ജിസാൻ - ജിസാൻ പ്രവിശ്യയിൽ പെട്ട അഹദ് മസാരിഹയിലെ ഇസ്‌കാൻ അൽഹംസ റോഡിലുണ്ടായ വാഹനാപകടത്തിൽ ആറു പേർ മരണപ്പെട്ടു. സൗദി പൗരനും ഭാര്യയും മൂന്നു പെൺമക്കളും ഇവരുടെ ബന്ധുവായ ബലനുമാണ് മരിച്ചത്. മറ്റൊരു ബന്ധുവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രോഗശയ്യയിലായ ഭാര്യാമാതാവിനെ സന്ദർശിച്ച് സഹായം നൽകാൻ കഴിഞ്ഞ ദിവസം പുലർച്ചെ പോകുന്നതിനിടെയാണ് സൗദി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. മറ്റൊരു കാറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് കാർ കീഴ്‌മേൽ മറിയുകയായിരുന്നു. സഹോദരിയും ഭർത്താവും മൂന്നു പെൺമക്കളും മറ്റൊരു സഹോദരിയുടെ രണ്ടു മക്കളുമാണ് കാറിലുണ്ടായിരുന്നതെന്ന് അപകടത്തിൽ മരണപ്പെട്ട സൗദി വനിതയുടെ സഹോദരൻ ഹുസൈൻ നുശൈലി പറഞ്ഞു. ഒരു സഹോദരീ പുത്രൻ ഒഴികെ കാറിലുണ്ടായിരുന്നവരെല്ലാവരും അപകടത്തിൽ മരണപ്പെട്ടു. എതിർദിശയിൽ അമിത വേഗതയിൽ സഞ്ചരിച്ച രണ്ടാമത്തെ കാർ തന്റെ സഹോദരിയും കുടുംബവും സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നെന്നും ഹുസൈൻ നുശൈലി പറഞ്ഞു.






