Sorry, you need to enable JavaScript to visit this website.

ഇന്ത്യയിലെ കോവിഡ് നിരക്ക്  6,000 കടന്നു, മൂന്നാം തരംഗമോ? 

ന്യൂദല്‍ഹി- കോവിഡ് നിരക്കുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച വൈകീട്ട് ഉന്നതതല യോഗം ചേരും. രാജ്യത്തെ കോവിഡ് നിരക്കുകള്‍ 6050-ലേക്ക് ഉയര്‍ന്നു, ആറുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. വ്യാഴാഴ്ച്ചത്തെ കോവിഡ് കേസുകള്‍ 5,335 ആയിരുന്നു. പതിമൂന്ന് ശതമാനത്തിന്റെ വര്‍ധനവാണ് ഇന്നു രേഖപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷം സെപ്തംബറിനു ശേഷം ഇതാദ്യമായാണ് രാജ്യത്തെ പ്രതിദിനകോവിഡ് കേസുകള്‍ ആറായിരം കടക്കുന്നത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യമന്ത്രിമാരുമായി അവലോകനയോഗം നടത്താന്‍ തീരുമാനമായത്. പുതിയ പശ്ചാത്തലത്തില്‍ എന്തെല്ലാം തയ്യാറെടുപ്പുകള്‍ നടത്തണം എന്ന് വിലയിരുത്താനാണ് യോഗം ചേരുന്നത്.
സെപ്റ്റംബറില്‍ 5383 പേര്‍ക്കാണ് രോഗം ബാധിച്ചിരുന്നത്. നിലവില്‍ 25,587 പേര്‍ ചികിത്സയിലുണ്ട്. പ്രതിദിന രോഗസ്ഥിരീകരണനിരക്ക് 3.32 ശതമാനമാണ്.
ഏതു സാഹചര്യത്തെയും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും ഐ.സി.യു ബെഡുകള്‍, ഓക്സിജന്‍ വിതരണം, മറ്റ് അത്യാഹിത സേവനങ്ങള്‍ തുടങ്ങിയവയെല്ലാം സജ്ജമാക്കുന്നുണ്ടെന്നും മന്‍സൂഖ് മണ്ഡവ്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോവിഡിന്റെ സ്വഭാവത്തെ മുന്‍കൂട്ടി പ്രവചിക്കുക സാധ്യമല്ല. എന്നാല്‍ നിലവിലെ വര്‍ധനവിന് കാരണമായ ഉപവകഭേദങ്ങള്‍ ഗുരുതരസാഹചര്യം ഉണ്ടാക്കാന്‍ തക്ക അപകടകാരികള്‍ അല്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജാഗ്രത കൈവിടരുതെന്നും മന്ത്രി പറയുകയുണ്ടായി. പുതിയ വകഭേദം സ്ഥിരീകരിക്കുമ്പോഴെല്ലാം സൂക്ഷ്മനിരീക്ഷണം നടത്തി അവയ്ക്കുമേലുള്ള വാക്സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് പഠിക്കുന്നുണ്ട്. നിലവില്‍ സ്ഥിരീകരിച്ചിട്ടുള്ള എല്ലാ വകഭേദങ്ങള്‍ക്കും വാക്സിന്‍ ഫലപ്രദമാണെന്നാണ് തെളിഞ്ഞിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
അതിനിടെ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും മുഖാവരണങ്ങള്‍ ഉള്‍പ്പടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ.) അറിയിച്ചു. ആള്‍ക്കൂട്ടങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും പത്രസമ്മേളനത്തില്‍ ഐ.എം.എ. ദേശീയ അധ്യക്ഷന്‍ ഡോ. ശരദ് കുമാര്‍ അഗര്‍വാള്‍ പറഞ്ഞു.
പ്രതിദിനം എണ്‍പതിനായിരത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന അവസ്ഥയില്‍ അത് നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ രാജ്യത്തുണ്ടായിരുന്നുവെന്നും നിലവിലെ അയ്യായിരം കേസുകള്‍ ഭയപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest News