Sorry, you need to enable JavaScript to visit this website.

ലോകം ആണവയുദ്ധ ഭീഷണിയിലെന്ന് ട്രംപ്

വാഷിംഗ്ടണ്‍- യു.എസ് പ്രസിഡന്റ് ജോ ബൈഡനുകീഴില്‍ ലോകം മൂന്നാം ആണവ മഹായുദ്ധം നേരിടാന്‍ സാധ്യതയുണ്ടെന്ന് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. നിലവിലെ സര്‍ക്കാര്‍ രാജ്യത്തെ തകര്‍ക്കുകയാണെന്നും ട്രംപ് മുന്നറിയിപ്പു നല്‍കി. രതി താരത്തിന്  പണം നല്‍കിയ കേസില്‍ അറസ്റ്റിലായി പുറത്തിറങ്ങിയശേഷം ഫ്‌ളോറിഡയിലെ മാര്‍ലാഗോയിലെ വസതിയില്‍ മാധ്യമങ്ങളെയും അനുയായികളെയും അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ട്രംപ്.
അണ്വായുധം പ്രയോഗിക്കുമെന്ന് പരസ്യമായാണ് പല രാജ്യങ്ങളും ഭീഷണി ഉയര്‍ത്തുന്നത്. എന്റെ ഭരണകാലത്ത് പല രാജ്യങ്ങളും ഇത്തരം കാര്യങ്ങള്‍ സംസാരിക്കുകപോലുമില്ലായിരുന്നു. ബൈഡന്‍ ഭരണകൂടത്തിനുകീഴില്‍ ഇങ്ങനെ പോയാല്‍ മൂന്നാം ലോക മഹായുദ്ധം ഉണ്ടാകും. അത് അണ്വായുധ യുദ്ധമായിരിക്കും. വിശ്വസിച്ചാലും ഇല്ലെങ്കിലും ആ സാഹചര്യത്തില്‍നിന്ന് വളരെ അകലെയല്ല നാമിപ്പോള്‍.
ജോ ബൈഡനു കീഴില്‍ യു.എസ് തകര്‍ന്നു. സാമ്പത്തികരംഗം തകര്‍ന്നു. വിലക്കയറ്റം നിയന്ത്രണാതീതമായി. റഷ്യയും ചൈനയും യോജിച്ചു പ്രവര്‍ത്തിക്കുന്നു. നിങ്ങള്‍ക്കത് വിശ്വസിക്കാന്‍ പറ്റുന്നുണ്ടോ. ശല്യമുണ്ടാക്കുന്ന വിനാശകരമായ സഖ്യമാണ് ചൈനയും റഷ്യയും ഇറാനും ഉത്തര കൊറിയയും ചേര്‍ന്ന് ഉണ്ടാക്കിയിരിക്കുന്നത്. ഞാനായിരുന്നു നിങ്ങളുടെ പ്രസിഡന്റ് എങ്കില്‍ ഇതൊരിക്കലും സംഭവിക്കില്ലായിരുന്നു.
ബൈഡന്‍ രാജ്യത്തെ നശിപ്പിക്കുകയാണ്. യു.എസിന്റെ ചരിത്രത്തിലെ ഏറ്റവും മോശം അഞ്ച് പ്രസിഡന്റുമാരുടെ ഭരണകാലം ഒരുമിച്ചു കണക്കുകൂട്ടിയാല്‍പ്പോലും ജോ ബൈഡനും അദ്ദേഹത്തിന്റെ ഭരണകൂടവും നശിപ്പിച്ചതിന്റെ അത്രയും ഉണ്ടാകില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി.

 

Latest News