Sorry, you need to enable JavaScript to visit this website.

ട്രെയിൻ തീവെപ്പ് കേസ്; ഷാരൂഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം ചുമത്തി

കോഴിക്കോട് - കോഴിക്കോട്ടെ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. ട്രെയിൻ തീവെപ്പിനിടെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഒരു കുട്ടി ഉൾപ്പെടെ മൂന്നുപേരുടെ മരണത്തിൽ പങ്കുണ്ടെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിനെ തുടർന്നാണ് കൊലക്കുറ്റം ചുമത്തിയത്. എന്നാൽ പ്രതിക്കെതിരെ യു.എ.പി.എ ചുമത്തുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
 കണ്ണൂർ മട്ടന്നൂർ സ്വദേശി റഹ്മത്ത്, സഹോദരിയുടെ മകൾ കോഴിക്കോട് സ്വദേശി രണ്ടര വയസ്സുകാരി സഹ്‌റ, കണ്ണൂർ സ്വദേശി നൗഫിക്ക് എന്നിവരെയാണ് ഞായറാഴ്ച രാത്രി ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തീ പടരുന്ന് കണ്ട് ട്രാക്കിലേക്ക് എടുത്തുചാടിയതിനിടെയാണ് ജീവൻ നഷ്ടമായത്.
 ഷാരൂഖ് സെയ്ഫിയെ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. കോഴിക്കോട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി എസ്.വി മനേഷ് ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നേരിട്ടെത്തിയാണ് കോടതി നടപടികൾ പൂർത്തിയാക്കിയത്. കോടതിയിൽ അപേക്ഷ നൽകി, പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
 

Latest News