Sorry, you need to enable JavaScript to visit this website.

ബി.ജെ.പിയില്‍ ചേര്‍ന്ന അനില്‍ ആന്റണിയുടെ കേരളത്തിലെ ആദ്യ പരിപാടി നരേന്ദ്ര മോഡിക്കൊപ്പം

ന്യൂദല്‍ഹി - ബി.ജെ.പിയിലെത്തിയ അനില്‍ ആന്റണിയുടെ കേരളത്തിലെ ആദ്യ പരിപാടി പ്രധാനമന്ത്രിക്കൊപ്പം. ഏപ്രില്‍ 25 ന് കൊച്ചിയില്‍ നടക്കുന്ന യുവാക്കളുമായുള്ള സംവാദ പരിപാടിയായ 'യുവം'സമ്മേളനം പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്. ഈ സമ്മേളനത്തില്‍ നരേന്ദ്രമോഡിക്കൊപ്പം അനില്‍ ആന്റണിയും പങ്കെടുക്കും.അനില്‍ ആന്റണിക്ക് പാര്‍ട്ടിയില്‍ നല്ല പ്രാമുഖ്യം നല്‍കണമെന്ന് ബി.ജെ.പി കേന്ദ നേതൃത്വം ആഗ്രഹിക്കുന്നുണ്ട്. കോണ്‍ഗ്രസ് ഡിജിറ്റല്‍ വിഭാഗത്തിന്റെ ചുമതല വഹിച്ച ക്രിസ്ത്യന്‍ സമുദായത്തില്‍ പെട്ട യുവ പ്രൊഫഷണല്‍ കേരളത്തില്‍ നിന്ന് പാര്‍ട്ടിയിലെത്തിയത് ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍. തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ എ.കെ.ആന്റണിയുടെ മകനെ തന്നെ പാര്‍ട്ടിയിലെത്തിക്കാനായത് കോണ്‍ഗ്രസിനകത്ത് വലിയ അങ്കലാപ്പ് സൃഷ്ടിച്ചിട്ടുണ്ടെന്നും അനിലിന്റെ പാത പിന്തുടര്‍ന്ന് മറ്റ് പാര്‍ട്ടികളില്‍ നിന്ന് കൂടുതല്‍ യുവാക്കള്‍ ബി.ജെ.പിയിലേക്ക് വരാനുള്ള സാധ്യതയുണ്ടെന്നും പാര്‍ട്ടി നേതൃത്വം കണക്കുകൂട്ടുന്നുണ്ട്.  അനില്‍ ആന്റണിയെ കേരളത്തില്‍ പാര്‍ട്ടിക്കുള്ളിലെ ന്യൂനപക്ഷത്തിന്റെ യുവ മുഖമായി ഉയര്‍ത്തിക്കാട്ടണമെന്ന നിര്‍ദ്ദേശം ബി.ജെ.പി ദേശീയ നേതൃത്വം കേരള ഘടകത്തിന് നല്‍കിയിട്ടുണ്ട്. അനില്‍ ആന്‍ണി ബി.ജെ.പിയില്‍ അംഗത്വമെടുത്ത ദല്‍ഹിയില്‍ നടന്ന  പരിപാടിയില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെയും കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി വി.മുരളീധരനെയും പാര്‍ട്ടി നേതൃത്വം പങ്കെടുപ്പിച്ചത് കേരളത്തില്‍ പാര്‍ട്ടിക്കുള്ളില്‍ അനിലിന് വലിയ തോതില്‍ സ്വീകാര്യത ഉണ്ടാകുമെന്ന സൂചന നല്‍കാന്‍ വേണ്ടി കൂടിയാണ്. അതിലൂടെ ക്രിസത്യന്‍ സമുദായത്തെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനാകുമെന്ന പ്രതീക്ഷയും ബി.ജെ.പി നേതൃത്വത്തിനുണ്ട്. 

 

Latest News