Sorry, you need to enable JavaScript to visit this website.

മദീനയില്‍ ഇലക്ട്രിക് ബസ് സര്‍വീസിന് തുടക്കം

ഇലക്ട്രിക് ബസ് സര്‍വീസ് ഉദ്ഘാടന ചടങ്ങില്‍ മദീന ഗവര്‍ണറും മദീന വികസന അതോറിറ്റി ചെയര്‍മാനുമായ ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍.

മദീന - പ്രവാചക നഗരിയില്‍ ഇലക്ട്രിക് ബസ് സര്‍വീസിന് തുടക്കമായി. മദീന ഗവര്‍ണറും മദീന വികസന അതോറിറ്റി ചെയര്‍മാനുമായ ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇലക്ട്രിക് ബസ് സര്‍വീസ് ഉദ്ഘാടനം ചെയ്തു. മദീന സന്ദര്‍ശകര്‍ക്കും നഗരവാസികള്‍ക്കും പരിസ്ഥിതി സൗഹൃദവും നൂതനുമായ പൊതുഗതാഗത സംവിധാനം പ്രദാനം ചെയ്യുന്ന സേവനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഗതാഗത, ലോജിസ്റ്റിക് സര്‍വീസ് മന്ത്രിയും പൊതുഗതാഗത അതോറിറ്റി ചെയര്‍മാനുമായ എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിറും മദീന മേയര്‍ എന്‍ജിനീയര്‍ ഫഹദ് അല്‍ബുലൈഹിശിയും സാപ്റ്റ്‌കോ സി.ഇ.ഒ എന്‍ജിനീയര്‍ ഖാലിദ് അല്‍ഹുഖൈലും സംബന്ധിച്ചു.
മദീന വികസന അതോറിറ്റിയുമായും മദീന നഗരസഭയുമായും സഹകരിച്ച് പൊതുഗതാഗത അതോറിറ്റി നടപ്പാക്കുന്ന പദ്ധതികളില്‍ ഒന്നാണ് മദീനയിലെ ഇലക്ട്രിക് ബസ് സര്‍വീസ്. പരിസ്ഥിതി സൗഹൃദവും നൂതനവുമായ ഗതാഗത സംവിധാനങ്ങള്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ട് പൊതുഗതാഗത അതോറിറ്റി നടത്തുന്ന പരീക്ഷണങ്ങളുടെ തുടച്ചയാണിത്. ഒറ്റത്തവണ ചാര്‍ജിംഗില്‍ 250 കിലോമീറ്റര്‍ ദൂരം താണ്ടാന്‍ ഇലക്ട്രിക് ബസിന് സാധിക്കും.
മദീന വിമാനത്താവളത്തില്‍ നിന്ന് മസ്ജിദുന്നബവിയിലേക്കും തിരിച്ചും ആകെ 38 കിലോമീറ്റര്‍ ദൂരത്തില്‍ ഇലക്ട്രിക് ബസ് ഷട്ടില്‍ സര്‍വീസുകള്‍ നടത്തും. ദിവസേന പതിനെട്ടു മണിക്കൂറിനിടെ 16 ലേറെ സര്‍വീസുകള്‍ ഇലക്ട്രിക് ബസ് നടത്തും. ആധുനിക എയര്‍ കണ്ടീഷനിംഗ് സംവിധാനവും യാത്രാ വിശദാംശങ്ങള്‍ വ്യക്തമാക്കുന്ന സ്‌ക്രീനുകളും വികലാംഗര്‍ക്കുള്ള സീറ്റുകളും ബസിന്റെ സവിശേഷതകളാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 

 

Latest News