Sorry, you need to enable JavaScript to visit this website.

അനിലുമായി ബന്ധപ്പെട്ട് ഇനിയൊരു പ്രതികരണത്തിനില്ല, മരിക്കുന്നത് വരെ കോൺഗ്രസ്, വികാരാധീനനായി ആന്റണി

തിരുവനന്തപുരം- ബി.ജെ.പിയിൽ ചേരാനുള്ള അനിലിന്റെ തീരുമാനം വേദനയുണ്ടാക്കിയെന്നും അത് തെറ്റായ തീരുമാനമായെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി വ്യക്തമാക്കി. ഇന്ത്യയുടെ ഐക്യത്തിന്റെ ആണിക്കല്ല് ബഹുസ്വരതയും മതേതരത്വവുമാണ്. 2014-ൽ മോഡി സർക്കാർ അധികാരമേറ്റ ശേഷം ആസൂത്രിതമായി നമ്മുടെ അടിസ്ഥാന നയങ്ങളെ, നമ്മുടെ രാജ്യം പ്രാണവായുപോലെ കാത്തുസൂക്ഷിച്ച നയങ്ങളെ ദുർബലപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. ഒന്നാം മോഡി സർക്കാറിന്റെ കാലത്ത് കാര്യങ്ങൾ മെല്ലെയായിരുന്നു നീങ്ങിയത്. എന്നാൽ 2019ൽ രണ്ടാമതും അധികാരത്തിലെത്തിയ മോഡി രാജ്യത്തിന്റെ ഐക്യത്തെ ദുർബലമാക്കാനാണ് നോക്കുന്നത്. സമുദായ സൗഹാർദ്ദം കൂടുതൽ ശിഥിലമാകുന്നു. ഇത് ആപത്കരമാണ്. എന്റെ അവസാന ശ്വാസം വരെ ബി.ജെ.പിക്കും ആർ.എസ്.എസിനും എതിരെ ശക്തമായി ശബ്ദം ഉയർത്തുമെന്നും ആന്റണി വ്യക്തമാക്കി. എല്ലാ ഇന്ത്യക്കാരെയും ഒരു പോലെ കണ്ട കുടുംബമാണ് നെഹ്‌റു കുടുംബം. ഇന്നും രാജ്യത്തിന്റെ അടിസ്ഥാന നയത്തിന് വേണ്ടി പോരാടുന്നവരാണ് ആ കുടുംബാംഗങ്ങൾ. ഇന്ദിരാഗാന്ധിയാണ് എന്നെ കൂടുതൽ പ്രോത്സാഹിപ്പിച്ചത്. പിന്നീട് ഇന്ദിരയുമായി അകന്നു. വീണ്ടും കോൺഗ്രസിൽ തിരിച്ചെത്തിയ ശേഷം ഇന്ദിരാ ഗാന്ധിയോടും ആ കുടുംബത്തിനോടും വലിയ അടുപ്പം സൂക്ഷിച്ചു. ആ കുടുംബത്തോടൊപ്പമായിരിക്കും ഞാൻ എല്ലാ കാലത്തു.എനിക്ക് 82 വയസായി. എത്ര കാലം ജീവിക്കും എന്നറിയില്ല. ദീർഘായുസിനോട് താൽപര്യമില്ല. എത്രകാലം ജീവിച്ചിരുന്നാലും മരിക്കുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസിനൊപ്പമായിരിക്കും. ഇനിയൊരിക്കലും അനിലുമായ ചോദ്യങ്ങൾക്കും വിശദീകരണങ്ങൾക്കുമില്ലെന്നും ആന്റണി പറഞ്ഞു. 

അനിൽ കെ. ആന്റണി ഇന്ന് രാവിലെയാണ് ബി.ജെ.പിയിൽ ചേർന്നത്. ദൽഹിയിൽ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പീയുഷ് ഗോയലിൽനിന്നാണ് അനിൽ ആന്റണി പാർട്ടി അംഗത്വം സ്വീകരിച്ചത്.2002ലെ ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും കുറിച്ചുള്ള ബി.ബി.സിയുടെ ഡോക്യുമെന്ററി വിവാദത്തെ തുടർന്ന് കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാവായിരുന്ന അനിൽ ആന്റണി ജനുവരിയിലാണ് കോൺഗ്രസ് വിട്ടത്. ബി.ജെ.പി നേതാക്കളായ പിയൂഷ് ഗോയൽ, വി.മുരളീധരൻ, പാർട്ടി കേരള ഘടകം അധ്യക്ഷൻ കെ. സുരേന്ദ്രൻ എന്നിവർ മുൻ കോൺഗ്രസ് നേതാവിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
 

Latest News