമുഖന്‍ ഗൗതം അദാനിക്ക് ചൈനീസ് പൗരന്മാരുമായി ബിസിനസ് ബന്ധമുണ്ടെന്നായിരുന്നു ജയറാം രമേശിന്റെ ആരോപണം. ഇത് രാജ്യസുരക്ഷയെ ഹനിക്കുന്നതാണോയെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
വികസിത അതിര്‍ത്തിയേക്കാള്‍ സുരക്ഷിതമായതിനാല്‍ അതിര്‍ത്തികള്‍ വികസിപ്പിക്കരുതെന്ന നയം ഇന്ത്യക്ക് പണ്ടേ ഉണ്ടായിരുന്നുവെന്ന് പ്രതിരോധ മന്ത്രിയായിരുന്ന എ.കെ ആന്റണി ലോക്‌സഭയില്‍ പറയുന്ന വീഡിയോയും നിയമമന്ത്രി പങ്കുവച്ചു.
ആദ്യം ഈ യാഥാര്‍ത്ഥ്യത്തോട് പ്രതികരിക്കൂ എന്ന് അരുണാചല്‍ പ്രദേശിനെ ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്ന റിജിജു പറഞ്ഞു.
ചൈനീസ് പൗരനായ ചാങ് ചിയാന്‍ ടിങ്ങിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള കമ്പനി അദാനി ഗ്രൂപ്പിന്റെ സബ് കോണ്‍ട്രാക്ടറാണെന്നും അദാനിയുടെ സഹോദരന്റെ പങ്കാളിയാണിതെന്നും കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ ആരോപണങ്ങളെക്കുറിച്ച് അദാനി ഗ്രൂപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
തെറ്റായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്തുകൊണ്ടാണ് ഇന്ത്യയുടെ നിര്‍ണായക തുറമുഖങ്ങള്‍, എയര്‍സ്ട്രിപ്പുകള്‍, റെയില്‍വേ ട്രാക്കുകള്‍, വൈദ്യുതി ലൈനുകള്‍ എന്നിവ ഒരു ചൈനീസ് കമ്പനി നിര്‍മ്മിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതെന്ന് വാര്‍ത്തകള്‍ ഉദ്ധരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ചോദിച്ചു.
ഇന്ത്യയുടെ അതിര്‍ത്തിയില്‍ ചൈന നിരവധി അതിക്രമങ്ങള്‍ നടത്തുകയും നമ്മുടെ 20 സൈനികരെ വധിക്കുകയും ചെയ്തുവെന്ന് സുപ്രിയ ശ്രീനേറ്റ് പറഞ്ഞു.
അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങളുടെ പേരുകള്‍ മൂന്ന് തവണ മാറ്റി. എന്നാല്‍ ചൈനീസ് ഉടമസ്ഥതയിലുള്ള കമ്പനിക്ക് അദാനി ഗ്രൂപ്പുമായുള്ള ബന്ധം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചൈനയുമായുള്ള പ്രത്യേക ബന്ധത്തെ കൂടിയാണ് കാണിക്കുന്നതെന്നും ഇത് തികച്ചും ദേശവിരുദ്ധമാണെന്നും അവര്‍ പറഞ്ഞു.
ഇത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയല്ലെങ്കില്‍ പിന്നെ ഇത് എന്താണെന്ന് സുപ്രിയ ചോദിച്ചു. ഈ ബന്ധം കൊണ്ടാണ് മോഡി ചൈനയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതെന്നും അതിനാലാണ് ചൈനയിലോ അദാനി വിഷയത്തിലോ മോഡി ഇതുവരെ മൗനം വെടിയാത്തതെന്നും കോണ്‍ഗ്രസ് വക്താവ് ആരോപിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News