മദ്യപാനം തടഞ്ഞ പന്ത്രണ്ടാം ഭാര്യയെ  ഭര്‍ത്താവ് ക്രൂരമായി  മര്‍ദിച്ച് കൊന്നു 

റാഞ്ചി- മദ്യലഹരിയില്‍ പന്ത്രണ്ടാമത്തെ ഭാര്യയെ ഭര്‍ത്താവ് മര്‍ദിച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. ഝാര്‍ഖണ്ഡിലെ ബൊക്കാറോയില്‍ നിന്നാണ് ദാരുണ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. രാം ചന്ദ്ര തുരി എന്നയാളാണ് ഭാര്യ സാവിത്രി ദേവിയെ കൊലപ്പെടുത്തിയത്.
ഇയാള്‍ നേരത്തെ പതിനൊന്ന് തവണ വിവാഹിതനായിരുന്നു. മദ്യപാനത്തെ തുടര്‍ന്നുള്ള വഴക്കുമൂലം ഭാര്യമാരെല്ലാം ഇയാളെ ഉപേക്ഷിച്ചുപോയി. 20 വര്‍ഷം മുമ്പാണ് പ്രതി സാവിത്രി ദേവിയെ വിവാഹം കഴിച്ചത്. ദമ്പതികള്‍ക്ക് നാല് മക്കളുണ്ട്. മക്കളില്‍ ഒരാള്‍ ഹൈദരാബാദിലാണ് ജോലി ചെയ്യുന്നത്. സംഭവദിവസം ബാക്കി മൂന്നുപേരും ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരുന്നു. രാം ചന്ദ്ര തുരി മദ്യലഹരിയിലാണ് വീട്ടിലേക്ക് പോയതെന്ന് അയല്‍വാസികള്‍ പറയുന്നു. വീട്ടിലെത്തി വീണ്ടും മദ്യപിക്കാന്‍ തുടങ്ങിയപ്പോള്‍ സാവിത്രി ദേവി തടഞ്ഞു. തുടര്‍ന്ന് പ്രകോപിതനായ പ്രതി വടികൊണ്ട് ഭാര്യയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തിരികെ വീട്ടിലെത്തിയ മക്കള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന അമ്മയെയാണ് കണ്ടത്. കുട്ടികളുടെ നിലവിളികേട്ടാണ് അയല്‍വാസികള്‍ സ്ഥലത്തെത്തിയത്. ഇവര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.


 

Latest News