'വിദ്യാഭ്യാസം കുറഞ്ഞ പ്രധാനമന്ത്രി രാജ്യത്തിന്  അപകടം'; ജയിലില്‍ നിന്ന് സിസോദിയയുടെ കത്ത്

ന്യൂദല്‍ഹി-വിദ്യാഭ്യസം കുറഞ്ഞ പ്രധാനമന്ത്രി രാജ്യത്തിന് അത്യന്തം അപകടകരമാണെന്ന് ജയിലില്‍ നിന്ന് അയച്ച കത്തില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. രാജ്യത്തിനുള്ള കത്ത് എന്ന പേരില്‍ വിദ്യാസമ്പന്നനായ ഒരു പ്രധാനമന്ത്രി ഇന്ത്യക്ക് ആവശ്യമാണെന്ന് അടിവരയിട്ടാണ് ജയിലില്‍ നിന്നുള്ള സിസോദിയയുടെ കുറിപ്പ്.
സിസോദിയയുടെ കത്ത് പങ്കുവെച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് മോഡിയെ കടന്നാക്രമിച്ചു. നേരത്തെ വിവരാവകാശ നിയമപ്രകാരം പ്രധാനമന്ത്രിയുടെ ബിരുദ വിവരങ്ങള്‍ ആരാഞ്ഞ കെജ്രിവാളിന് ഗുജറാത്ത് ഹൈക്കോടതി 25000 രൂപ പിഴയിട്ടിരുന്നു.
'ഇന്നത്തെ യുവാക്കള്‍ എന്തെങ്കിലും നേടാന്‍ ആഗ്രഹിക്കുന്ന അഭിലാഷമുള്ളവരാണ്, അവര്‍ അവസരങ്ങള്‍ തേടുന്നു. അവര്‍ ലോകത്ത് വിജയങ്ങള്‍ ആഗ്രഹിക്കുന്നു. അവര്‍ ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നു. വിദ്യാഭ്യാസം കുറഞ്ഞ പ്രധാനമന്ത്രിക്ക് ഇന്നത്തെ യുവാക്കളുടെ ആഗ്രഹം നിറവേറ്റാനുള്ള കഴിവുണ്ടോ?' കൈക്കൊണ്ടെഴുതിയ കത്തില്‍ സിസോദിയ ചോദിച്ചു.
ശാസ്ത്രവും സാങ്കേതികവിദ്യയും അനുദിനം മാറികൊണ്ടിരിക്കുകയാണെന്നും ലോകം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും സിസോദിയ പറഞ്ഞു. 'ഇത്തരം സന്ദര്‍ഭത്തില്‍, വൃത്തികെട്ട അഴുക്കുചാലുകളില്‍ പൈപ്പ് കയറ്റി വൃത്തികെട്ട വാതകത്തില്‍ നിന്ന് ചായയോ ഭക്ഷണമോ ഉണ്ടാക്കാം എന്ന് പ്രധാനമന്ത്രി പറയുന്നത് കേള്‍ക്കുമ്പോള്‍ എന്റെ ഹൃദയം തകര്‍ന്നു പോകുന്നു. ഡ്രൈനേജുകളിലെ അഴുക്ക് വാതകത്തില്‍ നിന്ന് ഭക്ഷണം പാകം ചെയ്യാമോ? കഴിയില്ല. മേഘങ്ങള്‍ ഉണ്ടെങ്കില്‍ റഡാറുകളുടെ കണ്ണുവെട്ടിക്കാമെന്ന് പറഞ്ഞ് ലോകമെമ്പാടും ഇന്ത്യയുടെ പ്രധാനമന്ത്രി പരിഹാസപാത്രമാകുന്നു' അദ്ദേഹം കത്തില്‍ കുറിച്ചു.
ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസം കുറവാണെന്നും ശാസ്ത്രത്തില്‍ അടിസ്ഥാനപരമായ അറിവില്ലെന്നും ലോകത്തിന് മുഴുവന്‍ അറിയാം, പ്രധാനമന്ത്രിയെ കെട്ടിപ്പിടിക്കുന്ന മറ്റ് തലവന്മാര്‍ ഓരോ ആലിംഗനത്തിനും വലിയ വിലയാണ് ഈടാക്കുന്നതെന്ന് സിസോദിയ പറഞ്ഞു.വിദ്യാഭ്യസ കുറവ് കാരണം ഏത് പേപ്പറിലാണ് ഒപ്പിടുന്നതെന്ന് അവര്‍ക്കറിയില്ല. സമീപ വര്‍ഷങ്ങളിലായി 60000 ത്തോളം സ്‌കൂളുകളാണ് രാജ്യത്ത് അടച്ചുപൂട്ടിയത്. വിദ്യാഭ്യാസത്തിന് ഒരു പ്രധാന്യവും നല്‍കുന്നില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. നമ്മുടെ മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാതിരുന്നാല്‍ രാജ്യത്തിന് എങ്ങനെയാണ് വളരാനും പുരോഗിതയുണ്ടാക്കാനും സാധിക്കുകയെന്നും സിസോദിയ ചോദിച്ചു.
മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ ഫെബ്രുവരി 26-ന് അറസ്റ്റിലായ സിസോദിയ നിലവില്‍ ജയിലില്‍ കഴിയുകയാണ്.

Latest News