റൂഹ് അഫ്‌സ; വിഭജനത്തിന്റെ കയ്പിലും മധുരം ചേര്‍ത്തെഴുതിയ പേര് 

ദുബായ്- പലപ്പോഴും ഇഫ്താറുകളോടൊപ്പം ചേര്‍ത്തു പറയുന്ന ഒരു പേരുണ്ട്- റൂഹ് അഫ്‌സ. ആത്മാവിന് നവോന്മേഷം എന്നര്‍ഥം വരുന്ന ഉര്‍ദു പദമാണത്. പണ്ഡിറ്റ് ദിയാ ശങ്കര്‍ നാസിമിന്റെ മസ്‌നവി ഗുല്‍സാര്‍ ഇ നാസിം എന്ന കാവ്യപുസ്തകത്തില്‍ നിന്നും കുപ്പിയിലേക്കിറങ്ങി വന്ന കഥാപാത്രം! അറബിക്കഥയില്‍ അലാവുദ്ദീന്റെ ജിന്ന് മാന്ത്രിക വിളക്കില്‍ നിന്നാണ് യജമാനനെ സേവിക്കാന്‍ വരുന്നതെങ്കില്‍ റൂഹ് അഫ്‌സ കുപ്പിയില്‍ നിന്നാണ് അത് കുടിക്കുന്നവരുടെ ആത്മാവിന് നവോന്മേഷം നല്‍കാന്‍ ഒഴുകിയിറങ്ങുന്നത്. 

വെള്ളത്തില്‍ റൂഹ് അഫ്‌സയും ചെറുനാരങ്ങയും ചേര്‍ത്ത് കുടിക്കാനാണ് ചിലര്‍ക്കിഷ്ടം. മറ്റു ചിലര്‍ക്കാവട്ടെ തണുത്ത പാലില്‍ ചേര്‍ത്ത് കുടിക്കാനും. എങ്ങനെ കുടിച്ചാലും ആത്മാവും ശരീരവും ഉന്മേഷദായകമാകുമെന്ന് കുടിക്കുന്നവര്‍ക്കറിയാം.  

ഒരു നൂറ്റാണ്ടും പതിനഞ്ചു വര്‍ഷവും പിന്നിട്ട ചരിത്രമാണ് റൂഹ് അഫ്‌സയ്ക്കുള്ളത്. ഇന്ത്യാ- പാക് വിഭജനത്തിനും അതോടനുബന്ധിച്ചുള്ള സങ്കീര്‍ണതയ്ക്കുമെല്ലാം ഈ പാനീയം സാക്ഷ്യം വഹിച്ചു- വിഭജന കാലത്തെ കയ്പിന് മധുരം പകരാനെന്ന പോലെ. 

ഡല്‍ഹി തെരുവിലേക്ക് പിറന്നുവീണ പാനീയമാണ് റൂഹ് അഫ്‌സയെന്ന് പലര്‍ക്കുമറിയില്ല. ചൂടിനെ ചെറുക്കാനും ശരീരത്തിലെ ജലാംശം നഷ്ടമാകുന്ന കുറക്കാനും എന്തുവഴിയെന്ന് ആലോചിച്ച പഴയ ഡല്‍ഹിയിലെ ഗല്ലികളിലൊന്നില്‍ 1908ലാണ് ഹക്കീം ഹാഫിസ് അബ്ദുല്‍ മജീദ് റൂഹ് അഫ്‌സ ആദ്യമായി ഔഷധക്കൂട്ടൊരുക്കിയെടുത്തത്. പരമ്പരാഗത യുനാനി വൈദ്യത്തില്‍ നിന്ന് ഔഷധസസ്യങ്ങളും സിറപ്പുകളും തെരഞ്ഞെടുത്ത്, ചൂടിനെ പ്രതിരോധിക്കാനും  ഹൃദയമിടിപ്പ് കുറയ്ക്കാനും ജലനഷ്ടം തടയാനും സഹായിക്കുന്ന പാനീയമാണ് അദ്ദേഹം നിര്‍മിച്ചെടുത്തത്. ചൂടിനെ പ്രതിരോധിച്ച് കവിളില്‍ തുടങ്ങി ആമാശയത്തിലേക്ക് ആശ്വാസത്തിന്റെ നീരൊഴുക്ക് സൃഷ്ടിക്കുന്ന പാനീയത്തിന് റൂഹ് അഫ്‌സ എന്നല്ലാത്ത മറ്റൊരു പേരും ചേരുമായിരുന്നില്ല. 

പല നിറങ്ങളിലുള്ള റൂഹ് അഫ്‌സയുടെ ലേബല്‍ തയ്യാറാക്കിയത് 1910ലായിരുന്നു. മിര്‍സ നൂര്‍ അഹമ്മദ് എന്ന കലാകാരന്റെ കരവിരുതായിരുന്നു ആ ലേബല്‍. അക്കാലത്ത് വര്‍ണാഭമായ പ്രിന്റുകള്‍ ഡല്‍ഹിയില്‍ ചെയ്‌തെടുക്കാനാവാത്തതിനാല്‍ ബോംബെയില്‍ പാഴ്‌സികളുടെ ബള്‍ട്ടണ്‍ പ്രസ് പ്രത്യേക ക്രമീകരണം നടത്തിയാണ് ലേബലുകള്‍ അച്ചടിച്ചെടുത്തത്. 

അബ്ദുല്‍ മജീദിന്റെ പാനീയത്തിന് പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ സ്വീകരണമായിരുന്നു ലഭിച്ചത്. റൂഹ് അഫ്‌സയുടെ രുചിയിലും മണത്തിലും ആകൃഷ്ടരായി 'ഹോ ക്യാ രഹാ ഹേ?' (എന്താണ് സംഭവിക്കുന്നത്?) എന്നു ചോദിച്ചുകൊണ്ട് ജനക്കൂട്ടം ചുറ്റും കൂടുകയും ഉണ്ടാക്കിയവയെല്ലാം ഒരു മണിക്കൂറിനുള്ളില്‍ വിറ്റുപോയതായും ഹക്കീം ഹാഫിസ് അബ്ദുല്‍ മജീദിന്റെ കൊച്ചുമകന്‍ അബ്ദുല്‍ മജീബിനെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഹംദാര്‍ദ് ഇന്ത്യയുടെ സി ഇ ഒ ആയ അബ്ദുല്‍ മജീബ് പരമ്പരാഗത വൈദ്യന്മാരുടെ കുടുംബത്തിലെ ഇളം തലമുറയാണ്. റൂഹ് അഫ്‌സയുടെ കമ്പോള സാധ്യത തിരിച്ചറിയാന്‍ തന്റെ മുന്‍ഗാമികള്‍ക്ക് സാധിച്ചതാണ് ഇത്രയും വിജയകരമായി ഇപ്പോഴും തുടരുന്നതിന് പിന്നിലെ രഹസ്യമെന്ന് അദ്ദേഹം പറയുന്നു. 

1947ലെ ഇന്ത്യാ വിഭജനം അവരുടെ കുടുംബത്തേയും റൂഹ് അഫ്‌സയേയും വിഭജിച്ചു. കുടുംബത്തിലെ ഭൂരഭാഗം പേരും പാകിസ്താനിലേക്ക് പോയപ്പോള്‍ അബ്ദുല്‍ മജീബിന്റെ  മുത്തച്ഛന്‍ ഹക്കീം അബ്ദുല്‍ ഹമീദും അദ്ദേഹത്തിന്റെ രണ്ട് മക്കളും ഇന്ത്യയില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ ഹക്കിം മുഹമ്മദ് സെയ്ദ് പാകിസ്ഥാനിലേക്ക് പോയപ്പോഴും 'ഇത് എന്റെ മാതൃരാജ്യമായതിനാല്‍ എനിക്ക് ഇന്ത്യ വിടാന്‍ കഴിയില്ല' എന്ന നിലപാടായിരുന്നു ഹക്കീം അബ്ദുല്‍ ഹമീദിനുണ്ടായിരുന്നത്. 

സഹോദരങ്ങള്‍ ഇന്ത്യയിലും പാകിസ്താനിലുമായി വിഭജിച്ചു പോയെങ്കിലും ഇരുവരും അവരുടെ പിതാവിന്റെ പാരമ്പര്യം സ്വന്തമായി നിലനിര്‍ത്തി. ഇന്ത്യയിലെ ബിസിനസ് നേരത്തെ തുടങ്ങിയതിനാല്‍ കടുത്ത ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നില്ല. എന്നാല്‍ പാകിസ്താനിലെ സ്ഥിതി അങ്ങനെയായിരുന്നില്ല. റൂഹ് അഫ്‌സയെ പാകിസ്ഥാനില്‍ അവതരിപ്പിക്കുന്നതിന് മുഹമ്മദ് സെയ്ദിന് ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു.

തന്റെ പിതാവ് മുഹമ്മദ് സെയ്ദ് 1948 ജനുവരി ഒന്‍പതിനാണ് പാകിസ്താനിലേക്ക് കുടിയേറിയതെന്ന് ഹംദാര്‍ദ് ലബോറട്ടറീസ് (വഖ്ഫ്) പാകിസ്ഥാന്‍ ചെയര്‍പേഴ്സണും ഹംദാര്‍ദ് ഫൗണ്ടേഷന്‍ പാകിസ്ഥാന്‍ പ്രസിഡന്റുമായ സാദിയ റാഷിദിനെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് പറയുന്നു. വളര്‍ന്നുവരുന്ന രാജ്യത്തിന്റെ വെല്ലുവിളികളും മാര്‍ഗങ്ങളുടെ അഭാവവും കടുത്ത ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചുവെങ്കിലും കറാച്ചിയിലെ ആരാംബാഗിലെ പഴയ പ്രദേശത്തെ രണ്ട് വാടക മുറികളില്‍ 12 രൂപയ്ക്ക് ഫര്‍ണിച്ചറുകള്‍ വാടകയ്‌ക്കെടുത്ത് അദ്ദേഹം ഹംദര്‍ദ് പാക്കിസ്ഥാന്റെ അടിത്തറ പാകിയെന്നാണ് സാദിയ റാഷിദ് പറയുന്നത്. 

1953-ലാണ് ഹംദാര്‍ദ് ലബോറട്ടറീസ് പാകിസ്ഥാന്‍ ലാഭകരമായത്. മാത്രമല്ല അതൊരു വഖ്ഫ് അല്ലെങ്കില്‍ മുസ്‌ലിം എന്‍ഡോവ്‌മെന്റ് സ്ഥാപനമായി പരിവര്‍ത്തനം ചെയ്യപ്പെട്ടു.

വിഭജനം റൂഹ് അഫ്‌സ ബ്രാന്‍ഡിന് യാതൊരു ഭീഷണിയും ഉയര്‍ത്തിയില്ലെങ്കിലും പാക്കിസ്ഥാനില്‍ എല്ലാം ആദ്യം മുതല്‍ ആരംഭിക്കേണ്ടതുണ്ടായിരുന്നു. തുടക്കത്തില്‍ വലിയ അളവിലുള്ള വില്‍പ്പനയൊന്നും നടന്നില്ലെങ്കിലും പിന്നീട് സ്ഥിതി മാറി. 

ഉപഭോക്താക്കളുടെ ഇഷ്ട ബ്രാന്റുകള്‍ പലതും ഒറ്റ അക്കത്തില്‍ വളരുമ്പോള്‍ ഹംദാര്‍ദ് ലബോറട്ടറീസ് (ഇന്ത്യ) പ്രതിവര്‍ഷം രേഖപ്പെടുത്തുന്നത് 20 ശതമാനം വളര്‍ച്ചയാണെന്നാണ് ഹംദാര്‍ദ് ലബോറട്ടറീസ് (ഇന്ത്യ) ചീഫ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ മന്‍സൂര്‍ അലി പാനീയത്തിന്റെ ജനപ്രീതി ആവര്‍ത്തിച്ചു. 

ഇന്ത്യയിലും പാകിസ്താനിലും മാത്രമല്ല പഴയ കിഴക്കന്‍ പാകിസ്താനിലും തന്റെ പിതാവ് മുഹമ്മദ് സെയ്ദ് പാകിസ്താന്‍ ഹംദാര്‍ദിന്റെ ഒരു ശാഖ ആരംഭിച്ചിരുന്നതായി സാദിയ റാഷിദ് പറയുന്നു. ബംഗ്ലാദേശായി കിഴക്കന്‍ പാകിസ്താന്‍ വിഭജിക്കപ്പെട്ടതിന് ശേഷം അദ്ദേഹം ഓഫിസും പ്ലാന്റും അവിടുത്തെ തൊഴിലാളികള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു.

Latest News