Sorry, you need to enable JavaScript to visit this website.

യു.എ.ഇയിൽ ഇറാൻ അംബാസഡറെ നിയമിച്ചു

റിയാദ് - ഗൾഫ് രാജ്യങ്ങളും ഇറാനും തമ്മിലുള്ള ബന്ധം പുനഃക്രമീകരിക്കാനുള്ള ശ്രമങ്ങൾക്കിടെ ഏഴു വർഷത്തിനു ശേഷം ആദ്യമായി യു.എ.ഇയിൽ ഇറാൻ അംബാസഡറെ നിയമിച്ചു. ഇറാനുമായുള്ള ബന്ധം ശക്തമാക്കുന്നതായും തെഹ്‌റാനിലേക്ക് തങ്ങളുടെ അംബാസഡർ മടങ്ങുന്നതായും ഓഗസ്റ്റിൽ യു.എ.ഇ അറിയിച്ചിരുന്നു. റസാ അമീരിയാണ് യു.എ.ഇയിലെ പുതിയ ഇറാൻ അംബാസഡർ. ഇദ്ദേഹം നേരത്തെ ഇറാൻ വിദേശ മന്ത്രാലയത്തിൽ ഇറാൻ പ്രവാസികാര്യ ഓഫീസ് ഡയറക്ടർ ജനറലായി സേവനമനുഷ്ഠിച്ചിരുന്നു. ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ശംഖാനി കഴിഞ്ഞ മാസം അബുദാബി സന്ദർശിച്ച് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്‌യാനുമായി ചർച്ച നടത്തിയിരുന്നു. 
അതിനിടെ, സമാധാന പ്രക്രിയയെ പിന്തുണച്ച്, യെമനിൽ ദീർഘകാലമായി നിലനിൽക്കുന്ന സംഘർഷം അവസാനിപ്പിക്കാൻ സഹായിക്കുന്നതിനുള്ള യു.എസ് ആഹ്വാനത്തെ ഇറാൻ സ്വാഗതം ചെയ്തു. വരാനിരിക്കുന്ന രാഷ്ട്രീയ പ്രക്രിയക്ക് ഇറാൻ പിന്തുണ നൽകുന്നത് കാണാൻ അമേരിക്ക ആഗ്രഹിക്കുന്നതായി യെമനിലേക്കുള്ള അമേരിക്കയുടെ പ്രത്യേക ദൂതൻ തിമോത്തി ലിൻഡർകിംഗ് പറഞ്ഞു. അമേരിക്കൻ ദൂതന്റെ ആഹ്വാനം സന്തോഷകരമാണെന്ന് ഇറാൻ വിദേശ മന്ത്രാലയ വക്താവ് നാസിർ കനാനി വിശേഷിപ്പിച്ചു. യുദ്ധത്തിന്റെ തുടക്കം മുതൽ ഇറാൻ ഒരു സമാധാന പ്രക്രിയക്കായി പരിശ്രമിക്കുകയായിരുന്നു എന്നും വിദേശ മന്ത്രാലയ വക്താവ് പറഞ്ഞു. കഴിഞ്ഞ ഒക്‌ടോബറിൽ കാലാവധി അവസാനിച്ചിട്ടും വെടിനിർത്തൽ വലിയ തോതിൽ നിലനിൽക്കുന്നതിനെ പ്രതീക്ഷയുടെ നിമിഷം എന്ന് യെമനിലേക്കുള്ള യു.എൻ ദൂതൻ ഹാൻസ് ഗ്രുൻഡ്‌ബെർഗ് വിശേഷിപ്പിച്ചു.
 

Latest News