Sorry, you need to enable JavaScript to visit this website.

ഇടപാടുകാരെ വലച്ച് ബാങ്കുകളുടെ ചൂഷണം

മലപ്പുറം- പൊതുമേഖലാ ബാങ്കുകളും സ്വകാര്യബാങ്കുകളും ഇടപാടുകൾക്ക് പുതിയ നിബന്ധനകൾ കൊണ്ടു വന്നത് അക്കൗണ്ട് ഉടമകളെ വലക്കുന്നു.സൗജന്യ ഇടപാടുകളുടെ എണ്ണം കുറച്ചും അക്കൗണ്ടുകളിൽ സൂക്ഷിക്കേണ്ട മിനിമം ബാലൻസ് തുക ഉയർത്തിയും വിവിധ ഇനങ്ങളിൽ പുതിയ പിഴകൾ ഏർപ്പെടുത്തിയുമാണ് ബാങ്കുകൾ ഇടപാടുകാരെ ചൂഷണം ചെയ്യുന്നത്. 
സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ബാങ്കുകൾ കൊണ്ടു വന്ന പുതിയ നിബന്ധനകൾ വഴി കോടിക്കണക്കിന് രൂപയാണ് ബാങ്കുകളിലെത്തുന്നത്. ഏറെ ആശയകുഴപ്പം സൃഷ്ടിക്കുന്ന പുതിയ നിബന്ധനകൾ ഇടപാടുകാർക്ക് മനസ്സിലാകാത്തത് ബാങ്കുകൾക്ക് പണം കൊയ്യാൻ കൂടുതൽ സൗകര്യമൊരുക്കുകയാണ്. പരാതികളുമായി ഏറെ പേർ രംഗത്തെത്തുന്നുണ്ടെങ്കിലും റിസർവ്വ് ബാങ്കിന്റെ അനുമതിയുമായാണ് ബാങ്കുകൾ പുതിയ നിബന്ധനകൾ ഏർപ്പെടുത്തിയതെന്നത് ജനങ്ങൾ നിസ്സഹായരാക്കുകയും ചെയ്യുന്നു.
ഇക്കഴിഞ്ഞ ഏപ്രിൽ മുതലാണ് മിക്ക ബാങ്കുകളും പുതിയ നിബന്ധനകൾ ഏർപ്പെടുത്തിയത്. എന്നാൽ ഇക്കാര്യം ഇടപാടുകാരെ പല ബാങ്കുകളും അറിയിച്ചിട്ടില്ല. പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയിൽ ഇടപാടുകാർക്ക് സ്വന്തം അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നതിനു പോലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. മാസത്തിൽ മൂന്ന് ഡെപോസിറ്റുകൾ മാത്രമാണ് എസ്.ബി.ഐ. സൗജന്യമായി അനുവദിക്കുന്നത്. 
നാലാമത്തെ ഡെപോസിറ്റിന് അമ്പത് രൂപ ഫീസും ടാക്‌സുമടക്കം 59 രൂപ ഈടാക്കാൻ ഏപ്രിൽ ഒന്നു മുതൽ ആരംഭിച്ചിരിക്കുന്നു. നിക്ഷേപിക്കുന്ന തുക എത്ര ചെറുതാണെങ്കിലും ഈ ഫീസ് ബാങ്ക് ഈടാക്കുന്നുണ്ട്. ഇതു സംബന്ധിച്ച് ഇടപാടുകാർക്ക് വ്യക്തിപരമായ അറിയിപ്പൊന്നും ബാങ്കുകൾ നൽകിയിട്ടില്ല.പലരുടെയും അക്കൗണ്ടിൽ നിന്ന് 59 രൂപ വീതം ബാങ്കുകൾ എടുക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പരാതികൾ ഉയർന്നത്. ബാങ്കിന്റെ ബ്രാഞ്ചുകളിൽ അന്വേഷിക്കുന്നവർക്ക് വ്യക്തമായ മറുപടിയല്ല ലഭിക്കുന്നത്. ഹെഡ്ഡ് ഓഫീസുമായി ബന്ധപ്പെടാനാണ് ചില ഇടപാടുകാരോട് ബാങ്കിലുള്ള ഉദ്യോഗസ്ഥർ പറയുന്നത്. ഇക്കാര്യത്തിൽ തങ്ങൾ നിസ്സഹായരാണെന്നും അവർ പറയുന്നു. 
സാധാരണക്കാരായ ഇടപാടുകാർ പരാതിപ്പെടാൻ പോലുമാകാതെ സ്വന്തം അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നതിന് പോലും ബാങ്കിന് പണം നൽകേണ്ട അവസ്ഥയാണ്.
സ്വകാര്യമേഖലയിലുള്ള ന്യുജനറേഷൻ ബാങ്കുകൾ ഏപ്രിൽ മുതൽ മിനിമം ബാലൻസ് തുക വൻതോതിൽ വർധിപ്പിച്ചു. പ്രമുഖ ബാങ്കായ ആക്‌സിസ് ബാങ്കിൽ കുറഞ്ഞ ബാലൻസ് പതിനായിരം നിലനിർത്തണമെന്നാണ് പുതിയ നിബന്ധന. നേരത്തെ ഇത് ആയിരം രൂപയായിരുന്നു. 
ഒരു മാസം പതിനായിരം രൂപയുടെ ശരാശരി ബാലൻസ് അക്കൗണ്ടിൽ നിലനിർത്തിയിട്ടില്ലെങ്കിൽ പിഴ ഈടാക്കുന്നതാണ് പുതിയ നിബന്ധന. എസ്.ബി.ഐയുടെ നഗര ബ്രാഞ്ചുകളിലെ അക്കൗണ്ടുകളിൽ മിനിമം ബാലൻസ് 3000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. മിനിമം ബാലൻസ് തുക വർധിപ്പിക്കുന്നതിലൂടെ ഇടപാടുകാരുടെ പണം കൂടുതലായി കൈവശം വെക്കാനുള്ള നീക്കമാണ് ബാങ്കുകൾ ആരംഭിച്ചിരിക്കുന്നത്. ഇടപാടുകാരുടെ മിനിമം ബാലൻസ് ഉപയോഗിച്ച് ബിസിനസ് നടത്തി ലാഭമുണ്ടാക്കുകയെന്നതാണ് പുതിയ തന്ത്രം.
ബാങ്കുകളുടെ എ.ടി.എമ്മുകളുടെ ഉപയോഗത്തിലുള്ള നിയന്ത്രണം ഇപ്പോഴും തുടരുന്നുണ്ട്. സൗജന്യ ഇടപാടുകളുടെ എണ്ണം നാലായാണ് നിജപ്പെടുത്തിയിരുന്നത്. അധികമായി നടത്തുന്ന ഇടപാടുകൾക്ക് ഓരോ ബാങ്കുകളും ഓരോ തരത്തിലാണ് പിഴ ഈടാക്കുന്നത്. മറ്റു ബാങ്കുകളുടെ എ.ടി.എമ്മുകൾ ഉപയോഗിക്കുമ്പോഴാണ് കൂടുതൽ ഫീസ് ഈടാക്കുന്നത്. പല ബാങ്കുകളും എ.ടി.എമ്മുകളിൽ പണം നിക്ഷേപിക്കാത്തത് മൂലം മറ്റു ബാങ്കുകളുടെ എ.ടി.എമ്മുകളെ ആശ്രയിക്കേണ്ട ഗതികേട് ഇടപാടുകാർക്കുണ്ട്. മാത്രമല്ല, പല ബാങ്കുകളും എ.ടി.എമ്മുകളിൽനിന്ന് പിൻവലിക്കാവുന്ന തുകക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുമുണ്ട്. 
മിക്ക മെഷിനുകളിലും പതിനായിരം രൂപയിൽ കൂടുതൽ പണം പിൻവലിക്കാനാവുന്നില്ല. ഇത് മൂലം കൂടുതൽ തുക ആവശ്യമുള്ളവർക്ക് ഒന്നിലേറെ ഇടപാടുകൾ നടത്തേണ്ടിവരുന്നു. ഇതോടെ കൂടുതൽ ഇടപാട് നടത്തിയതിന് ഫീസും നൽകേണ്ട ഗതികേടാണുള്ളത്.
ബാങ്കിംഗ് മേഖലയിൽ ഏറെ കുറെ രഹസ്യമായി ഏർപ്പെടുത്തി കൊണ്ടിരിക്കുന്ന പുതിയ നിബന്ധനകൾ ഇടപാടുകാർക്ക് വലിയ സാമ്പത്തിക നഷ്ടമാണുണ്ടാക്കുന്നത്. ചെറിയ തുകകൾ നഷ്ടപ്പെടുന്നതിനാൽ പലരും അക്കാര്യം ശ്രദ്ധിക്കാറില്ല. ലക്ഷക്കണക്കിന് ഇടപാടുകാരിൽ നിന്നായി ബാങ്കുകൾ ഈ ഇനത്തിൽ കൊയ്യുന്നത് കോടിക്കണക്കിന് രൂപയുമാണ്. 

Latest News