Sorry, you need to enable JavaScript to visit this website.

മുസ്‌ലിം നേതാക്കള്‍ അമിത് ഷായെ കണ്ടു, പോസീറ്റീവ് പ്രതികരണം

ന്യൂദല്‍ഹി- രാമനവമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളുടേയും വിദ്വേഷ പ്രസംഗങ്ങളുടേയും പശ്ചാത്തലത്തില്‍ ചില മുസ്‌ലിം മത നേതാക്കള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്തി. ചൊവ്വാഴ്ച രാത്രിയിലായിരുന്നു കൂടിക്കാഴ്ച.
ജംഇയ്യത്തുല്‍ ഉലമയെ ഹിന്ദ് അധ്യക്ഷന്‍ മൗലാന മഹമൂദ് മദനി, സെക്രട്ടറി നിയാസ് ഫാറൂഖി, അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് അംഗങ്ങളായ കമാല്‍ ഫാറൂഖി, പ്രൊഫ. അക്തറുല്‍ വാസി എന്നിവരാണ് അമിത് ഷായെ സന്ദര്‍ശിച്ചത്.
രാജ്യത്ത് നിലനില്‍ക്കുന്ന 14 പ്രധാന പ്രശ്‌നങ്ങള്‍ കൂടിക്കാഴ്ചയില്‍ അവതരിപ്പിച്ചതായി നിയാസ് ഫാറൂഖി പറഞ്ഞു. ബംഗാളിലെയും ബിഹാറിലെയും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. സ്ഥിരമായി കാണുന്നതില്‍നിന്ന് വ്യത്യസ്തമായ അമിത് ഷായായിരുന്നു തങ്ങളുടെയടുത്ത് സംസാരിച്ചത്. കാര്യങ്ങളെല്ലാം ഷാ വിശദമായി കേട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ പ്രസംഗ വേദിയിലെ അമിത് ഷായെ അല്ല ഞങ്ങള്‍ കണ്ടത്. അദ്ദേഹം പോസിറ്റീവായി പ്രതികരിച്ചു, ഞങ്ങളെ വിശദമായി കേട്ടു, നിഷേധാത്മക സമീപനമായിരുന്നില്ല-ഫാറൂഖി പറഞ്ഞു.
ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളിലുള്ള പ്രശ്‌നങ്ങളും ഉന്നയിച്ചു. എന്നാല്‍ രാജ്യത്ത് പലതരം ആളുകളുണ്ടെന്നും, എല്ലാവരെയും ഒരേ രീതിയില്‍ കാണരുതെന്നുമായിരുന്നു ഷാ നല്‍കിയ മറുപടി. സര്‍ക്കാരിന് ഇക്കാര്യത്തില്‍ യാതൊരു പങ്കില്ലെന്നും മന്ത്രി വ്യക്തമാക്കിയതായും ഫാറൂഖി പറഞ്ഞു. ഇത്തരം വിദ്വേഷ പ്രസംഗങ്ങളില്‍ താങ്കളെ പോലുള്ളവര്‍ മൗനം പാലിക്കുന്നതില്‍ മുസ്‌ലിംകള്‍ക്കിടയില്‍ നിരാശയുള്ളതായി അമിത് ഷായെ അറിയിച്ചപ്പോള്‍ അക്കാര്യം പരിശോധിക്കാമെന്നാണ് അദ്ദേഹം മറുപടി നല്‍കിയതെന്നും ഫാറൂഖി കൂട്ടിച്ചേര്‍ത്തു.
ബിഹാറില്‍ മദ്രസ കത്തിച്ചത്, പശു സംരക്ഷണത്തിന്റെ പേരില്‍ നടത്തുന്ന കൊലപാതകങ്ങള്‍, ഏക സിവില്‍ കോഡ്, സ്വവര്‍ഗ വിവാഹം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.

 

Latest News