Sorry, you need to enable JavaScript to visit this website.

യൂണിഫോമിന് നിറം മാത്രം നിശ്ചയിച്ച് ഏത് വസ്ത്രമെന്നത് കുട്ടികൾക്ക് വിട്ടുകൊടുക്കണമെന്ന് സർവേ ഫലം

  • പാഠപുസ്തക പരിഷ്‌കരണവും അധ്യാപകർക്ക് അവബോധ പരിശീലനം നൽകണം

കൊച്ചി- സംസ്ഥാനത്തെ സ്‌കൂളുകളിൽ യൂണിഫോമിന് നിറം മാത്രം നിശ്ചയിച്ച് ഏത് വസ്ത്രമെന്നത് കുട്ടികൾക്ക് വിട്ടുകൊടുക്കുന്ന രീതി നടപ്പാക്കണമെന്ന്  കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ എക്കണോമിക് ആന്റ് എൻവയൺമെന്റൽ സ്റ്റഡീസിന്റെ (സി എസ് ഇ എസ്) സർവെ റിപ്പോർട്ട്. കുട്ടികൾക്കിടയിൽ നടത്തിയ അഭിപ്രായ സർവെയുടെ അടിസ്ഥാനത്തിലാണ് നിർദേശം. 
സ്‌കൂളുകളിലെ ലിംഗവിവേചനത്തെക്കുറിച്ചുള്ള ചർച്ച മിക്കപ്പോഴും സ്‌കൂൾ യൂണിഫോമിന് ചുറ്റുമാണ് തിരിയുന്നതെന്ന് പഠനം പറയുന്നു. എന്നാൽ കേരളത്തിലെ സ്‌കൂൾ സംവിധാനത്തിൽ ലിംഗദേദത്തിന്റെ മറ്റ് നിരവധി പ്രശ്‌നങ്ങൾ  പരിഹരിക്കപ്പെടേണ്ടതുണ്ട്. സംസ്ഥാനത്തെ സ്‌കൂളുകളിൽ ലിംഗസമത്വം ഉറപ്പാക്കാനും ലിംഗപദവി സംബന്ധിച്ച മുൻവിധികൾ ഇല്ലാതാക്കാനും അടിയന്തര നടപടി വേണമെന്ന് റിപ്പോർട്ട് നിർദേശിച്ചു. ഇതിനായി പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും പുതുക്കണം. അധ്യാപകർക്ക് പരിശീലനം നൽകണം. അടിസ്ഥാന സൗകര്യങ്ങളിലും ജൻഡർ കാഴ്ച്ചപ്പാട് വേണം. വിദ്യാഭ്യാസ ചട്ടങ്ങളിലും ആവശ്യമായ മാറ്റങ്ങൾ വരുത്തണം. പാഠ്യപദ്ധതി ഉപദേശക സമിതി, കരിക്കുലം ഡ്രാഫ്റ്റിംഗ് കമ്മിറ്റി,  പാഠപുസ്തക കമ്മിറ്റികൾ എന്നിവയിൽ ലിംഗ സമതുലനം ഉണ്ടായിരിക്കണമെന്നും പഠനം പറയുന്നു.  സി എസ് ഇ എസിലെ ഡോ. രാഖി തിമോത്തിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പഠന റിപ്പോർട്ടിലാണ് നിർദേശങ്ങൾ മുന്നോട്ടുവെച്ചിരിക്കുന്നത്.


ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്ന സ്‌കൂളുകളിൽ  പോലും അവർ തമ്മിലുള്ള ആശയവിനിമയം പരിമിതമാണെന്ന് പഠനം പറയുന്നു.  കർശനമായ ലിംഗഭേദമാനദണ്ഡങ്ങളാണ് വിദ്യാർത്ഥികളുടെ സൗഹൃദം നിർണ്ണയിക്കുന്നത്. സ്‌കൂളിലേക്ക് പോകുമ്പോൾ പോലും, ആൺകുട്ടികളും പെൺകുട്ടികളും  വേർതിരിഞ്ഞ സംഘങ്ങളായി  നീങ്ങുന്നു. സ്‌കൂളിനുള്ളിലെ ഇടപെടലും ഇരിപ്പിട ക്രമീകരണവും ഇടവേളകളിലേയും ഉച്ചഭക്ഷണ വേളകളിലേയും  ഇടപഴകലും ഇത്തരത്തിലാണ്. ലിംഗമിശ്രിത ഗ്രൂപ്പുകൾ അപൂർവ്വമാണ്. ഒരു ആൺകുട്ടിയോ പെൺകുട്ടിയോ പരസ്പരം സൗഹാർദ്ദപരമായി പെരുമാറിയാൽ  അത് തെറ്റായിക്കണ്ട് ലിംഗഭേദ മാനദണ്ഡങ്ങൾ അടിച്ചേൽപ്പിക്കപ്പെടുന്നതായി സർവ്വേയിൽ പങ്കെടുത്ത വിദ്യാർത്ഥികൾ പറഞ്ഞു.


പെൺകുട്ടികളെയും ആൺകുട്ടികളെയും സ്‌കൂൾ പരിസരത്ത് ഇടപഴകാൻ അനുവദിക്കാത്ത അധ്യാപകരുടെ പെരുമാറ്റം വിദ്യാർത്ഥികൾ വിവരിച്ചു. അവർക്ക് ഒരുമിച്ച് പ്രവർത്തിക്കാൻ അനുവാദമുള്ള  ക്ലാസ് റൂം പ്രവർത്തനങ്ങൾ വളരെ പരിമിതമാണ്.  സർക്കാർ സ്‌കൂൾ ആയാലും എയ്ഡഡ് സ്‌കൂൾ ആയാലും ഇതിൽ വ്യത്യാസമില്ല. വിവിധ പ്രവർത്തനങ്ങൾക്കായി വിദ്യാർത്ഥികളെ ടീമുകളായി തിരിക്കുമ്പോൾ പോലും ആൺകുട്ടികളെയും പെൺകുട്ടികളെയും വേർതിരിക്കുന്നു.


സ്‌കൂളുകളിലെ ചുമതലകൾക്ക് കുട്ടികളെ നിയോഗിക്കുന്നതിലും ലിംഗസമത്വത്തിന്റെ അഭാവം  ദൃശ്യമാണ്. സ്‌കൂൾ അസംബ്ലിയിൽ, പ്രാർത്ഥനാ ഗാനങ്ങൾ ആലപിക്കുന്നത് പെൺകുട്ടികൾ ആയിരിക്കും; പ്രതിജ്ഞ ചൊല്ലുന്നതും ഇന്നത്തെ ചിന്ത അവതരിപ്പിക്കുന്നതും ആൺകുട്ടികളും.  അത്തരം ലിംഗഭേദപരമായ റോളുകൾ ന്യായീകരിക്കപ്പെടുന്നു എന്നതാണ് കൂടുതൽ  പ്രശ്‌നം. പെൺകുട്ടികൾ പ്രാർത്ഥനാ ഗാനങ്ങൾ ആലപിക്കുന്നതാണ് നല്ലത് എന്നായിരിക്കും ന്യായീകരണം. പല ഹൈസ്‌കൂളുകളിലും ഹയർസെക്കൻഡറികളിലും  പഠനേതരകാര്യങ്ങളിൽ മിക്കപ്പോഴും നേതൃത്വം വഹിക്കുന്നതും ആധിപത്യംനേടുന്നതും ആൺകുട്ടികളാണ്. പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മാത്രമാണ് പെൺകുട്ടികളെ ഏൽപ്പിക്കുന്നത്. പുറത്തേക്ക് പോകേണ്ട ആവശ്യങ്ങൾക്കും ആൺകുട്ടികളെ നിയോഗിക്കുകയാണ് പതിവ്.
ബോർഡിൽ എഴുതുക,പൂർത്തിയാക്കിയ റെക്കോഡ് ബുക്കുകളും ഗൃഹപാഠവും ശേഖരിക്കുക എന്നിവയ്‌ക്കൊക്കെ പെൺകുട്ടികളെ നിയോഗിക്കാറുണ്ട്. എന്നാൽ കമ്പ്യൂട്ടർ-സയൻസ് ലാബുകളിൽ ലാപ്‌ടോപ്പ്-പ്രൊജക്ടർ പോലെയുള്ളവ ഒരുക്കുക, ചാർട്ടുകളും ചോക്കും വാങ്ങുക, പരിപാടികൾ നടക്കുമ്പോൾ അധ്യാപകർക്ക് ശബ്ദ സംവിധാനം അടക്കമുള്ള സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ അടിയന്തരാവശ്യങ്ങൾ വരുമ്പോൾ  ആൺകുട്ടികളെയാണ് നിയോഗിക്കുക.


പെൺകുട്ടികളും ട്രാൻസ്ജൻഡർ വിഭാഗത്തിൽ പെട്ടവരും മറ്റ് നിശ്ചിതമല്ലാത്ത ലിംഗഭേദവിഭാഗങ്ങളിൽ പെട്ടവരും അടക്കം എല്ലാ വിദ്യാർത്ഥികളെയും ഉൾക്കൊള്ളുന്ന ഒരു പഠനാന്തരീക്ഷം സൃഷ്ടിക്കാൻ അധ്യാപകരെ പ്രാപ്തരാക്കണം.  ക്ലാസ്മുറിയിൽ പഠനപഠനേതര പ്രവർത്തനങ്ങളിലും ഇടപെടലുകളിലും ലിംഗപരമായ മുൻവിധികൾ മറികടക്കാൻ കഴിയുന്ന വിധത്തിൽ നിലവിലുള്ള അധ്യാപകർക്ക് ലിംഗസമത്വ ബോധവൽക്കരണം നൽകണം. കുട്ടികൾക്കുനേരെ ലൈംഗികഅതിക്രമങ്ങൾ ഉണ്ടാകുന്ന സാഹചര്യം തിരിച്ചറിയാനും നേരിടാനും കഴിയും വിധം അവരെ ബോധവൽക്കരിക്കണം. ലിംഗസമത്വവും വിദ്യാഭ്യാസവും എന്ന വിഷയത്തിൽ ഒരു പാഠഭാഗം ടിടിഐ, ബിഎഡ്, എംഎഡ്  തുടങ്ങിയ കോഴ്‌സുകളിൽ ഉണ്ടാകണം. നിലവിലുള്ള അദ്ധ്യാപകർക്ക് ഈ വിഷയത്തിൽ പരിശീലനം നിർബ്ബന്ധിതമാക്കണം. നോൺ ടീച്ചിങ്ങ്  സ്റ്റാഫിനും ആവശ്യമായ പരിശീലനം നൽകണം- റിപ്പോർട്ട് നിർദേശിക്കുന്നു.

Latest News