രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് നൈറ്റ് മാര്‍ച്ച്

കൊച്ചി- രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് നൈറ്റ് മാര്‍ച്ച്. എറണാകുളം ഡി. സി. സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നൈറ്റ് മാര്‍ച്ച് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു.

ഇടപ്പള്ളിയില്‍ നിന്ന് പലാരിവട്ടത്തേക്ക് തീപ്പന്തവുമേന്തിയാണ് നൈറ്റ് മാര്‍ച്ച് നടത്തിയത്. വര്‍ഗ്ഗീയതക്കും ഫാസിസത്തിനും വിദ്വേഷത്തിനുമെതിരെ ജനാധിപത്യത്തിന്റെ നിലനില്‍പ്പിനായി പോരാട്ടം നടത്തുന്നവരുടെ പ്രതീകമാണ് രാഹുല്‍ ഗാന്ധിയെന്ന് വി. ഡി സതീശന്‍ പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനികളുടെ പോരാട്ടത്തിലൂടെ ലഭിച്ച സ്വാതന്ത്ര്യം നിലനിര്‍ത്താനുള്ള പോരാട്ടമാണ് രാജ്യത്തിപ്പോള്‍ നടക്കുന്നതെന്നും അതിനാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഡി. സി. സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. എം. എല്‍. എമാരായ ടി. ജെ. വിനോദ്, ഉമ തോമസ്, അന്‍വര്‍ സാദത്ത്, വി. പി. സജീന്ദ്രന്‍, എസ്. അശോകന്‍, ജെയ്സണ്‍ ജോസഫ്, കെ. പി. ധനപാലന്‍, ജോസഫ് വാഴക്കന്‍, ഐ. കെ. രാജു, ദീപ്തി മേരി വര്‍ഗീസ്, എം. ആര്‍. അഭിലാഷ്, തമ്പി സുബ്രഹ്മണ്യം, ടോണി ചമ്മണി, എന്‍. വേണുഗോപാല്‍, പി. ജെ. ജോയി, ബാബു പുത്തനങ്ങാടി, കെ. ബി. സാബു, പി. കെ. മിനിമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Latest News