Sorry, you need to enable JavaScript to visit this website.

അനിൽ ആന്റണിയുടെത് രാഷ്ട്രീയ ആത്മഹത്യ-  ഹസ്സൻ

തിരുവനന്തപുരം- അനിൽ ആന്റണി ബി.ജെ.പിയിൽ ചേർന്നത് രാഷ്ട്രീയ ആത്മഹത്യയായിപ്പോയെന്ന് കാലം തെളിയിക്കുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ.
അനിൽ കോൺഗ്രസ്സ് വിട്ടുപോയത് കേരളത്തിൽ ഒരു ചലനവും സൃഷ്ടിക്കില്ല. ബി.ജെ.പി യ്ക്ക്  രാഷ്ട്രീയപ്രചാരണത്തിന് ഉപയോഗിക്കാമെന്നുമാത്രം. ഒരു പുരുഷായുസ്സ് മുഴുവൻ സ്വന്തം ജീവിതം കോൺഗ്രസ്സിനു സമർപ്പിച്ച, അടിയുറച്ച മതേതരവാദിയായ എ.കെ.ആന്റണിയുടെ യശസ്സിനെയും, പാരമ്പര്യത്തെയും അനിലിന്റെ ഈ തീരുമാനം അല്പം പോലും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അനിൽ ആന്റണി ബി.ജെ.പിയിൽ ചേർന്നത് കൊണ്ട് കോൺഗ്രസിന് ഒന്നും സംഭവിക്കില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. കോൺഗ്രസിനോ പോഷക സംഘടനകൾക്കോ നേരിട്ടോ അല്ലാതെയോ എന്തെങ്കിലും സേവനങ്ങൾ അനിൽ ആന്റണി ചെയ്തിട്ടില്ല. ഏൽപ്പിച്ച ചുമതല പോലും അനിൽ കൃത്യമായി നിർവഹിച്ചിരുന്നില്ല. അനിൽ ആന്റണി ബി.ജെ.പിയുടെ കെണിയിൽ  വീഴുകയായിരുന്നു. ബി.ജെ.പി ബാന്ധവത്തിന് കാരണമായി തീർത്തും വിചിത്രമായ കാര്യങ്ങളാണ് അനിൽ ആന്റണി പറയുന്നത്. അതിന്റെ അപകടം പിന്നാലെ ബോധ്യപ്പെടും. തീർത്തും അപക്വമായ ഈ തീരുമാനത്തിൽ അനിൽ ആന്റണിക്ക് പിന്നീട് ദുഖിക്കേണ്ടി വരും.
എ.കെ.ആന്റണി എന്ന പിതാവിനോട് മകനെന്ന നിലയിൽ അനിൽ ആന്റണി കാണിച്ച നിന്ദയാണിത്. മരണം വരെ കോൺഗ്രസുകാരനും സംഘപരിവാർ വിരുദ്ധനുമായിരിക്കുമെന്ന് എ.കെ ആന്റണി വ്യക്തമാക്കിയിട്ടുണ്ട്. മകൻ ബി.ജെ.പിയിൽ ചേർന്നു എന്നതുകൊണ്ട് എ.കെ ആന്റണിയുടെ രാഷ്ട്രീയ സംശുദ്ധിക്കോ ആദർശ ധീരതയ്‌ക്കോ ഒരു കോട്ടവും ഉണ്ടാകില്ല.
ബി.ജെ.പിയിൽ ചേരാനുള്ള അനിൽ ആന്റണിയുടെ തീരുമാനം അപക്വമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലപറഞ്ഞു. ബി.ജെ.പിയെ അറിയാവുന്ന ഒരാളും ബി.ജെ.പിയിൽ ചേരില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ മതേതരത്വത്തെ തകർക്കുകയും ഭരണഘടനയെ ദുർബലപ്പെടുത്തുകയും ചെയ്യുന്ന ബി.ജെ.പിക്ക് എതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തേണ്ട സമയമാണിത്. അനിൽ ബി.ജെ.പിയിൽ ചേരുന്നത് കൊണ്ട് കേരളത്തിൽ ആ പാർട്ടിക്ക് ഒരു ചലനവും ഉണ്ടാക്കാൻ കഴിയില്ല. കേരളത്തിൽ  വേരോട്ടം ഉണ്ടാക്കാൻ കഴിയുമെന്നാണ് മോഡി കരുതുന്നത്. ത്രിപുര കഴിഞ്ഞാൽ ഇനി കേരളമെന്ന് പറയുന്ന അദ്ദേഹം ഏത് ലോകത്താണ് ജീവിക്കുന്നത്. കേരളത്തെക്കുറിച്ച് അറിയാത്തത് കൊണ്ടാണ് മോഡി ഇക്കാര്യം ഉച്ചത്തിൽ പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു.
 

Latest News