അരീക്കോട്-പത്ത് 10 വര്‍ഷമായി മുടങ്ങാതെ റംസാന്‍ വ്രതം അനുഷ്ഠിക്കുന്ന അരീക്കോട് സ്വദേശിയായ ആര്യ പൂക്കളത്തൂര്‍ എച്ച്.എസ്.എസിലെ മലയാളം അദ്ധ്യാപികയാണ്. നോമ്പ് മുറിക്കാന്‍ മഗ്‌രിബ് ബാങ്കു വിളി കാത്തിരിക്കുകയെന്നതും ശീലമായി. സഹഅദ്ധ്യാപകര്‍ നോമ്പെടുക്കുന്നത് കണ്ടപ്പോള്‍ എന്തുകൊണ്ട് തനിക്കും പുണ്യമാസത്തില്‍ വ്രതമനുഷ്ഠിച്ച് കൂടെന്ന ചിന്തയില്‍ തുടങ്ങിയതാണ് മുടങ്ങാതെയുള്ള ഈ വ്രതാനുഷ്ഠാനം.
ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയെങ്കിലും രണ്ട് ദിവസമേ നോമ്പെടുക്കാന്‍ കഴിഞ്ഞുള്ളൂ. അപ്പോഴേക്കും ക്ഷീണം അനുഭവപ്പെട്ടു. തൊട്ടടുത്ത വര്‍ഷം 10 ദിവസം നോമ്പെടുത്തു. തുടര്‍ന്നങ്ങോട്ട് എല്ലാ വര്‍ഷവും മുടങ്ങാതെ മുഴുവന്‍ നോമ്പും എടുക്കാന്‍ തുടങ്ങി.
നോമ്പിന് രാവിലെ കഞ്ഞിയാണ് പതിവ്. നോമ്പ് തുറക്കുമ്പോള്‍ അല്‍പ്പം ചോറും പച്ചക്കറിയും ഒരു ഗ്ലാസ് കട്ടന്‍കാപ്പിയും. രാത്രി കിടക്കുന്നതിന് മുമ്പ് ഒരുകഷ്ണം വത്തക്ക. ടീച്ചറുടെ നോമ്പ് വിശേഷം ഇങ്ങനെയാണ്. മനസിനും ശരീരത്തിനും ഉന്മേഷവും ഉണര്‍വും ലഭിക്കാന്‍ റംസാന്‍ വ്രതാനുഷ്ഠാനത്തിലൂടെ സാധിക്കുമെന്ന് ആര്യ പറയുന്നു. നോമ്പെടുക്കുന്നതിന് ഭര്‍ത്താവ് ശങ്കരന്‍ പൂര്‍ണ്ണ പിന്തുണയാണ്. സ്‌കൂള്‍ വിട്ട് ടീച്ചര്‍ വീട്ടിലെത്തുമ്പോഴേക്ക് നോമ്പ് തുറക്കാനുള്ള ആഹാരം അദ്ദേഹം തയ്യാറാക്കും. വിശന്ന് വലയുന്നവരുടെ ജീവിത സാഹചര്യം കൂടി മനസിലാക്കാനാണ് സ്ഥിരമായി റംസാന്‍ വ്രതം എടുക്കുന്നതെന്നും അതിനാല്‍ ഈ ദിവസങ്ങളില്‍ മിതാഹാരം മാത്രമേ കഴിക്കൂവെന്നും ടീച്ചര്‍ പറയുന്നു.
ഭര്‍ത്താവ് ശങ്കരന്‍ പി.ഡബ്‌ള്യു.ഡി റിട്ട. എക്സിക്യൂട്ടീവ് എന്‍ജിനീയറാണ്. എം.ബി.ബി.എസ് വിദ്യാര്‍ത്ഥി കാര്‍ത്തിക്, എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി ഋത്വിക്ക് എന്നിവര്‍ മക്കളും.