ഇടുക്കി - ക്ഷേത്രത്തിലെ ഉത്സവത്തിന് ക്രമസമാധാന പരിപാലനത്തിന് പോയ പോലിസ് ഉദ്യോഗസ്ഥന്‍ അടിച്ച് പൂസായി നാട്ടുകാര്‍ക്കിടയില്‍ ഡാന്‍സ് കളിച്ചു. ഒടുവില്‍ പണി പോയി. ശാന്തന്‍പാറ അഡീഷണല്‍ എസ്.ഐ കെ.പി ഷാജിയെയാണ് മദ്യപിച്ച് പൊതുജന മധ്യത്തില്‍ ഡാന്‍സ് കളിച്ചതിന് സസ്‌പെന്‍ഡ് ചെയ്തത്.
പൂപ്പാറ മാരിയമ്മന്‍ ക്ഷേത്രത്തിലെ ഉല്‍സവത്തിനിടയിലായിരുന്നു സംഭവം. ഇവിടെ ക്രമസമാധാന പാലനത്തിന് നിയോഗിക്കപ്പെട്ടതായിരുന്നു ശാന്തന്‍പാറ എ എസ് ഐ ഷാജിയും സംഘവും. ഉത്സവത്തിനെത്തിയപ്പോള്‍ തന്നെ ഷാജി നന്നായി മദ്യപിച്ചിരുന്നു. ഇതിനിടെയാണ് ' മാരിയമ്മാ, കാളിയമ്മാ ' എന്ന തമിഴ്ഗാനം സ്പീക്കറില്‍ കേള്‍ക്കുന്നത്. ഇതോടെ മദ്യലഹരിയിലായിരുന്ന ഷാജിക്ക് പിടിച്ചു നില്‍ക്കാനായില്ല. ആളുകള്‍ക്ക് നടുവില്‍ നിന്നുകൊണ്ട് തന്നെ യൂണിഫോമില്‍ ഡാന്‍സ് തുടങ്ങി. ഡ്യൂട്ടിക്ക് വന്നതാണെന്ന ഓര്‍മ്മ പോലുമില്ലാതെ പിന്നെ തകര്‍ത്തൊരു കളിയാണ്. നാട്ടുകാര്‍ കൂടിയതോടെ ആവേശവും കൂടി. ഡാന്‍സ് നീണ്ടു പോയതോടെ നാട്ടുകാരില്‍ ചിലര്‍ പിടിച്ചു മാറ്റുകയായിരുന്നു. പക്ഷേ അപ്പോഴേക്കും സോഷ്യല്‍ മീഡിയയില്‍ പോലിസ് ഉദ്യോഗസ്ഥന്റെ ഡാന്‍സ് വൈറലായി കഴിഞ്ഞിരുന്നു. ഇതോടെ അന്വേഷണവുമായി സ്‌പെഷ്യല്‍ ബ്രാഞ്ച് എത്തി. മദ്യലഹരിയിലാണ് ഷാജി പൊതുജന മധ്യത്തില്‍ യൂണിഫോമില്‍ ഡാന്‍സ് ചെയ്തതെന്ന് തെളിഞ്ഞതോടെ ഇയാള്‍ക്കെതിരെ നടപടിക്ക് സ്‌പെഷ്യല്‍ ബ്രാഞ്ച് ശുപാര്‍ശ ചെയ്യുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നാര്‍ ഡി വൈ എസ് പിയാണ് ഷാജിയെ സസ്‌പെന്‍ഡ് ചെയ്തത്.