Sorry, you need to enable JavaScript to visit this website.

സ്വവർഗാനുരാഗികളെ തള്ളിപ്പറയില്ല; ലൈംഗികതയിൽ സഭ കാലത്തിനനുസരിച്ച് മാറണമെന്ന് മാർപാപ്പ

- സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം ഗർഭഛിദ്രം നടത്തേണ്ടി വന്ന സ്ത്രീകളോട് വൈദികരും സഭയും കനിവ് കാണിക്കണം. ഡേറ്റിംഗ് ആപ്പുകൾ വഴി പുതിയ സൗഹൃദങ്ങളും ബന്ധങ്ങളും കണ്ടെത്തുന്നത് സ്വാഭാവികമെന്നും മാർപാപ്പ

വത്തിക്കാൻ - സ്വവർഗാനുരാഗികളെ തള്ളിപ്പറയാൻ കഴിയില്ലെന്നും അവരെ ചേർത്തുനിർത്തുകയാണ് തന്റെ ധർമമെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.
 സ്വവർഗാനുരാഗികളെ സഭ സ്വാഗതം ചെയ്യണം. എല്ലാവരും ദൈവത്തിന്റെ മക്കളാണ്. ദൈവം നിരാകരിക്കാത്തവരെ തനിക്ക് നിരാകരിക്കാനാകില്ലെന്നും അദ്ദേഹം ഡിസ്‌നി പ്ലസ് തയ്യാറാക്കിയ ദി പോപ്പ് ആൻസേഴ്‌സ് ഡോക്യുമെന്ററിയിലെ അഭിമുഖത്തിൽ വ്യക്തമാക്കി. വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നെത്തിയ 20-നും 25-നും ഇടയിൽ പ്രായമുള്ള പത്ത് യുവാക്കൾക്ക് നല്കിയ അഭിമുഖമാണ് ഡോക്യുമെന്ററിയായി ചിത്രീകരിച്ചത്. എൽ.ജി.ബി.ടി വിഭാഗങ്ങളുടെ അവകാശങ്ങൾ, ഗർഭഛിദ്രം, അശ്ലീല മേഖല, ലൈംഗികത, വിശ്വാസം, കത്തോലിക്ക ചർച്ചിലെ ലൈംഗികാതിക്രമങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളെ കുറിച്ച് യുവാക്കൾ ഡോക്യുമെന്ററിയിൽ പോപ്പിനോട് സംവദിക്കുന്നുണ്ട്.
 ലൈംഗികത ദൈവം മനുഷ്യന് നല്കിയ മനോഹരമായ കാര്യമാണ്. ഇത്തരം വിഷയങ്ങളിൽ സഭ ഇപ്പോഴും പഴയ കാലഘട്ടത്തിന്റെ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും ഇതിന് മാറ്റം വരണമെന്നും മാർപാപ്പ പറഞ്ഞു. ഗർഭഛിദ്രം അംഗീകരിക്കാനാവില്ല. എന്നാൽ, സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം ഗർഭഛിദ്രം നടത്തേണ്ടി വന്ന സ്ത്രീകളോട് വൈദികരും സഭയും കനിവ് കാണിക്കണം. ഡേറ്റിംഗ് ആപ്പുകൾ വഴി പുതിയ സൗഹൃദങ്ങളും ബന്ധങ്ങളും കണ്ടെത്തുന്നത് തികച്ചും സ്വാഭാവികമാണെന്നും മാർപാപ്പ പറഞ്ഞു. 
 സ്വവർഗരതിയെ കുറ്റകരമാക്കുന്ന നിയമം അനീതിയാണെന്ന് മാർപാപ്പ ഈയിടെ ചൂണ്ടിക്കാണിച്ചിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കത്തോലിക്കാ ബിഷപ്പുമാർ സ്വവർഗരതിയെ കുറ്റകരമാക്കുന്നതോ സമൂഹത്തോട് വിവേചനം കാണിക്കുന്നതോ ആയ നിയമങ്ങളെ പിന്തുണയ്ക്കുന്നതിനെയും വിമർശിച്ചിരുന്നു. ബിഷപ്പുമാർ എല്ലാവരുടെയും അന്തസ്സ് തിരിച്ചറിഞ്ഞ് ഒരു മാറ്റത്തിന്റെ പ്രക്രിയയ്ക്ക് വിധേയരാകേണ്ടതുണ്ടെന്നാണ് മാർപാപ്പ ഓർമിപ്പിക്കുന്നത്.
 

Latest News